തല ഉയര്‍ത്തി നില്ക്കാനുള്ള പാട്

Published on

കൊടുങ്കാറ്റ് കഴിഞ്ഞപ്പോള്‍ മരച്ചുവട്ടില്‍ നിന്ന് എന്തുമാത്രം ഇലകളാണു കാറ്റ് അകാലനിര്യാണത്തിനു കാരണക്കാരനായത്, ഒരു കൊമ്പ് ഒടിഞ്ഞുവീണു. വലിയ മരം. അതു വട്ടം പിടിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കി. പക്ഷേ, ഒതുങ്ങിയില്ല കൈകളില്‍. സ്വന്തം തലയല്ലാതെ അതിന്‍റെ തല കുലുക്കാന്‍ കഴിഞ്ഞില്ല.
പക്ഷേ, അദൃശ്യനായ കാറ്റ് മരത്തെ ഉരുമിയും ഉന്തിയും തള്ളിയും തടവിയും തല്ലിയും കടന്നുപോകുന്നു. അത് എവിടെനിന്ന് എന്തിനു വരുന്നു എന്നറിയില്ല. പക്ഷേ, എല്ലാം ഏല്ക്കുന്നതു മരങ്ങളാണ്. ആ മരം അദൃശ്യമായ ഈ ആക്രമണങ്ങളില്‍ ചാഞ്ഞും ചെരിഞ്ഞും ഒതുങ്ങിയും വഴങ്ങി വളഞ്ഞും ആടിയും നിലനില്ക്കാനുള്ള ശ്രമത്തിന്‍റെ പടയിലാണ്. ആക്രമണത്തിന്‍റെ അദൃശ്യകരങ്ങള്‍ നിരന്തരം വേട്ടയാടുന്നു. എന്താ തന്നോട് ഇത്ര വിരോധം എന്നു മരം കാറ്റിനോടു ചോദിച്ചില്ല. പക്ഷേ, കാറ്റിനുമറിയാം മരത്തിനുമറിയാം കാര്യത്തിന്‍റെ കിടപ്പ്. വിരോധത്തിനു മരമൊരു കുറ്റവും ചെയ്തില്ല. ഇല്ലേ? ഉണ്ട്. മരം തലയുയര്‍ത്തി നില്ക്കുന്നു. പല ശക്തികള്‍ക്കും ദഹിക്കാത്ത ആ നില്പാണു വിരോധമുണ്ടാക്കുന്നത്.
ആരുടെ കഥയാണു ഭിന്നം? നില്ക്കുന്നു എന്ന തെറ്റിനു നിരന്തരമായി അദൃശ്യ കരങ്ങള്‍ താടനം നടത്തുന്നു. പക്ഷേ, അവര്‍ക്കാര്‍ക്കും പേരില്ല, ഉത്തരവാദികളില്ല. കാരണം അതൊന്നും കേസ്സെടുക്കാവുന്ന അക്രമങ്ങളല്ല. ആരും തല്ലുന്നില്ല, വെട്ടുന്നില്ല, പിച്ചാത്തിക്കു കുത്തുന്നില്ല. പക്ഷേ, പ്രത്യക്ഷത്തില്‍ തല്ലാത്ത, തല്ലുകളില്‍ പ്രാവീണ്യമുള്ള സാംസ്കാരികരുടെ അക്രമ മാണ്. പേരില്ലാത്ത അക്രമം. അതു മാന്യമാണ്, മൃദുവാണ്. അതിനു വിധേയത്വം, അനുസരണം, ഭക്തി, പ്രതിനന്ദി, ആതിഥ്യം, കടമ എന്നൊക്കെ എത്രയോ ഓമനപ്പേരുകള്‍. അക്രമം ഒരിക്കലും അതിന്‍റെ പേരു പ്രഖ്യാപിച്ചുകൊണ്ടോ അ സ്തിത്വം വിളംബരം ചെയ്തോ അതു സ്വയം ന്യായീകരിച്ചുകൊണ്ടോ അല്ല വരുന്നത്. അതു വെറുതെ മാന്യമായി കടന്നുവരുന്നു; മര്‍ദ്ദിച്ച് ഉപചാരപൂര്‍വം പോകുന്നു. കുത്തുവാക്ക്, കൊള്ളിവാക്ക്, ഒരു വെട്ടിനിരത്തല്‍, ഒരു പ്രോത്സാഹനമെന്ന പാരവയ്പ്, ഒരു ഒളിയമ്പ്, ഒരു വാക്കുമാറ്റം, ഒരു ബലിയാടാക്കല്‍…
അപ്പോഴൊക്കെ അന്തരംഗം മന്ത്രിക്കുന്നു, പിടിച്ചുനല്ക്കുക; തല ഉയര്‍ത്തിപ്പിടിക്കുക – മരണത്തിലേക്കു വീണാലും ലോകത്തിലേക്കു വീഴല്ലേ. പക്ഷേ, മുന്നില്‍ മരണമുണ്ട്, അനിവാര്യമായത്. കാരണം വേരുകള്‍ പഴകി ഭൂമിയുമായുള്ള പിടുത്തം വിടുന്നു. തല കൂസാതെ നിന്നതിന്‍റെ ശിക്ഷ ഏറ്റുവാങ്ങാതെ പറ്റില്ല. തലയുടെ മുകളിലെ സൂര്യന്‍ കിരീടമായി അവര്‍ കണ്ടതിന്‍റെ പേരിലെ പീഡനങ്ങള്‍. അവര്‍ കുറ്റക്കാരാണോ?

logo
Sathyadeepam Online
www.sathyadeepam.org