|^| Home -> Pangthi -> ഉള്ളിലുള്ളത് -> എഴുതാതെ പോയ ഒരു ജീവിതകഥ

എഴുതാതെ പോയ ഒരു ജീവിതകഥ

മാണി പയസ്

ഏതാനും ആഴ്ചകള്‍ക്കുമുമ്പു കാണുമ്പോള്‍ ഊര്‍ജ്ജസ്വലനായി ഏറെ സംസാരിച്ച ഒരാള്‍ “വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ദിവംഗതനായി” എന്ന വാര്‍ത്ത വായിച്ചാല്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ!? ഏപ്രില്‍ ആദ്യവാരം എന്‍റെ മകളുടെ മനഃസമ്മതത്തിനു ക്ഷണിക്കാന്‍ ഞാന്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിനെ ഇരിങ്ങാലക്കുടയില്‍ പോയി കണ്ടിരുന്നു. ചിരിയുടെ മുഖാവരണങ്ങള്‍ ഒന്നു മില്ലാതെ അദ്ദേഹം പറഞ്ഞു, “മനഃസമ്മത ചടങ്ങിനു പോകരുതെന്നാണു ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം ചടങ്ങുകളുടെ ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കണം.” ഭരണത്തിലിരിക്കുന്ന ബിഷപ്പുമാര്‍ മനഃസമ്മത ചടങ്ങിനു പോകുന്നത് ഒഴിവാക്കിയതായി പറയുന്നുണ്ടെങ്കിലും റിട്ടയര്‍ ചെയ്ത ബിഷപ്പായതിനാല്‍ മാര്‍ പഴയാറ്റില്‍ വരുമെന്നാണു കരുതിയത്. നിരാശ തോന്നിയെങ്കിലും മാര്‍ പഴയാറ്റിലിനോടു നീരസം തോന്നിയില്ല. അതിന്‍റെ പ്രധാന കാരണം അദ്ദേഹം ‘അകത്ത് ഈയ്യം വച്ചു പുറത്തു സ്വര്‍ണം പൂശിയ’ രീതിയില്‍ പെരുമാറുന്ന തന്ത്രശാലിയല്ല എന്നതാണ്. ഉള്ളതു പറയുന്ന പച്ചയായ ഗ്രാമീണന്‍.
ആദ്യമായി ഞാന്‍ മാര്‍ പഴയാറ്റിലിനോടു ദീര്‍ഘമായി സംസാരിക്കുന്നതു പത്തു വര്‍ഷം മുമ്പു ഞാനെഴുതി പ്രസിദ്ധീകരിച്ച ‘ഹൃദയഭാവങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങില്‍ ആദ്ധ്യക്ഷ്യം വഹിക്കണമെന്ന് ആവശ്യപ്പെട്ടു ക്ഷണിക്കാന്‍ ചെന്നപ്പോഴാണ്.
അന്തരിച്ച ബിഷപ് മാര്‍ ജോ സഫ് കുണ്ടുകുളത്തിന്‍റെ ജീവചരിത്രം ഞാന്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞു, മാര്‍ പഴയാറ്റിലിന്‍റെ ജീവചരിത്രം എഴുതുന്നതു നന്നായിരിക്കുമെന്ന്. കുറച്ചുകാലം ഞാനാക്കാര്യം ഗൗരവത്തില്‍ എടുത്തില്ല. പിന്നീടു മാര്‍ പഴയാറ്റിലിനെ കണ്ടു സംസാരിച്ചു. അദ്ദേഹത്തിനും താത്പര്യമായി. പിന്നീടു രണ്ടുതവണ ദീര്‍ഘമായി സംസാരിച്ചെങ്കിലും ആ പ്രോജക്ട് മുന്നോട്ടു പോയില്ല. അദ്ദേഹത്തിന്‍റെ തിരക്കും എനിക്കു മറ്റു രചനാസംരംഭങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നതും പുസ്തകവില്പനയുടെ രീതിശാസ്ത്രം ഉരുത്തിരിഞ്ഞു വരാഞ്ഞതും കാരണമായി.
പിന്നീടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ചാലക്കുടിപ്പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപ്പോയി. അതിനിടയില്‍ കേട്ടു, ദീപികയില്‍ മുമ്പ് എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ജോണ്‍സണ്‍ മാര്‍ പഴയാറ്റിലിന്‍റെ ജീവചരിത്ര രചനാസംരംഭം ഏറ്റെടുത്തുവെന്ന്. നിര്‍ഭാഗ്യവശാല്‍ ഏതാനും വര്‍ഷംമുമ്പു ജോണ്‍സണ്‍ രോഗ ബാധിതനായി മരിച്ചു. അതോടെ ജീവചരിത്രരചന നിലച്ചു.
അപ്പോഴൊക്കെ എന്നെ അലട്ടിയിരുന്ന ഒരു ചിന്ത, നാടകീയ സംഭവവികാസങ്ങളില്ലാത്ത ഒരാളുടെ ജീവിതകഥ എങ്ങനെ എഴുതി ഫലിപ്പിക്കുമെന്നതായിരുന്നു. മാര്‍ പഴയാറ്റില്‍ ഒരു ‘ഫ്ളാറ്റ് ക്യാരക്ടറാ’യിരുന്നു, ‘റൗണ്ട് ക്യാരക്ടറു’കളാണു രചനയെ മികവുറ്റതാക്കുക.
കഴിഞ്ഞ വര്‍ഷം (2015) ഒടുവില്‍ എനിക്കു മാര്‍ പഴയാറ്റിലിനെ വീണ്ടും മുഖാമുഖം കാണേണ്ടി വന്നു. ഞാന്‍ എഡിറ്റ് ചെയ്ത ‘വിശുദ്ധ നാടിന്‍റെ ഹൃദയസ്പന്ദനങ്ങള്‍’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിന്‍റെ ഒരു ലേഖനം ചോദിക്കാനായിരുന്നു. നാലു പ്രാവശ്യം അദ്ദേഹം വിശുദ്ധ നാടു സന്ദര്‍ ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ പറഞ്ഞുതരികയും ഞാനതു ലേഖനരൂപത്തിലാക്കുകയുമായിരുന്നു.
ഈ പുസ്തകം അദ്ദേഹത്തിനു സമ്മാനിക്കാന്‍ ചെന്ന അവസരത്തില്‍ തികച്ചും അവിചാരിതമായി ദീര്‍ഘമായ കുമ്പസാരത്തിനുള്ള അവസരം ഒരുങ്ങി. അതിനുമുമ്പ് എന്‍റെ ജീവിതത്തില്‍ അങ്ങനെയൊരു കുമ്പസാരം ഉ ണ്ടായിട്ടില്ല. മുക്കാല്‍ മണിക്കൂര്‍ നീണ്ടു എന്നാണോര്‍മ. അദ്ദേഹം നിരന്തരം ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തിന്‍റെ സമഗ്രതലങ്ങളെയും സ്പര്‍ശിക്കുന്ന പാപാനുബന്ധ ചോദ്യങ്ങള്‍. ഉവ്വ് അഥവാ ഇല്ല എന്ന മറുപടിയേ അദ്ദേഹത്തിനു വേണ്ടിയിരുന്നുള്ളൂ. ഹൃദയമാകുന്ന തുരങ്കത്തിന്‍റെ കവാങ്ങള്‍ ഒന്നൊന്നായി തുറക്കുന്നതും മലിനജലം പുറത്തേയ്ക്കൊഴുകുന്നതും ഞാന്‍ അനുഭവിച്ചറിഞ്ഞു. വിശ്രമജീവിതത്തിലും അദ്ദേഹം വിശ്രമിക്കുകയായിരുന്നില്ല. കുമ്പസാരത്തിലൂടെ ഒരു ആത്മാവിനെ രക്ഷിച്ചാല്‍ അത്രയും ധന്യനായി എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. അതുപോലുള്ള ആദ്ധ്യാത്മിക കര്‍മങ്ങളില്‍ അദ്ദേഹം നിരന്തരം മുഴുകി.
ആ സന്ദര്‍ഭത്തില്‍ എനിക്കു തോന്നി, അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതാനുള്ള നിയോഗം എനിക്കായിരിക്കുമെന്ന്. ഞാനക്കാര്യം വീണ്ടും സംസാരിച്ചു. രചനയ്ക്ക് ആവശ്യമായ മാറ്റര്‍ ശേഖരിക്കാനുള്ള പദ്ധതി തയ്യാറാക്കി. പിതാവുമായുള്ള അഭിമുഖസംഭാഷണങ്ങള്‍ക്കുള്ള ദിവസങ്ങള്‍ നിശ്ചയിച്ചു. അതനുസരിച്ച് ആദ്യത്തെ സിറ്റിംഗ് നടക്കേണ്ടതിന്‍റെ തലേദിവസം മാര്‍ പഴയാറ്റില്‍ എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞതിന്‍റെ സാരമിതായിരുന്നു, ആ പ്രോജക്ട് നടക്കില്ല.
മറ്റു നിരവധി പ്രോജക്ടുകളുടെ തിരക്കിലായിരുന്നതിനാല്‍ ഖേദത്തേക്കാള്‍ എനിക്ക് ആശ്വാസമാണു തോന്നിയത്. പക്ഷേ, അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത എന്നില്‍ നഷ്ടബോധത്തോടൊപ്പം കുറ്റബോധവും നിറയ്ക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ജീവചരിത്രം പുറത്തുവന്നില്ലല്ലോ, ആ അനാസ്ഥയ്ക്കു ചെറിയ പരിധിവരെ ഞാനും കാരണക്കാരനാണല്ലോ. വൈകാതെ ഒരു ജീവചരിത്രപുസ്തകം പ്രകാശിതമാകുമെന്നു പ്രത്യാശിക്കാം.
ഭരത് പി.ജെ. ആന്‍റണിയെക്കുറിച്ചുളള ഹ്രസ്വമായ ഓര്‍മക്കുറിപ്പ് എം.ടി. വാസുദേവന്‍ നായര്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ജീവിതത്തേക്കാള്‍ വലുതാണു കല എന്നു വിശ്വസിച്ച ഒരാള്‍ ഭൂമിയോടു യാത്ര പറയുന്നു.” മാര്‍ പഴയാറ്റിലിനെക്കുറിച്ചുള്ള ഈ കുറിപ്പ് ഞാന്‍ അവസാനിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത് ഇങ്ങനെയാണ്: “ആര്‍ഭാടത്തേക്കാള്‍ വലുതാണ് ആത്മീയത എന്നു വിശ്വസിച്ച ഒരിടയന്‍ ഭൂമിയില്‍ നിന്നു യാത്രയായി.”

Leave a Comment

*
*