Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> കപട ദേശഭക്തി

കപട ദേശഭക്തി

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കപ്പെടുന്ന പദമായി മാ റിയിരിക്കുന്നു ദേശഭക്തി. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോ ട്ടു പിന്‍വലിക്കുന്ന അനവധാനതയോടെയുള്ള നടപടിയുണ്ടാക്കിയ ദുരിതങ്ങള്‍ക്കു മറുമരുന്നായി നിര്‍ ദ്ദേശിച്ചതു ദേശഭക്തിയായിരുന്നു. സേനാകേന്ദ്രങ്ങളില്‍പ്പോലും ഭീകരാക്രമണത്തില്‍ നമ്മുടെ സൈനികള്‍ കൊല്ലപ്പെടുമ്പോള്‍ ഉയര്‍ന്നുവരുന്ന വിഹ്വലമായ ചോദ്യങ്ങള്‍ ക്കു മറുപടിയായി നേതാക്കന്മാര്‍ നല്കുന്നതും ദേശഭക്തിയാണ്. ദേശഭക്തിയുടെ പേരില്‍ ചിലര്‍ നിസ്സഹായരായ മനുഷ്യരെ തല്ലിച്ചതയ്ക്കുന്നതും ഇപ്പോള്‍ അസാധാരണമല്ല.
ദേശഭക്തിയുടെ ഊഷ്മാവ് ഉയര്‍ന്നുനില്ക്കുന്ന അന്തരീക്ഷത്തില്‍ പക്വമതികളായവര്‍പോലും സാമാന്യയുക്തിക്കു നിരക്കാത്ത കാര്യങ്ങള്‍ പറഞ്ഞെന്നു വരാം. ഈയിടെയുണ്ടായ സുപ്രീം കോ ടതി വിധി അത്തരത്തിലുള്ളതാണ്. സിനിമാശാലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പു ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും ദേശീയഗാനമാലപിക്കുകയും ചെ യ്യണമത്രേ. തത്സമയം എല്ലാവരും അറ്റന്‍ഷനായി നില്ക്കണംപോ ലും. ഇല്ലെങ്കില്‍ ദേശവിരുദ്ധ നടപടിയുടെ മേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം. ദേശീയഗാനം വയ്ക്കുമ്പോള്‍ ആളുകള്‍ ഭക്തിയോടെ എഴുന്നേറ്റു നില്ക്കുന്നുണ്ടോ എന്ന് ആരു നോക്കും? ആരു പൊലീസില്‍ അറിയിക്കും? അറിയിക്കുമ്പോള്‍ നാട്ടിലെ സിനിമാശാലകളിലെല്ലാം പൊലീസിനു പോയി നോക്കാന്‍ പറ്റുമോ? പൊലീസ് വരുമ്പോഴേക്കും ദേശീയഗാ നം തീര്‍ന്നിരിക്കും. ഇതെന്തൊരു വിധിയാണപ്പാ എന്നോര്‍ത്ത് ആരും തലയില്‍ കൈവച്ചുപോകും.
തിരുവനന്തപുരത്തു ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പി ച്ചപ്പോള്‍, ദേശീയഗാനമാലപിച്ചപ്പോള്‍ ബഹുമാനം കാട്ടിയില്ല എ ന്നാരോപിച്ചു കുറച്ചു പേരുടെ മേല്‍ യുഎപിഎ ചുമത്തിയെന്നു പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമമാണു യുഎപിഎ (UAPA: Unlawfull Activities Prevention Act). വ്യക്തിയുടെ സ്വ കാര്യതയില്‍ നിയമം ഇത്രമാത്രം ഇടപെടണമോ എന്ന ചോദ്യം ന്യാ യമായും ഉന്നയിക്കാം. ഹിറ്റ്ലര്‍ ജര്‍മനിയില്‍ സമാനമായ നിയമങ്ങള്‍ നടപ്പാക്കിയിരുന്നുവെന്നും ഓര്‍ക്കാം.
സുപ്രീം കോടതി രാജ്യത്തെ പരമോന്നത കോടതിയാണ്. കോ ടതിയുടെ ഉത്തരവുകള്‍, പരാമര്‍ശങ്ങള്‍പോലും ജനങ്ങളില്‍ ആദരവുണര്‍ത്തണം. ദേശീയഗാനത്തെപ്പറ്റിയുള്ള ഉത്തരവ് ആദരവ് ഉണര്‍ ത്തിയില്ല എന്നു ഖേദപൂര്‍വം പറയട്ടെ. സാമൂഹികമാധ്യമങ്ങളില്‍ വന്ന കമന്‍റുകള്‍ ഈ സത്യം വെളിവാക്കുന്നു. ഒരു സാമ്പിള്‍ ഇതാ: കള്ളന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരി ക്കുകയായിരുന്നു. പൊലീസ് ഉച്ചത്തില്‍ ദേശീയഗാനം വച്ചു. ഉടനെ കള്ളന്‍ എഴുന്നേറ്റു നിന്നു. പൊലീ സ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വേറെ ചിലത് അത്ര സഭ്യമല്ലാത്തതാണ്. ജനതയുടെ പൊതുബോധത്തിനു നേരെ കൊഞ്ഞനം കുത്തുന്ന ഉത്തരവായതുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങളുണ്ടകുന്നത്.
ജനതയുടെ പൊതുബോധത്തിന്‍റെ വാക്രൂപമാകുമ്പോഴാണു നിയമം അനുവര്‍ത്തിക്കപ്പെടുന്നത്. സമൂഹത്തിലെ ആചാരങ്ങള്‍, വഴക്കങ്ങള്‍, ചിട്ടകള്‍ തുടങ്ങിയവയാണ് ഈ പൊതുബോധം സൃ ഷ്ടിക്കുന്നത്. അതിന് അനുരോധമായ നിയമങ്ങള്‍ വലിയ ശക്തിപ്രയോഗം കൂടാതെ ജനം പിഞ്ചെല്ലും. അല്ലെങ്കില്‍ സ്റ്റേറ്റിന്‍റെ ശക്തി പ്രയോഗിക്കേണ്ടി വരും. അങ്ങനെ ശക്തി ഉപയോഗിച്ചു നടപ്പിലാക്കേണ്ടതാണോ ദേശഭക്തിയെന്നതാ ണു പ്രസക്തമായ ചോദ്യം.
ദേശഭക്തി പൗരന്‍റെ ഉള്ളില്‍ നിന്നുയരേണ്ട വികാരമാണ്. അതു സ്വാഭാവികമായി ഉയിര്‍ക്കൊള്ളണം. ക്രിക്കറ്റിലോ ഹോക്കിയിലോ ഇന്ത്യന്‍ ടീം കളി ജയിക്കുമ്പോള്‍ ഭാരതീയരെല്ലാവരും ആഹ്ലാദിക്കും, അഭിമാനം കൊള്ളും. അതു താനേ ഉണ്ടാകുന്ന വികാരമാണ്. ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹങ്ങള്‍ ചന്ദ്രനിലോ ചൊവ്വയിലോ എത്തുമ്പോഴും ഭാരതീയര്‍ അഭിമാനപൂരിതരാകും. രാജ്യത്തിനു പുറത്തു പോകുമ്പോഴാണു പൗരന്മാര്‍ക്ക് ഈ ബോധം കൂടുതല്‍ ഉണ്ടാകുന്നത്.
സ്വദേശത്തും വിദേശത്തുമു ള്ള ഭാരതീയര്‍ക്ക് അഭിമാനിക്കാനുള്ള വക നല്കുകയാണു ഭരണാധികാരികള്‍ ചെയ്യേണ്ടത്. ‘പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സം സാരിക്കുമ്പോള്‍ ലോകം ശ്രവിക്കുന്നു’ എന്നു പ്രസിഡന്‍റ് ഒബാമ പറഞ്ഞപ്പോള്‍ നമുക്ക് അഭിമാനം തോന്നിയില്ലേ? അതുപോലെ ഭാരതീയര്‍ക്കു തല കുനിക്കേണ്ട സാ ഹചര്യങ്ങള്‍ ഇല്ലാതാക്കാനും നേ താക്കന്മാര്‍ ഇച്ഛാശക്തിയോടെ പ്ര വര്‍ത്തിക്കണം. ഇന്ത്യയിലെ വൃത്തി ഹീനമായ ചുറ്റുപാടുകള്‍ വിദേശികള്‍ക്കു രാജ്യത്തെപ്പറ്റി അവമതിയുണ്ടാക്കുന്നു. ഇന്ത്യാക്കാരായ മാ താപിതാക്കളുടെ മക്കള്‍ ഇവിടെ വരുമ്പോള്‍ പലപ്പോഴും പറയുന്നത് ഇവിടെ മുഴുവനും വൃത്തികേടാണെന്നാണ്. ചിലരെങ്കിലും മാതൃരാജ്യത്തേയ്ക്കു തിരിച്ചുവരാമെ ന്നു പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിലും അതിനു സാധിക്കാത്തതു കുട്ടികളുടെ ഇത്തരം പ്രതികരണമാണ്. നിര്‍മല്‍ ഭാരത്, സ്വഛ് ഭാരത് എ ന്നിങ്ങനെയുള്ള പരിപാടികളുണ്ടെങ്കിലും പ്രശ്നത്തിനു പരിഹാരമാകുന്നില്ല.
സ്ഥിതിയെ ഒന്നുകൂടി വഷളാക്കുന്നതാണു മാലിന്യപ്രശ്നം. തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്ന രീതി വേറെ ഒരു രാജ്യത്തും കാണുകയില്ല. വന്‍ ശക്തിയായി വളരാന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തി നു മാലിന്യം എന്താണു ചെയ്യേണ്ടതെന്നറിയില്ല! ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരെ തടയുന്ന വേറൊന്നാണ് ഇവിടത്തെ ചുവപ്പുനാടയും അഴിമതിയും. വികസിതരാജ്യത്തില്‍ ഒരു ദിവസംകൊണ്ടു നടത്തിയെടുക്കാവുന്ന ഒരു കാര്യത്തിന് ഇവിടെ ആഴ്ചകളോളം വിവിധ ഓഫീസുകളുടെ പടി കയറിയിറങ്ങണം. ചിലപ്പോള്‍ കൈമടക്കു കൊടുക്കണം. മനം മടുപ്പിക്കുന്ന ഇത്തരം അനുഭവങ്ങളുണ്ടാകുന്ന ആളുകളില്‍ എങ്ങ നെ ദേശഭക്തിയുണ്ടാകും?
ഏതെങ്കിലും ദേശഭക്തസംഘങ്ങള്‍ അടിച്ചേല്പിക്കുമ്പോഴുണ്ടാകുന്നതല്ല ദേശഭക്തി. സര്‍ക്കാര്‍ നിയമങ്ങള്‍കൊണ്ട് അത് ഉത്പാദിപ്പിക്കാന്‍ കഴിയില്ല. സുപ്രീം കോ ടതിയുടെ ഉത്തരവുകള്‍ക്കും ദേശ ഭക്തി സംരക്ഷിക്കാന്‍ കഴിയില്ല. ഇവയിലൂടെ സംജാതമാകുന്നതു കപടദേശഭക്തിയാണ്. യഥാര്‍ത്ഥ ദേശഭക്തി പൗരന്‍റെ ഉള്ളില്‍നിന്ന് ഉത്ഭൂതമാകുന്നതാണ്.

Leave a Comment

*
*