ഒറീസയില്‍ ദേവാലയങ്ങളിലും ക്ഷേത്രത്തിലും നടന്ന ആക്രമണങ്ങള്‍ ആസൂത്രിതം

ഒറീസയില്‍ ദേവാലയങ്ങളിലും ക്ഷേത്രത്തിലും നടന്ന ആക്രമണങ്ങള്‍ ആസൂത്രിതം

ഈസ്റ്റര്‍ ദിനത്തില്‍ ഒറീസയിലെ സുന്ദര്‍ഗ്രാമിലെ ദേവാലയത്തില്‍ പരി. കന്യാമറിയത്തിന്‍റെ തിരുസ്വരൂപം തകര്‍ത്തതും സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിച്ചുകൊണ്ട് ശിവക്ഷേത്രത്തിലെ കാള പ്രതിമയുടെ തല ഛേദിച്ചതും മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്നു വിലയിരുത്തപ്പെടുന്നു. സുന്ദര്‍ഗ്രാമിലെ സെന്‍റ് തോമസ് ദേവാലയത്തിനു പുറത്തുള്ള മാതാവിന്‍റെ ഗ്രോട്ടോ തകര്‍ത്താണ് തിരുസ്വരൂപം നശിപ്പിച്ചത്. ഗ്യാന്‍വലി ഗ്രാമത്തിലെ മരിയന്‍ ഗ്രോട്ടോയും തകര്‍ക്കപ്പെട്ടു. റൂര്‍ക്കല രൂപതയില്‍ ഉള്‍പ്പെട്ട ബിഹാബന്ദിലെ പള്ളിക്കു നേരെയും അതിക്രമ ശ്രമമുണ്ടായി. ഇതിനിടയിലാണ് ശിവക്ഷേത്രത്തിലും സാമൂഹ്യവിരുദ്ധരുടെ ആക്രമണം അരങ്ങേറിയത്.

അതിക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സിബിസിഐ സംഘം സന്ദര്‍ശിച്ചു. സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്ക്രിനാസ്, കട്ടക്ക് – ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ, റൂര്‍ക്കല മെത്രാനും ഒറീസ മെത്രാന്‍സമിതി റീജിയണല്‍ ചെയര്‍മാനുമായ ബിഷപ് കിഷോര്‍ കുമാര്‍ കുജൂര്‍, റാഞ്ചി അതിരൂപത സഹായ മെത്രാന്‍ ബിഷപ് ടെലസ് ഫോര്‍ ബിലുംഗ്, റൂര്‍ക്കല മുന്‍ മെത്രാന്‍ ബിഷപ് അല്‍ഫോന്‍സ് ബിലുംഗ് എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

എന്നാല്‍ ഏതെങ്കിലും വര്‍ഗീയ വിഭാഗങ്ങളോ ഹിന്ദുത്വ ഗ്രൂപ്പുകളോ അതിക്രമത്തിനു പിന്നില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സഭ ആരോപിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഉദാസീനതയും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നതിലുള്ള അലംഭാവവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതേസമയം സുരക്ഷാ വിഭാഗത്തിന്‍റെ വിലയിരുത്തലില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതകളും അസമാധാനവും പരത്താനുള്ള ആസൂത്രിത നീക്കമാണെന്നാണ് നിഗമനം. അതിക്രമങ്ങള്‍ നടന്ന ഗ്രാമങ്ങളില്‍ ജനങ്ങള്‍ പരസ്പരം സൗഹാര്‍ദ്ദത്തിലും സ്നേഹത്തിലും കഴിയുന്നവരാണെന്ന് സിബിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. സാമൂഹിക വിരുദ്ധര്‍ രണ്ടു സമുദായങ്ങളുടെ പരിശുദ്ധമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് വര്‍ഗീയ ഭിന്നതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി കരുതണമെന്ന് സിബിസിഐ ആരോപിച്ചു.

അതിക്രമങ്ങളെ അപലപിച്ച മെത്രാന്മാര്‍ വിധ്വംസക ശക്തികളുടെ ഉപജാപങ്ങളില്‍ പെടരുതെന്ന് തദ്ദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. അക്രമം നടന്ന ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ മെത്രാന്മാര്‍ ക്ഷേത്രഭാരവാഹികളുമായി ചര്‍ച്ച നടത്തുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org