കൂരിയാ പരിഷ്കരണം വൈകാതെ ലക്ഷ്യത്തിലെത്തുമെന്നു കാര്‍ഡിനല്‍ ഗ്രേഷ്യസ്

കൂരിയാ പരിഷ്കരണം വൈകാതെ ലക്ഷ്യത്തിലെത്തുമെന്നു കാര്‍ഡിനല്‍ ഗ്രേഷ്യസ്

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതിനു ശേഷം അദ്ദേഹമാരംഭിച്ച കൂരിയാ പരിഷ്കരണ നടപടികള്‍ വൈകാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് മുംബൈ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. കൂരിയാ പരിഷ്കരണം സംബന്ധിച്ച ആലോചനകള്‍ക്കായി മാര്‍പാപ്പ രൂപം കൊടുത്ത ഒമ്പതംഗ കാര്‍ഡിനല്‍ സമിതിയിലെ ഏഷ്യയില്‍ നിന്നുള്ള അംഗമാണ് കാര്‍ഡിനല്‍ ഗ്രേഷ്യസ്. ഈ കാര്‍ഡിനല്‍മാര്‍ കൃത്യമായ ഇടവേളകളില്‍ മാര്‍പാപ്പയ്ക്കൊപ്പം റോമില്‍ ആലോചനകള്‍ക്കായി യോഗം ചേര്‍ന്നു വരുന്നുണ്ട്. ഇത്തരം രണ്ടോ മൂന്നോ യോഗങ്ങള്‍കൊണ്ട് ഈ കൂടിയാലോചനകള്‍ തീരുമെന്നും അടുത്ത ജൂണ്‍ മാസത്തോടെ തുരങ്കത്തിന്‍റെ അവസാനത്തില്‍ എത്തിച്ചേര്‍ന്നേക്കുമെന്നും കാര്‍ഡിനല്‍ ഒരു അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

എല്ലാം കീഴ്മേല്‍ മറിക്കുന്ന മാറ്റങ്ങളൊന്നുമല്ല സഭ ഉദ്ദേശിക്കുന്നതെന്നും സാവധാനത്തിലുള്ള ഒരു മാറ്റമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനോഭാവത്തിലും സമീപനങ്ങളിലും ഉള്ള മാറ്റമാണു പ്രധാനം. ചില വകുപ്പുകളില്‍ ചെറിയ പുനഃസംഘടനകള്‍ നടത്തുന്നുണ്ട്. ഇന്നത്തെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ അവയെ മാറ്റുക എന്നതാണ് അതിന്‍റെ ലക്ഷ്യം – സി 9 എന്നറിയപ്പെടുന്ന കാര്‍ഡിനല്‍ സമിതിയുടെ പേരില്‍ കാര്‍ഡിനല്‍ ഗ്രേഷ്യസ് വിശദീകരിച്ചു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദര്‍ശനങ്ങള്‍ നടപ്പാക്കുക എന്നതാണ് സി 9 ന്‍റെ പ്രധാനദൗത്യമെന്ന് കാര്‍ഡിനല്‍ ഗ്രേഷ്യസ് വ്യക്തമാക്കി. അല്മായരുടേയും സ്ത്രീകളുടേയും പങ്കു വര്‍ദ്ധിപ്പിക്കുക എന്നത് അതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. സഭയുടെ ഘടനകളില്‍ സംഘാതാത്മകതയും സിനഡാലിറ്റിയും വര്‍ദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. കാര്‍ഡിനല്‍മാരുടെ ഈ ഉപദേശകസംഘത്തെ കൊണ്ട് എന്തു ചെയ്യിക്കണമെന്ന കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നല്ല വ്യക്തത ഉണ്ടായിരുന്നു. സന്ദേഹിയല്ലാത്ത ഒരു നല്ല നേതാവാണ് അദ്ദേഹം. വ്യക്തമായ ദര്‍ശനം ഉള്ളയാള്‍. ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിഷ്കരണങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ചു തനിക്കും സംശയങ്ങളുണ്ടായിരുന്നു. ആലോചനായോഗങ്ങളുടെ പല ഫലങ്ങളും പ്രകടമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂരിയാ അംഗങ്ങളോടു ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസംഗത്തോടെ കാര്യങ്ങള്‍ വ്യക്തമായി. വത്തിക്കാന്‍ ഭരണസംവിധാനങ്ങള്‍ മാറ്റുക എന്നതല്ല, മനോഭാവം മാറ്റുക എന്നതാണു പ്രധാനം – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org