Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയും വത്തിക്കാന്‍റെ തിരുത്തും

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയും വത്തിക്കാന്‍റെ തിരുത്തും

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

കത്തോലിക്കാസഭയില്‍ എന്നും വിവാദങ്ങള്‍ക്ക് ഇടമുണ്ട്. സ്വാതന്ത്ര്യമുള്ളിടത്താണ് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉടലെടുക്കുന്നത്. ഏകാധിപത്യത്തില്‍ എതിരു പറയുന്നവന്‍റെ നാവരിയും, അതുമല്ലെങ്കില്‍ കഴുത്തറക്കും. ഭയമുള്ളിടത്ത് വിവാദങ്ങള്‍ ഉണ്ടാകില്ല. അവര്‍ വെറുപ്പിന്‍റെ ചരിത്രമെഴുത്തുകാരായി രിക്കും.
ഈയിടെ വത്തിക്കാനില്‍ വലിയ വിവാദമുണ്ടായി. അത് ലത്തീന്‍ റീത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്ന വിധത്തെക്കുറിച്ചായിരുന്നു. ദൈവാരാധനയ്ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സറാ ലണ്ടന്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞ ഒരു പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതിന്‍റെ ഫലമായിരുന്നു അത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വരുന്ന ക്രിസ്മസ് കാലത്തോടനുബന്ധിച്ച് കിഴക്കിനെ അഭിമുഖീകരിച്ച് കുര്‍ബാന ചൊല്ലാന്‍ സൗകര്യമുള്ളിടത്തൊക്കെ ആവിധം കുര്‍ബാനയര്‍പ്പിക്കാന്‍ റോമന്‍ ആരാധന പരിഷ്കരണത്തില്‍ ഒരു പുനഃപരിഷ്കരണം മാര്‍പാപ്പ കൊണ്ടുവരും എന്നാണ്. ഇത് മാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നു. ഇന്ന് ലോകമെങ്ങും ലത്തീന്‍ റീത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യത്തില്‍ ജനങ്ങളെ അഭിമുഖീകരിച്ചാണ് കുര്‍ബാന ചൊല്ലുന്നത്. മാത്രവുമല്ല ഫ്രാന്‍സിസ് മാര്‍പാപ്പ ലിറ്റര്‍ജിക്കല്‍ പരിഷ്കരണത്തിന് മുന്‍ഗണന കൊടുക്കുന്ന വ്യക്തിയുമല്ല. പിന്നെ എങ്ങനെയാണ് ഇത്തരം ഒരു പ്രസ്താവന ഉത്തര വാദിത്വപ്പെട്ട കര്‍ദിനാളില്‍ നിന്നും ഉണ്ടായത് എന്നതായിരുന്നു വിഷയം.
പാശ്ചാത്യലോകത്തെ മാധ്യമങ്ങള്‍ ഇത് ആഘോഷിച്ചു. വാര്‍ത്താവിശകലനവും വിമര്‍ശനങ്ങളും ഏറെ ഉണ്ടായ പശ്ചാത്തലത്തില്‍ വത്തിക്കാനില്‍ നിന്നും കര്‍ദിനാളിന്‍റെ പ്രസ്താവനയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിക്കൊണ്ട് പത്രപ്രസ്താവനയും ഉണ്ടായി. കര്‍ദിനാള്‍ കുര്‍ബാന എന്ന രഹസ്യത്തെ ഏറ്റവും ആദര വോടെയും ബഹുമാനത്തോടെയും വീക്ഷിക്കുന്ന വ്യക്തിയാണെന്നും പക്ഷേ അദ്ദേഹത്തിന്‍റെ ഉദ്ദേശ്യത്തെ മറ്റുള്ളവര്‍ വളച്ചൊടിച്ചുവെന്നുമാണ് വത്തിക്കാന്‍ പത്രക്കു റിപ്പില്‍ പറഞ്ഞത്. മാര്‍പാപ്പ വാക്കാലോ പ്രബോധനത്താലോ ഇ പ്പോള്‍ നിലവിലുള്ള സാധാരണ കുര്‍ബാനക്രമത്തിന്‍റെ രീതിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വളരെ വ്യക്തമായ ഭാഷയില്‍ വത്തിക്കാന്‍ രേഖപ്പെടുത്തി. റോമന്‍ കുര്‍ബാനക്ര മത്തിന്‍റെ പൊതുനിയമത്തിലെ 299-ാം ഖണ്ഡിക ഒരിക്കല്‍ കൂടി വത്തിക്കാന്‍ അടിവരയിട്ടു പറ ഞ്ഞിരിക്കുന്നു, “ജനങ്ങളെ അഭിമു ഖീകരിച്ച് കുര്‍ബാന ചൊല്ലുന്നതിനു സൗകര്യം ലഭിക്കത്തക്ക രീതിയില്‍ ബലിപീഠം അള്‍ത്താരയുടെ ചുമരില്‍നിന്നും വിട്ടു പണി യണം, ബലിപീഠത്തിന്‍റെ ചുറ്റും കാര്‍മികനും മറ്റും നടക്കാന്‍ സാ ധിക്കുന്നിടത്തെല്ലാം അതിനുള്ള സൗകര്യവും വേണം. എല്ലാ ജനങ്ങളുടെയും ശ്രദ്ധ കിട്ടത്തക്ക വിധം ബലിപീഠം ഏറ്റവും മുമ്പില്‍ മദ്ധ്യഭാഗത്ത് പണിയുകയും വേണം.”
ഇതിനിടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പരിഷ്കാരങ്ങളെ നഖശിഖാന്തം എതിര്‍ത്ത് ത്രെന്തോസ് സൂനഹദോസ് നിര്‍ദ്ദേശിച്ചതുപോലെ കുര്‍ബാനയര്‍പ്പിച്ചിരുന്ന ബിഷപ് ലേഫേവറിന്‍റെ ഗ്രൂപ്പായ പത്താം പീയൂസ് സമൂഹത്തെ കത്തോലിക്കാ സഭയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്ത് ഒരു പരിശ്രമമുണ്ടായിരുന്നു. അതിന്‍റെ പശ്ചാത്തലത്തില്‍ ചില അസാധാരണ സന്ദര്‍ഭങ്ങളില്‍ അള്‍ത്താരയെ അഭിമുഖീകരിച്ചുകൊണ്ട് ലത്തീന്‍ ഭാഷയില്‍ കുര്‍ബാന ചൊല്ലാന്‍ ഉതകുന്ന രീതിയില്‍ “സുമ്മോരും പൊന്തി ഫീച്ചും” എന്ന “മോത്തു പ്രോപ്രിയ” – നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ട്. അതിന്‍റെ വെളിച്ചത്തില്‍ അത്തരം കുര്‍ബാനകള്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്‍റെ വ്യാപ്തി സാധാരണ കുര്‍ബാനയിലേക്കും വ്യാപിപ്പിക്കുവാന്‍ വ്യഗ്രത കാണിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവാരാധനയ്ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തെ സന്ദര്‍ശിച്ച വേളയില്‍ ഇതേക്കുറിച്ചു സൂചനകള്‍ നല്കിയിരുന്നു. അന്ന് മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞത് സാധാരണ കുര്‍ബാന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലത്തുള്ള റോമന്‍ കുര്‍ബാനക്രമത്തിലുള്ളതു പോലെ തന്നെ ജനങ്ങളെ അഭിമു ഖീകരിച്ച് നടത്തണമെന്നാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കാലത്തുള്ള നിര്‍ദ്ദേശം കേവലം അസാധാരണ സാഹച ര്യങ്ങളിലേക്ക് മാത്രമാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.
കര്‍ദിനാള്‍ സറായുടെ വാക്കുകള്‍ ആരോ വളച്ചൊടിച്ചതാണെന്നും, അടുത്ത നവംബര്‍ മാസത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന പുതുക്കിയ റോമന്‍ കുര്‍ബാനക്രമത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ ത്തിക്കാന്‍ രേഖപ്പെടുത്തി. ഈയടുത്തിടെ പരിഷ്കരിച്ച ലിറ്റര്‍ജിയിന്മേല്‍ മറ്റൊരു പരിഷ്കരണം കൊണ്ടുവരാന്‍ വത്തിക്കാന് യാതൊരു ഉദ്ദേശ്യവും ഇല്ലായെന്നും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. പരിഷ്കരണത്തിന്മേല്‍ പരിഷ്കരണം എന്ന പ്രയോഗം തന്നെ തെറ്റാണെന്നും വത്തിക്കാന്‍ രേഖപ്പെടുത്തി. ഈ വിവാദത്തിനു ശേഷം കര്‍ദിനാള്‍ സറാ മാര്‍പാപ്പയെ കണ്ടെന്നും അവര്‍ രണ്ടുപേരും ഇതേക്കുറിച്ച് വ്യക്തമായ ധാരണയിലെത്തിയെന്നും വത്തിക്കാന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു.
വാസ്തവത്തില്‍ ലോകമെങ്ങുമുള്ള ലത്തീന്‍ റീത്തിലെ വൈദികരോട് അടുത്ത നവംബര്‍ മുതല്‍ അള്‍ത്താരാഭിമുഖ കുര്‍ബാന ചൊല്ലണമെന്ന് മാര്‍പാപ്പ ആവശ്യപ്പെടും എന്ന കര്‍ദിനാള്‍ സറായുടെ വാക്കുകള്‍ പത്രങ്ങളില്‍ വായി ച്ചതിനുശേഷം ഇത്തരം പ്രസ്താവനയുടെ ഒരു തിരുത്തലിനു വേണ്ടി ലത്തീന്‍ റീത്തിലെ വൈദികര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴത്തെ മാര്‍പാപ്പയാതൊരു കാരണവശാലും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കാ സഭയില്‍ കൊണ്ടുവന്ന മാറ്റത്തിനു കടകവിരുദ്ധമായ ഒരു പരിഷ്കാരത്തിന് കൂട്ടുനില്‍ക്കുകയില്ല. വാര്‍ത്തകളെന്നും താല്പരകക്ഷികള്‍ക്കായി വളച്ചൊടിക്കുന്ന രീതി ഇന്ന് എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട്. അതിന് മാര്‍പാപ്പയെയും കര്‍ദിനാളിനെയും പഴിച്ചിട്ട് കാര്യമില്ല. പ്രസിദ്ധികരിക്കപ്പെടുന്ന വാര്‍ത്തകളൊക്കെ നാം കണ്ണടച്ചു വിഴുങ്ങരുത്.
ഫുള്‍സ്റ്റോപ്പ്: ” സഭ എന്നത് ഒരു നീണ്ട പദ്ധതി എഴുതിയുണ്ടാക്കി നടപ്പിലാക്കുന്ന കേവലം സംവിധാനമല്ല. മറിച്ച്, നാമെല്ലാവരും ഭാഗഭാക്കാകുന്ന ഒരു സ്നേഹത്തിന്‍റെ സംഭവകഥയാണ് (love story). ഇവിടെ ആരാണ് മിടുക്കര്‍ എന്ന ചോദ്യത്തിനര്‍ത്ഥമില്ല. കാരണം സഭയുടെ മൂല്യം സുവിശേഷം പ്രസംഗിക്കുന്നതിലും ക്രിസ്തുവിന് സാക്ഷ്യം നല്കുന്നതിലുമാണ്”- ഫ്രാന്‍സിസ് മാര്‍പാപ്പ

Leave a Comment

*
*