ആശയാരാധന

Published on

"ബുദ്ധി ദൈവത്തെ ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ ധാരണകള്‍ ഒന്നിനും അത് കഴിയാത്തതായി ഭവിക്കുന്നു. ദൈവഹിതത്തില്‍നിന്നുള്ള നടപടി പരിഗണിക്കുമ്പോള്‍ അറിവ് അജ്ഞതയായി മാറുന്നു. ദൈവത്തിന്റെ വിശേഷണ ങ്ങള്‍ പൊക്കിപ്പറയാന്‍ നാവു ശ്രമിക്കുമ്പോള്‍ എല്ലാ പറച്ചിലും ക്ഷീണിച്ച് കഴിവില്ലാത്തതായി മാറുന്നു." മദ്ധ്യശതകങ്ങളിലെ യഹൂദചിന്തകനായിരുന്ന മോസസ് മൈ മൊനിഡസിന്റെ (1138-1204) വാക്കുകളാണിവ. വാക്കുകള്‍ വിഗ്രഹങ്ങളായി മാറുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ദൈവത്തെക്കുറിച്ചു പറയുന്ന പദങ്ങളും ഉപമകളും രൂപകങ്ങളും വിഗ്രഹങ്ങള്‍ പോലെയും ചിത്രങ്ങള്‍ പോലെയുമാകും. "ദൈവത്തിന്റെ കൈ എന്നെ താങ്ങുന്നു" എന്നു പറയുന്നതും ദൈവത്തിന്റെ കൈ വരയ്ക്കുന്നതും തമ്മില്‍ വലിയ അന്തരമില്ല. വിഗ്രഹങ്ങളും ചിത്രങ്ങളും ദൈവത്തിന്റെ രൂപങ്ങളോ ചിത്രങ്ങളോ അല്ല. അവ ചൂണ്ടുക മാത്രം ചെയ്യുന്നു. ചൂണ്ടുന്നത് ആകാശത്തിലേക്കും വിദൂരതയിലേക്കുമാണ്. ചൂണ്ടുന്നത് അതിലേയ്ക്കുതന്നെയാകുമ്പോള്‍ പൊള്ളയും ചത്തതുമായ കല്ലിലേക്കായി അതു മാറും. രൂപവും ചിത്രവുംപോലെ വാക്കുകള്‍ ചൂണ്ടുന്നു.
ഒരാളുടെ ചിത്രം അയാളുടെ പ്രേതമാണ്, നിഴലാണ്. അതില്‍ ഒന്നുമില്ല. ചിത്രം അയാളുടെ പകരമല്ല. അയാളെ ഉള്‍ക്കൊള്ളുന്ന ഒന്നുമല്ല. ചിത്രം അയാളുടെ അസാന്നിദ്ധ്യത്തിന്റെ അടയാളമാണ്. അതു ചത്തതുമാണ്. കാരണം, ചിത്രം യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കി നിഴലാക്കുന്നു. ഈ പ്രേതങ്ങള്‍ക്കു സ്തുതിയും പുകഴ്ചയും പറയുന്ന വിഗ്രഹാരാധന ഭാഷയിലും സംഭവിക്കാം. ബ്രിട്ടീഷ് സാഹിത്യകാരനായ ഗ്രഹാം ഗ്രീന്‍ വിശ്വാസത്തിന്റെ വിഗ്രഹവത്കരണത്തെ സൂചിപ്പിച്ചുകൊണ്ട് എഴുതി: "അവര്‍ ദൈവത്തെ കണ്ടെത്തിക്കഴിഞ്ഞു എന്നതുകൊണ്ട്, ദൈവത്തെ അന്വേഷിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. ഉനാമൂനോ എഴുതിയത് ഇതു മനസ്സിലാക്കിക്കൊണ്ടായിരിക്കും. "ഹൃദയത്തില്‍ വികാരമില്ലാതെ, മനസ്സില്‍ ആശങ്കകളില്ലാതെ സംശയമോ സന്ദേഹമോ ഇല്ലാതെ ആശ്വാസങ്ങളില്‍പ്പോലും നിരാശയുടെ ഒരംശം പോലുമില്ലാതെ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ വിശ്വസിക്കുന്നതു ദൈവത്തിലല്ല, ദൈവത്തെക്കുറിച്ചുള്ള ആശയത്തിലാണ്." ഗ്രഹാം ഗ്രീന്‍ തുടര്‍ന്നു: "പരമ്പരാ ഗതമായ ദൈവാസ്തിത്വ തെളിവുകളെല്ലാം ദൈവം എന്ന ആശയത്തെക്കുറിച്ചാണു പറയുന്നത്. അവര്‍ തെളിയിക്കുന്നതും ദൈവം എന്ന ആശയത്തിന്റെ അസ്തിത്വം മാത്രമാണ്."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org