Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> ഏകീകൃത സിവില്‍ നിയമമെന്ന നടക്കാത്ത കാര്യം

ഏകീകൃത സിവില്‍ നിയമമെന്ന നടക്കാത്ത കാര്യം

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

യുപിയില്‍ ഇലക്ഷന്‍ വരുമ്പോഴൊക്കെ സംഘ്പരിവാറിന്‍റെ ഒത്താശയോടെ ബിജെപി കടന്നല്‍ക്കൂട് ഇളക്കി വിടുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഒന്നുകില്‍ ബാബ്റി മസ്ജിദ് സ്ഥാനത്ത് ക്ഷേത്രം പണിയുന്ന കാര്യം അ ല്ലെങ്കില്‍ യൂണിഫോം സിവില്‍ കോഡ്. കടന്നലിന്‍റെ കുത്ത് അല്പം കൊണ്ടാലും കുഴപ്പമില്ല, അധികാരം കിട്ടുമല്ലോ എന്നാണ് അവരുടെ ചിന്ത. ഇതു നടക്കാത്ത കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. യൂണിഫോം സിവില്‍ കോഡ് പാസ്സാക്കുന്നതിനെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കുവാനാണ് കേന്ദ്ര നിയമകമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇലക്ഷന്‍ അജണ്ടയില്‍ കൈവച്ചില്ലെങ്കില്‍ ഹിന്ദുക്കളുടെ വോട്ട് ന ഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിനടിസ്ഥാനം.
എന്താണ് യൂണിഫോം സി വില്‍ കോഡ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44-ലെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ ഒന്നായി ഇങ്ങനെ പറയുന്നുണ്ട്, “ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണം.” പക്ഷേ ആര്‍ട്ടിക്കിള്‍ 37-ല്‍ നിര്‍ദ്ദേശക തത്ത്വങ്ങള്‍ ഒരു കോടതിക്കും നിര്‍ബന്ധമാക്കാന്‍ പറ്റില്ല എന്നും എഴുതിവച്ചിട്ടുണ്ട്. അതിനാല്‍ ഇങ്ങനെയൊരു കാര്യം ഉള്ളില്‍ വച്ച് സര്‍ക്കാരിന് നാടു ഭരിക്കാം എന്നു മാത്രമേയുള്ളൂ.
ഇന്ത്യ മാഹാരാജ്യത്തിന്‍റെ ശ്രേഷ്ഠത തന്നെ അതിന്‍റെ ബഹുസ്വരതയിലാണ്. ഇവിടെയുള്ള ജാതികളെയോ മതങ്ങളെയോ തത്ത്വ സംഹിതകളെയോ ഭാഷകളെയോ ആചാരരീതികളെയോ ഒരു മിപ്പിക്കുക എന്നത് ഒരു ഉട്ടോപ്യന്‍ ആശയമാണ്. അതു മാത്രമല്ല ബഹുസ്വരതയുടെ മനോഹാരിത വ്യത്യസ്തതകളിലാണ്. വ്യത്യ സ്തതകളെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്രയും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടും ആചാരങ്ങളോടും കൂടി ജീവിച്ചിട്ടും ഇന്ത്യക്കാരുടെ സഹവര്‍ത്തിത്വത്തെ ലോകമെങ്ങും സ്തുതിക്കുകയും ചെയ്യുന്നു.
ഏകീകൃത സിവില്‍ നിയമത്തിനു വേണ്ടി വാദിക്കുന്നവര്‍, നാനാ ജാതി മതസ്ഥര്‍ ഈ നിയമം വരു ന്നതോടെ ഐക്യത്തോടെ ജീവിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ഇപ്പോഴുള്ള ഐക്യത്തേക്കാള്‍ വലിയൊരു ഐക്യം ഒരു ഏകീകൃത സിവില്‍ നിയമത്തിനും ഇവിടെ കൊണ്ടുവരാന്‍ സാധിക്കുകയില്ല എന്ന ചരിത്രസത്യത്തെ കണ്ടില്ലെന്നു നടിക്കാനാകില്ല. 1937-ല്‍ മുസ്ലീം ലീഗും ബ്രിട്ടീഷ് സര്‍ക്കാരും കൂടി ശരിയത്ത് നിയമം വഴി മുസ്ലീങ്ങളെ വ്യക്തിഗത നിയമത്തിലാക്കുന്നതു വരെ ഹിന്ദു കോഡ് അനുസരിച്ചാണ് ജനങ്ങള്‍ ജീ വിച്ചിരുന്നതെന്ന വാദം സത്യവിരുദ്ധമാണ്. വളരെ ചുരുക്കം മുസ്ലീങ്ങളാണ് ഹിന്ദു കോഡ് ജീവിതത്തില്‍ അതുവരെ അനുവര്‍ത്തിച്ചിട്ടുള്ളൂ. 1920-ലെ കുച്ചി മേമോന്‍ ആക്ടു പ്രകാരവും 1897-ലെ മുഹമ്മദന്‍ പിന്തുടര്‍ച്ചാ ആക്ടു പ്രകാരവും കാര്യങ്ങള്‍ ചെയ്യുവാന്‍ മുസ്ലീങ്ങള്‍ക്ക് അവകാശവും അനുവാദവും ഉണ്ടായിരുന്നു. ബ്രീട്ടീ ഷ് ജഡ്ജിമാര്‍ക്ക് മുസ്ലീം ഫത്ത് വാനിയമത്തെ മറികടന്ന് തീരുമാനമെടുക്കാന്‍ 1817 വരെ കാത്തിരിക്കേണ്ടി വന്നതും ചരിത്രമാണ്.
1937 ശരിയത്ത് നിയമം വന്നപ്പോഴും ബ്രിട്ടീഷുകാര്‍ അത് എല്ലാ മുസ്ലീങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരുന്നില്ല. ആ നിയമത്തിന്‍റെ പുറത്തു നില്‍ക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കു നല്കിയിരുന്നു. എന്നു വച്ചാല്‍ ഇന്ന് സംഘ് പരിവാര്‍ കൊട്ടിഘോഷിക്കുന്ന മാതിരി ഈ നിയമം വഴി സമൂഹത്തില്‍ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പ് ഉണ്ടാക്കിയില്ല. ഓരോ മതത്തിന്‍റെയും ജാതിയുടെയും വര്‍ഗത്തിന്‍റെയും ആചാരരീതികളെ മുഴുവന്‍ ഏകീകൃത നിയമം കൊണ്ട് ഇല്ലാതാക്കി ഇവിടെ ഐക്യം കൊണ്ടുവരാന്‍ സാധിക്കുമെന്നു ചിന്തിക്കുന്നതു ശുദ്ധമൗഢ്യമാണ്. ഹി ന്ദു എന്ന നിര്‍വചനത്തിലുള്ളവരുടെ ഇടയില്‍ പോലും ഓരോ പ്രദേശത്തിനും വര്‍ഗത്തിനും വിവാഹത്തിനും മറ്റും ഓരോരോ രീതികളാണുള്ളത്. കേരളത്തില്‍ പോലും ഹൈന്ദവരുടെ ഇടയില്‍ വിവാഹങ്ങളും മറ്റ് ആചാരങ്ങളും ഓരോരോ രീതിയിലാണ്. 1955- ലെ ഹിന്ദു മ്യാരേജ് ആക്ടും ഈ വ്യത്യസ്തതകള്‍ അംഗീകരിക്കു ന്നുണ്ട്. ഉത്തേരന്ത്യയിലുള്ള സപ്തപതി വിവാഹത്തില്‍ പൂജാഗ്നിയുടെ ചുറ്റും ഏഴ് പ്രാവശ്യം വരനും വധുവും ചുറ്റിയാലേ വിവാഹം സാധുവാകുകയുള്ളൂ. മറ്റു ചില രീതികളില്‍ ബന്ധുക്കളുടെ മുമ്പില്‍ വരനും വധുവും അവരുടെ വിവാഹം പ്രഖ്യാപിക്കുകയോ, പരസ്പരം പൂമാല അണിയിക്കുകയോ മോതിരം അണിക്കുകയോ ചെയ്താല്‍ വിവാഹം സാധുവാണ്. ഇത്തരം ഓരോ ആചാരത്തിലും അര്‍ത്ഥമുണ്ട്. ഏകീകൃത സിവില്‍ നിയമം കൊണ്ടുവന്ന് ഇത്തരം ആചാരങ്ങളെയെല്ലാം ഏകോപിപ്പിക്കാന്‍ സാധിക്കുമോ. നാനാത്വത്തെ മാനിക്കുന്ന രാജ്യത്ത് അതു സാധ്യമല്ല. വിവാഹത്തിന്‍റെയും വിവാഹമോചനത്തിന്‍റെയും മറ്റും കാര്യങ്ങളില്‍ 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് 1925-ലെ പിന്തുര്‍ടര്‍ച്ചാ നിയമം തുടങ്ങിയവ ഏകദേശം ഒരു ഏകികൃത നിയമ രീതിയിലാണ്.
ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനുള്ള ഇലക്ഷന്‍സ്റ്റണ്ട് വാര്‍ത്തകേട്ട എം. കരുണാനിധിയുടെ പ്രതികരണം ബിജെപിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏകീകൃത സിവില്‍ നിയമം വഴി ഇന്ത്യയെ ഒന്നിപ്പിക്കാമെന്ന വ്യാമോഹം തികച്ചും തെറ്റാണെന്ന് ആര്‍എസ്എസ്സ് സ്ഥാപകാചാര്യനായിരുന്ന എം.എസ്. ഗോള്‍ വാള്‍ക്കര്‍ പറഞ്ഞിട്ടുണ്ടത്രേ. ‘മദര്‍ ലാന്‍ഡ്’ എന്ന മാഗസിന് നല്കിയ അഭിമുഖത്തില്‍ ഏകീകൃത സിവില്‍ നിയമം പ്രകൃതിക്ക് എതിരാണെന്നും അത് ദൂരവ്യാപകമായ അപകടങ്ങള്‍ വരുത്തിവയ്ക്കുമെന്നും ഗോള്‍വാള്‍ക്കര്‍ സൂചിപ്പിച്ചു. 1998-ലും 1999-ലും ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്ന കാര്യം ബിജെപി ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ വീണ്ടും എടുത്തിട്ടിരിക്കുന്നത് യുപി ഇലക്ഷന്‍ മുമ്പില്‍ കണ്ടുകൊണ്ടു മാത്രമാ ണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഏതെങ്കിലും മതത്തിലോ ജാതിയിലോ പൗരന്‍റെ അവകാശങ്ങളും മറ്റും അധാര്‍മികമായി ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെതിരെ യുദ്ധം നടക്കേണ്ടത് ആമതത്തിനകത്തോ ജാതിക്കകത്തോ ആണ്. ഇനിയുള്ള കാലം അത്തരം ചുവടുമാറ്റങ്ങള്‍ ഉരുത്തിരിഞ്ഞു വരികതന്നെ ചെയ്യും.
ഫുള്‍സ്റ്റോപ്പ്: ഏകീകൃത സിവില്‍ നിയമം എന്നു പറയുവാന്‍ എളുപ്പമാണ്. പക്ഷേ അതിന്‍റെ പുറകിലുള്ള അജണ്ടയില്‍ ഈ രാജ്യത്തെ ബഹുസ്വരതയെ നശിപ്പിക്കാനും, ന്യൂനപക്ഷങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുമാണ് ലക്ഷ്യമെങ്കില്‍ ബിജെപി ആവെള്ളം വാങ്ങിവയ്ക്കുന്നതാണ് നല്ലത്.

Leave a Comment

*
*