ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളുടെ നിര്‍ബന്ധിതമതംമാറ്റത്തിനെതിരെ പാക് ആര്‍ച്ചുബിഷപ്

ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളുടെ നിര്‍ബന്ധിതമതംമാറ്റത്തിനെതിരെ പാക് ആര്‍ച്ചുബിഷപ്

ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയശേഷം ഇസ്ലാം മതം സ്വീകരിക്കാനും തട്ടിക്കൊണ്ടുപോയവരെ വിവാഹം ചെയ്യാനും നിര്‍ബന്ധിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പാക്കിസ്ഥാനിലെ ലാഹോര്‍ ആര്‍ച്ചുബിഷപ് സെബാസ്റ്റ്യന്‍ ഷാ കുറ്റപ്പെടുത്തി. 14, 15 വയസ്സുള്ള കുട്ടികളെയാണ് ഇപ്രകാരം തട്ടിക്കൊണ്ടു പോകുന്നതെന്നും ഭാര്യമാരുള്ള പുരുഷന്മാരെയാണ് ഇവരെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കുന്നതെന്നും ആര്‍ച്ചുബിഷപ് ഒരു വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 700 പെണ്‍കുട്ടികളെ ഇപ്രകാരം തട്ടിയെടുത്തതായാണു കണക്ക്. ഈ സംഭവങ്ങളെക്കുറിച്ച് പോലീസിനെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്നു ആര്‍ച്ചുബിഷപ് പറഞ്ഞു. തുടര്‍ന്ന് ഭരണാധികാരികളോടു പരാതിപ്പെട്ടു. അവര്‍ അനുഭാവപൂര്‍വം പരാതികള്‍ കേട്ടിട്ടുണ്ട്. ഇസ്ലാമിക്, ഹിന്ദു, ക്രിസ്ത്യന്‍ നേതാക്കളുമൊത്തുള്ള ഒരു സംയുക്ത യോഗം അവര്‍ വിളിച്ചു ചേര്‍ത്തു. തട്ടിക്കൊണ്ടുപോകലും നിര്‍ബന്ധിതമതംമാറ്റവും ഇസ്ലാമില്‍ അനുവദനീയമല്ലെന്ന് യോഗത്തില്‍ മുസ്ലീം പണ്ഡിതന്‍മാര്‍ വ്യക്തമാക്കി. പക്ഷേ തട്ടിക്കൊണ്ടുപോകല്‍ ഒരു ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കാന്‍ പോലീസ് തയ്യാറാകുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമാണു വേണ്ടതെന്ന് ആര്‍ച്ചുബിഷപ് ഷാ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പാക് ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാസഭയുടേതുള്‍പ്പെടെയുള്ള നേതാക്കള്‍ രണ്ടു മാസം മുമ്പു ഒരു സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 16-ല്‍ നിന്നു 18 ആയി ഉയര്‍ത്തണമെന്നും ന്യൂനപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ മതതീവ്രവാദം വര്‍ദ്ധിക്കുന്നതായി അമേരിക്കയുടെ മതസ്വാതന്ത്ര്യകമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍, കഴിഞ്ഞ വര്‍ഷം അധികാരമേറ്റ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് ഷാ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org