ഏറ്റവും നല്ല സ്‌കൂള്‍

കേരളത്തില്‍ സ്‌കൂള്‍ അഡ്മിഷന്‍ നടക്കുന്ന ദിവസങ്ങള്‍. നല്ല സ്‌കൂളുകളില്‍ നീണ്ട ക്യൂ കാണാമായിരുന്നു. ആദ്യ ദിവസംതന്നെ അഡ്മിഷന്‍ കിട്ടാതെ പല നാളുകള്‍ നിന്നവരുണ്ട്. വി.ഐ.പി.കളുടെ റെക്കമന്റേഷന്‍ ഒരു കെട്ടു കരുതിയിട്ടുമുണ്ട്.
അഡ്മിഷന്‍ കഴിഞ്ഞു ദീര്‍ഘശ്വാസം വിട്ടിറങ്ങി വരുന്ന ഒരാളെ കണ്ടു. എന്റെ പരിചയക്കാരന്‍. "എന്താ കിട്ടിയോ?" ഞാന്‍ ചോദിച്ചു.
അയാള്‍ പറഞ്ഞു: "കിട്ടീന്നോന്നാ… എന്റച്ചാ തരപ്പെടുത്തി."
"എന്തിനാ ഇത്ര ബുദ്ധിമുട്ടാന്‍ പോയത്?"
"ഇതല്ലേ, ഏറ്റം നല്ല സ്‌കൂള്‍!"
"ഈ സ്‌കൂളില്‍തന്നെ വേണമെന്നെന്താ നിര്‍ബന്ധം? ആ സ്‌കൂളിലായാല്‍ പോരേ?"
ഞാന്‍ ചൂണ്ടിക്കാട്ടിയതു നാട്ടിന്‍പുറത്തെ ഒരു സാധാരണ സ്‌കൂളാണ്. കേട്ടപാട് അയാള്‍ പറഞ്ഞു: "ഞാന്‍ കരുതി, അച്ചനു വിവരമുണ്ടെന്ന്!"
ഒരു നിമിഷംകൊണ്ട് എന്റെ വിവരം ഇറങ്ങിപ്പോയി!
മാതാപിതാക്കളുടെ ആഗ്രഹവും നിര്‍ബന്ധവുമാണു നാട്ടിലെ ഏറ്റവും നല്ല സ്‌കൂളില്‍ തങ്ങളുടെ കുട്ടിക്ക് അഡ്മിഷന്‍ കിട്ടണമെന്നത്. ഏതാണ് ഏറ്റം നല്ല സ്‌കൂള്‍? 100 ശതമാനം കുട്ടികള്‍ വിജയിക്കുന്ന…. വളരെയേറെ പേര്‍ക്ക് എപ്ലസ് ലഭിക്കുന്ന… വളരെ നല്ല കെട്ടിടമുള്ള… ഹൈടെക് സൗകര്യങ്ങളുള്ള… അങ്ങനെ പോകുന്നു ഏറ്റം നല്ല സ്‌കൂളിന്റെ ലക്ഷണങ്ങള്‍.
എന്നാല്‍, ഏറ്റം നല്ല സ്‌കൂളില്‍ പഠിച്ചിറങ്ങിയ കുട്ടിയുടെ ഗുണങ്ങള്‍ പലരും ശ്രദ്ധിക്കാറില്ല. പഠിച്ചതത്രയും കാലം അമിതമായ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നതുകൊണ്ട് ഇനി രണ്ടും കല്പിച്ച് ഉഴപ്പാന്‍ നിശ്ചയിച്ചവര്‍ അവരിലുണ്ട്… ഡിസിപ്ലിനേറിയന്മാരായ അദ്ധ്യാപകരെ ഇനിയും കാണാന്‍ താത്പര്യമില്ലാത്തവര്‍ അവരിലുണ്ട്… കോപ്പിയടിക്കാനും കോഴ കൊടുക്കാനും തയ്യാറായി നടക്കുന്നവര്‍ അവരിലുണ്ട്….
മനുഷ്യജീവിതത്തിന് ആവശ്യകമായ സത്യസന്ധത, നീതിബോധം മുതലായ മൂല്യങ്ങള്‍ സ്വായത്തമാക്കിയവരും ഈശ്വരവിശ്വാസം, മാതാപിതാക്കളോടുള്ള ആദരവ്, സമൂഹത്തോടുള്ള പ്രതിബദ്ധത – തുടങ്ങിയവ നേടിയവരും സാധാരണ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ ത്തിയാക്കിയവരല്ലേ എന്നു നിരീക്ഷിക്കുക!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org