Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> ‘ജനക്കൂട്ട ഭരണ’ത്തിന്‍റെ പരിമിതികള്‍

‘ജനക്കൂട്ട ഭരണ’ത്തിന്‍റെ പരിമിതികള്‍

sathyadeepam

ജെല്ലിക്കെട്ടു നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ചെന്നൈയിലെ മരീന ബീച്ചില്‍ ലക്ഷങ്ങള്‍ തടിച്ചുകൂടിയത് ഇന്ത്യയില്‍ പുതിയ പ്രതിഭാസമാണ്. ഏകാധിപത്യ ഭരണകൂടങ്ങളുള്ള അറബുരാജ്യങ്ങളില്‍, പ്രത്യേകിച്ച് ഈജിപ്തില്‍, ലക്ഷങ്ങള്‍ തടിച്ചുകൂടി ഭരണകൂടത്തെ വരച്ച വരയില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ‘അറബുവസന്ത’മെന്ന പേരിട്ട ഈ ജനമുന്നേറ്റത്തിന്‍റെ പിന്നില്‍ പാശ്ചാത്യരാജ്യങ്ങളുടെ കയ്യുണ്ടെന്ന ആരോപണമുണ്ട്. സ്മാര്‍ട്ട് ഫോ ണും ഇന്‍റര്‍നെറ്റും വ്യാപകമായതോടെ സാമൂഹ്യമാധ്യമങ്ങള്‍ ജനങ്ങളെ ഇളക്കിവിടാനുള്ള മാധ്യമമായി മാറിയിരിക്കുന്നു. ചെന്നൈ പ്രതിഭാസത്തെ സാദ്ധ്യമാക്കിയതും സാമൂഹ്യമാധ്യമങ്ങളത്രേ.
മറ്റിടങ്ങളിലെന്നപോലെ ചെന്നൈയിലും സമാധാനപരമായ ഒന്നിച്ചുകൂടലായിരുന്നു. ആര്‍ക്കും ഒരു പോറലുമേറ്റില്ല. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടില്ല (ആദ്യഘട്ടത്തിലെങ്കിലും), പൊലീസിന് ഇടപെടേണ്ടിയും വന്നില്ല. തമിഴ്നാട്ടില്‍ ഈ ആത്മനിയന്ത്രണം എടുത്തുപറയേണ്ടതുതന്നെയാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരായിരുന്നു സമരത്തിന്‍റെ മുന്‍നിരയിലെന്നത് ഒരു കാരണമാകാം.
സമരം ഒട്ടൊക്കെ വിജയിച്ചെന്നു കാണാം. ആദ്യഘട്ടത്തില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നു പറഞ്ഞു കേ ന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്ര മിച്ചെങ്കിലും സമ്മര്‍ദ്ദം മുറുകിയപ്പോള്‍ ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്കി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ സംസ്ഥാന സര്‍ക്കാരും സജീവമായി രംഗത്തിറങ്ങി. ഓര്‍ഡിനന്‍സുകൊണ്ടും സമരക്കാര്‍ മുഴുവന്‍ തൃപ്തരാകാത്തതുകൊണ്ടു നിയമനിര്‍മാണം നടത്താന്‍ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്തു.
പ്രത്യക്ഷത്തില്‍ മരീനാ ബീച്ചിലെ ആള്‍ക്കൂട്ട വിപ്ലവം വിജയിച്ചുവെന്നു സമ്മതിക്കുക. എന്നാല്‍ ഇതു നടപ്പില്‍ വരുമ്പോള്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉടലെടുക്കാം. ആദ്യം നടന്ന ജെല്ലിക്കെട്ടില്‍ത്തന്നെ രണ്ടു പേര്‍ മരിച്ചു, നിരവധി പേര്‍ക്കു പരിക്കേറ്റു. സമരക്കാരുടെ ദേഷ്യം മുഴുവന്‍ മൃഗാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയ്ക്കു നേരെയായിരുന്നു. ജെല്ലിക്കെട്ടുപോലുള്ള വിനോദങ്ങള്‍ മനുഷ്യജീവനുതന്നെ അപകടം വരുത്തിവയ്ക്കുന്നുവെന്ന കാര്യം പ്രസ്തുത സംഘടന പരിഗണിക്കുന്നില്ല. കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലാന്‍ പാടില്ല എന്ന നിലപാടിലും മനുഷ്യരുടെ അവകാശങ്ങള്‍ പരിഗണക്കപ്പെടുന്നില്ല. ചുരുക്കത്തില്‍, ജെല്ലിക്കെട്ടിലുള്‍ച്ചേര്‍ന്നിട്ടുള്ള ക്രൂരതയ്ക്കാണു പരിഹാരം ആവശ്യമായിട്ടുളളത്. ജെല്ലിക്കെട്ടുവാദികളും മൃഗസ്നേഹികളും ഈ പ്രധാന പ്രശ്നത്തെ അഭിസംബോധന ചെ യ്യുന്നില്ല.
ജെല്ലിക്കെട്ടു തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണ് എന്നാണു സമരക്കാര്‍ ആണയിടുന്നത്. വളരെ സമ്പന്നമായ തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യമായ ഘടകമാണോ ജെല്ലിക്കെട്ട് എന്ന ചോദ്യം ന്യായമായും ഉയരും. അഥവാ അങ്ങനെ ആണെങ്കില്‍ത്തന്നെ അതു കാലത്തിന് അനുസൃതമായ മാറ്റത്തിനു വിധേയമല്ലെന്നു പറയാന്‍ കഴിയില്ല. സമരക്കാരുടെ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത് ജെല്ലിക്കെട്ടു മാത്രമല്ല, പ്രശ്നമെന്നാണ്. തമിഴ്ജനതയെ പല പ്രകാരത്തിലും അവഗണിക്കുകയാണത്രേ. കാവേരി ജലം തമിഴ്നാടിനു വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കര്‍ണാടക അപ്രകാരം ചെയ്തില്ല. അതിന്മേല്‍ യാതൊരു നടപടിയുമുണ്ടായില്ല. ഇതു തമിഴ്ജനതയോടുള്ള അവഗണനയാണെന്നാണു വ്യാഖ്യാനം. ജലം പങ്കിടുന്നതു സംബന്ധിച്ചുള്ള കരാര്‍ വ്യവസ്ഥകള്‍ തമിഴ്നാടും പലപ്പോഴും പാലിക്കാറില്ല എന്നതാണു വസ്തുത. അതുപോലെ സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയിലും വലിയ പ്രക്ഷോഭമുണ്ടായി. ജലത്തിന്‍റെ പേരില്‍ വികാരമുയര്‍ത്തി വിട്ടാല്‍ അവിടെയും ലക്ഷങ്ങള്‍ അണിനിരക്കും. മരീനാ ബീച്ചിലേതുപോലെ അവിടെയും ലക്ഷങ്ങള്‍ ഒന്നിച്ചുകൂടിയാല്‍ തമിഴ് ജനതയുടെ പ്രതികരണമെന്തായിരിക്കും? ആള്‍ക്കൂട്ടം നിയന്ത്രണം ഏറ്റെടുക്കുകയും നിയമങ്ങള്‍ തത്ക്ഷണം മാറ്റിയെഴുതുകയും ചെയ്താല്‍ നിയമവാഴ്ച തകരും, കലാപം പൊട്ടിപ്പുറപ്പെട്ടെന്നു വരും. ആള്‍ക്കൂട്ട ഭരണത്തിനു പരിമിതികളുണ്ടെന്ന് എല്ലാവരും ഓര്‍ക്കണം.
രണ്ടു വര്‍ഷമായി ജെല്ലിക്കെട്ടു കോടതി കയറിയിട്ട്. വലിയ പ്രക്ഷോഭമുണ്ടാകുമെന്നു കണ്ടപ്പോള്‍ സുപ്രീംകോടതിയും അയഞ്ഞുവെന്നാണു മനസ്സിലാകുന്നത്. കോടതികള്‍ക്കും അവയുടെ പരിമിതികളുണ്ട്. ഇപ്പോള്‍ എല്ലാ പ്രശ്നത്തിനും ആളുകള്‍ പരിഹാരം തേടുന്നതു കോടതിയിലാണ്. റോഡി ലെ കുഴി അടയ്ക്കാന്‍ ബന്ധപ്പെട്ടവരോടു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുപോലും ആളുകള്‍ ഹര്‍ജ്ജികള്‍ സമര്‍പ്പിക്കുന്നു. ക്രിക്കറ്റ് ഭരണത്തിലെ വീഴ്ചകള്‍ പരിഹരിക്കുന്നതു സുപ്രീം കോടതിയാണ്.
ജനാധിപത്യ വ്യവസ്ഥയിലെ ഒരു ഘടകം മാത്രമാണു ജുഡീഷ്യറി. ജെല്ലിക്കെട്ടിലായാലും ക്രിക്കറ്റിലായാലും ആവശ്യമായ നിയമനിര്‍മാണം നടത്തേണ്ടതു പാര്‍ലമെന്‍റും നിയമസഭകളുമാണ്. ആ സഭകള്‍ അതു ചെയ്യാതെ വരുമ്പോഴാണു കോടതികള്‍ ഇടപെടേണ്ടി വരിക. നിയമസഭാ സാമാജികര്‍ക്കും പാര്‍ലമെന്‍റംഗങ്ങള്‍ക്കും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തന്‍റേടമില്ല. അല്ലെങ്കില്‍ അതിനു താത്പര്യമില്ല. രാഷ്ട്രീയം പറഞ്ഞു സഭ തടസ്സപ്പെടുത്തലാണ് ഇപ്പോള്‍ അവരുടെ പ്രധാന പരിപാടി. എവിടെ നിയമനിര്‍മാണസഭകള്‍ നിര്‍ജ്ജീവമാകുന്നുവോ അവിടെ കോടതികള്‍ പരിധിവിട്ടു സക്രിയമാകും. രാഷ്ട്രീയക്കാരുടെ ചുവടുപിടിച്ച് ഉദ്യോഗസ്ഥന്മാരും ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ല. അവരും പൗരന്മാരോടു പറയുന്നതു ‘നിങ്ങള്‍ കോടതിയില്‍ പൊയ്ക്കൊള്ളൂ’ എന്നാണ്. എക്സിക്യൂട്ടിവും ലെ ജിസ്ലേച്ചറും കയ്യൊഴിയുന്നിടത്തു കോടതികള്‍ കടന്നുവരുന്നു. തങ്ങളുടെ പരിധിയില്‍ വരാത്ത വിഷയങ്ങളില്‍ ഇടപെട്ടു കോടതികളും ചിലപ്പോള്‍ പ്രശ്നങ്ങള്‍ വഷളാക്കുന്നു. ജനാധിപത്യമാണ് ഇവിടെ ഭീഷണി നേരിടുന്നത്!

Leave a Comment

*
*