ഒറീസയിലെ പ്രഥമ തദ്ദേശീയ വൈദികന്‍റെ ജന്മശതാബ്ദി

ഒറീസയിലെ പ്രഥമ തദ്ദേശീയ വൈദികനായ ഫാ. പാസ്ക്കല്‍ സിംഗിന്‍റെ ജന്മശതാബ്ദിയാഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനത്തില്‍ മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും സംബന്ധിച്ചു. ഫാ. പാസ്ക്കലിന്‍റെ ജന്മനാടായ കന്ദമാല്‍ ജില്ലയിലെ അലന്‍ജുറിയിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.

1945 ഡിസംബര്‍ 31 നാണ് ഫാ. പാസ്ക്കല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. കന്ദമാലിന്‍റെ മാതൃ ഇടവക എന്നറിയപ്പെടുന്ന പുരാതന ഇടവകയായ കാട്ടിന്‍ജിയയിലായിരുന്നു അഭിഷേകം. ഫാ. പാസ്ക്കലിനു പിന്നാലെ അദ്ദേഹത്തിന്‍റെ ഇളയ സഹോദരന്‍ ഫാ. സിപ്രിയന്‍ സിഗും നാലു വര്‍ഷത്തിനു ശേഷം വൈദികപട്ടം സ്വീകരിക്കുകയുണ്ടായി. ഒറീസയിലെ രണ്ടാമത്തെ തദ്ദേശീയ കത്തോലിക്കാ വൈദികനാണ് അദ്ദേഹം.

സാമൂഹിക പരിഷ്ക്കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു ഫാ. പാസ്ക്കല്‍. വിദ്യാഭ്യാസത്തിലൂടെ പുരോഗതി കൈവരുമെന്നു വിശ്വസിച്ച് അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിച്ച വ്യക്തിയായിരുന്നു ഫാ. പാസ്ക്കലെന്ന് റായ്ഗഡ മെത്രാന്‍ ഡോ. ആപ്ലിന്‍ സേനാപതി അനുസ്മരിച്ചു. തന്‍റെ സഹോദരനൊപ്പം ഒറീസയിലെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അന്നത്തെ കട്ടക്ക് രൂപതയിലെ പിന്നോക്കക്കാരും ദരിദ്രരുമായവരുടെ ഉന്നമനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഊന്നല്‍. അനുസ്മരണ സമ്മേളനത്തില്‍ സാംബല്‍പൂര്‍ മെത്രാന്‍ ഡോ. നിരഞ്ജന്‍ സുപാല്‍സിംഗ്, ബെരാംപൂര്‍ മെത്രാന്‍ ഡോ. ശരച്ചന്ദ്ര നായക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org