ഒറീസയിലെ ദളിത് ശാക്തീകരണത്തെക്കുറിച്ച് സംവാദം

ഒറീസയിലെ ദളിത് കത്തോലിക്കര്‍ നേരിടുന്ന വൈവിധ്യമാര്‍ന്ന പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനും ദളിത് സമൂഹത്തിന്‍റെ ശാക്തീകരണം സാധ്യമാക്കുന്നതിനും ഉപകാരപ്രദമായ തരത്തില്‍ സംസ്ഥാനതല സെമിനാര്‍ ഭുവനേശ്വറില്‍ സംഘടിപ്പിക്കപ്പെട്ടു. ഒറീസയില്‍ ന്യൂനപക്ഷമായ ദളിത് ക്രൈസ്തവര്‍ ജാതിചിന്തയിലൂടെ സമൂഹത്തിലും സഭയിലും നിന്നു പിന്തള്ളപ്പെടുകയാണെന്നും പരിതാപകരമായ ഈ സാഹചര്യ ത്തില്‍ ദളിതര്‍ക്ക് അവരുടെ വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ ലഭ്യമാക്കുന്നതിന് ശ്രമിക്കേണ്ടതുണ്ടെന്നും സെമിനാറില്‍ പ്രസംഗിച്ച കട്ടക്ക് – ഭുവനേശ്വര്‍ അതിരൂപത ന്യൂനപക്ഷ കമ്മീഷന്‍ സെക്രട്ടറി ഫാ. മനോജ്കുമാര്‍ നായക് പറഞ്ഞു. എല്ലാ രംഗങ്ങളിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. വിവിധ രംഗങ്ങളില്‍ അവഗണന നേരിടുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് ദളിതരുടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു.

ദളിത് വിഭാഗക്കാരായ ഇതര മതസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ക്രൈസ്തവരായ ദളിതര്‍ക്കു നിഷേധിക്കുന്നതിന്‍റെയും അവര്‍ക്കു നേരെയുള്ള വിവേചനത്തിന്‍റെയും പശ്ചാത്തലം ഈശോ സഭയുടെ ആന്ധ്രയിലെ മുന്‍ പ്രൊവിന്‍ഷ്യലും ദളിത് ക്രൈസ്തവ നേതാവുമായ ഫാ. ബോസ്കോ വിശദീകരിച്ചു. സഭയിലും സമൂഹത്തിലും ദളിത് ക്രൈസ്തവര്‍ നേരിടുന്ന അവഗണനകള്‍ തുടര്‍ക്കഥകളാകുകയാണെന്നു തമിഴ്നാട്ടിലെ ദളിത് ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്മെന്‍റ് നേതാവ് ഫാ. സേവ്യര്‍ സൂചിപ്പിച്ചു. ഒറീസ സോഷ്യല്‍ ആക്ഷന്‍ ഫോറവും ദേശീയ ദളിത് ക്രിസ്ത്യന്‍ ജാഗ്രത സമിതിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ ഫാ. വിന്‍സന്‍റ് മനോഹരന്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം സിസ്റ്റര്‍ സ്നേഹ ജില്‍, ഫാ. അജയകുമാര്‍ സിംഗ് എന്നിവരും പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org