ഒറീസയിലെ ആക്രമണങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാനെന്നു കണ്ടെത്തല്‍

ഈസ്റ്റര്‍ ദിനത്തില്‍ ഒറീസയിലെ സുന്ദര്‍ഗ്രാമിലെ ദേവാലയത്തില്‍ പരി. കന്യാമറിയത്തിന്‍റെ തിരുസ്വരൂപം തകര്‍ത്തതും ശിവക്ഷേത്രത്തിലെ കാള പ്രതിമയുടെ തല ഛേദിച്ചതും മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നു പ്രാദേശിക തലത്തില്‍ പൗരസമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ക്രൈസ്തവരെയും ഹിന്ദുക്കളെയും തമ്മില്‍ ഭിന്നിപ്പിക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും ലക്ഷ്യമിട്ട് നടത്തിയ പദ്ധതിയായിരുന്നു അതിക്രമങ്ങളെന്ന് അഞ്ചംഗ അന്വേഷണ സംഘം നടത്തിയ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു. "അതിക്രമങ്ങള്‍ ആസൂത്രിതവും പ്രത്യേക ലക്ഷ്യത്തോടെ നടപ്പിലാക്കിയതുമാണ്. ക്രൈസ്തവര്‍ക്കും മറ്റു മതസ്ഥര്‍ക്കുമിടയില്‍ ഭീതിയും സമ്മര്‍ദ്ദങ്ങളും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം"- സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു തെളിവെടുപ്പുകള്‍ നടത്തിയ പൗരസമിതി നേതാക്കള്‍ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഭുവനേശ്വറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ പുറത്തുവിട്ടു.

സുന്ദര്‍ഗ്രാമിലെ സെന്‍റ് തോമസ് ദേവാലയത്തിനു പുറത്തുള്ള മാതാവിന്‍റെ ഗ്രോട്ടോ തകര്‍ത്താണ് തിരുസ്വരൂപം നശിപ്പിച്ചത്. ഗ്യാന്‍വലി ഗ്രാമത്തിലെ മരിയന്‍ ഗ്രോട്ടോയും തകര്‍ക്കപ്പെട്ടു. റൂര്‍ക്കല രൂപതയില്‍ ഉള്‍പ്പെട്ട ബിഹാബന്ദിലെ പള്ളിക്കു നേരെയും അതിക്രമ ശ്രമമുണ്ടായി. ഇതിനിടയിലാണ് ശിവക്ഷേത്രത്തിലും സാമൂഹ്യവിരുദ്ധരുടെ അക്രമണം അരങ്ങേറിയത്. അതിക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ നേരത്തേ സിബിസിഐ സംഘം സന്ദര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org