പുതിയ ഉള്‍ക്കാഴ്ചകളുമായി സീറോ-മലബാര്‍ അസംബ്ലി

മോറീസ് എല്‍ വെസ്റ്റിന്റെ പ്രസിദ്ധമായ "മുക്കുവന്റെ പാദുകങ്ങള്‍" എന്ന നോവലിലും, അതിനെ അധികരിച്ചുള്ള സിനിമയിലും പോപ്പ് കിറില്‍ ഒന്നാമന്‍ പത്രോസിന്റെ സിംഹാസനത്തില്‍ ആരോഹണം ചെയ്യുന്നതിനു മുമ്പ് വത്തിക്കാനിലെ ഏറ്റവും ശക്തരായ കര്‍ദിനാളുമാരുമായി നടത്തുന്ന സംഭാഷണം എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ്. ചൈനയിലെ ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്ന സമയത്ത് അമേരിക്ക ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു, സോവിയറ്റു യൂണിയനും ചൈനയും കൂടി അമേരിക്കക്കെതിരെ യുദ്ധത്തിനു തയ്യാറെടുക്കുന്നു. ലോകം തന്നെ യുദ്ധത്തിന്റെ കടുത്ത ഭീഷണിയില്‍ നില്ക്കുമ്പോഴാണ് 20 വര്‍ഷം സോവിയറ്റു യൂണിയന്റെ രാഷ്ട്രീയ തടവുകാരനായി സൈബിരിയായില്‍ പണിയെടുത്ത ആര്‍ച്ച് ബിഷപ് ലക്കോട്ട വിമോചിപ്പിക്കപ്പെട്ടതും, ഭാഗ്യവശാല്‍ വത്തിക്കാനിലെ പ്രത്യേക സാഹചര്യത്തില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്ക പ്പെടുന്നതും. മാര്‍പാപ്പയുടെ പ്രഥ മ പ്രസംഗത്തില്‍ വത്തിക്കാന്‍ അതിന്റെ സമ്പത്തെല്ലാം പട്ടിണി പാവങ്ങളുടെ ക്ഷേമത്തിനായി കൊടുക്കണമെന്നും സഭ ലാളിത്യത്തിന്റെ മാതൃകയാകണമെന്നും പറയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, ഈ മാതൃക പിഞ്ചെല്ലാന്‍ ലോകത്തിലെ ശക്തരായ രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യുമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ വത്തിക്കാനിലെ പാരമ്പര്യ വാദികളായ കര്‍ദിനാളുമാര്‍ എതിര്‍ക്കുന്നു. ലോകത്തിലെ ഏറ്റവും പ്രബലമായ ആത്മീയ സ്ഥാപനത്തിന്റെ കെട്ടുറപ്പിനു പണം ആവശ്യമാണെന്ന കര്‍ദിനാളുമാരുടെ വാദത്തിന് പോപ്പ് കിറില്‍ പറയുന്നത്, "അങ്ങനെയൊന്ന് ഞാന്‍ കേട്ടിട്ടില്ല, സഭയ്ക്ക് വേണ്ടത് പരിശുദ്ധാത്മാവിനെയാണ്" എന്ന ഡയലോഗ് ഇന്നും പ്രസക്തമാണ്.
സഭയ്ക്കു വേണ്ടത് പരിശുദ്ധാ ത്മാവിന്റെ പ്രചോദനമുള്‍ക്കൊള്ളുന്ന വിശ്വാസികളെയാണ്. സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ എല്ലാ അഞ്ചു വര്‍ഷം കൂടുമ്പോഴും നടത്തുന്ന ഏപ്പിസ്‌കോപ്പല്‍ അസംബ്‌ളി ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ കോളജില്‍ നടക്കുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന പരിശുദ്ധാത്മാവിന്റെ നിറവിനു വേണ്ടിയായിരിക്കണം. സഭയിലെ 50 മെത്രാന്മാരും, പ്രാതിനിധ്യ സ്വഭാവത്തോടെ 175 വൈദികരും 70 സന്ന്യസ്തരും 220 അല്മായരും പങ്കെടുക്കുന്ന അസംബ്‌ളിയില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ്. ഇന്നത്തെ സമൂഹത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തന്നെയാണ് അസംബ്‌ളി ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. ലാളിത്യമായിരുന്നു യേശുവിന്റെ മാനുഷികമായ ജീവിത ശൈലി. സര്‍വശക്തനായ ദൈവത്തിന്റെ പുത്രന്‍ വന്നു പിറന്നതും ജീവിച്ചതും നഗ്നനായി കുരിശില്‍ മരിച്ചതും ലാളിത്യത്തിന്റെ മഹനീയതയിലാണ്. ആ ശൈലി ജീവിതത്തില്‍ അനുഷ്ഠിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും ആ വിശുദ്ധനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഫ്രാന്‍സിസ് മാര്‍പാപ്പയും ലാളിത്യത്തിന്റെ വിപ്ലവകരമായ മാതൃകയാണ് ലോകത്തിനു നല്കുന്നത്. കരുണയുടെ ഈ വിശുദ്ധ വര്‍ഷത്തില്‍ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ലാളിത്യജീവിതത്തിനു മറ്റൊരു വെല്ലുവിളിയായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ ജീവിത ശൈലി ലോകത്തിന്റെ നെറുകയില്‍ വയ്ക്കാനാണ്.
സീറോ-മലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈയടുത്തയിടെ ലാളിത്യ ജീവിതശൈലിയുടെ ഭാഗമായി നമ്മുടെ തിരുനാളുകളും മറ്റും ലളിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശക്തമായി സൂചിപ്പിക്കുകയുണ്ടായി. വിവാഹവും മരണവാര്‍ഷികവും മാമ്മോദീസയും ആദ്യകുര്‍ബാന സ്വീകരണവുമൊക്കെ ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനുമുള്ള അവസരങ്ങളായി എടുക്കുന്ന സാഹചര്യങ്ങളെ വിശ്വാസികളുടെ ജീവിത ശൈലിയില്‍ നിന്നു തന്നെ അടര്‍ത്തിമാറ്റണം. അസംബ്‌ളിക്കുള്ള മാര്‍ഗരേഖയില്‍ പറയുന്നു, "അതിരു കടന്ന ആഘോഷങ്ങള്‍ക്കും അനാവ ശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യര്‍ത്ഥമായ പല ആ ചാരങ്ങള്‍ക്കും ചെലവഴിക്കുന്ന സമയവും ഊര്‍ജ്ജവും കുറച്ച്, ഇടവകകയുടെ അജപാലന ശുശ്രൂഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക. പ്രവര്‍ത്തനങ്ങളുടെ ആധിക്യത്താല്‍ കുടുംബബന്ധങ്ങളുടെ നിജസ്ഥിതി അറിയാന്‍ പോലും അജപാലകന് കഴിയാതെ വരുന്ന സാഹചര്യങ്ങള്‍ തിരുത്തപ്പെടണം. ഒരു പ്രദേശത്തെ ദൈവജനത്തിന്റെ നെടുവീര്‍പ്പുകള്‍ക്കും പരിദേവനങ്ങള്‍ക്കും കര്‍ത്താവു കൊടുക്കുന്ന ഉത്തരങ്ങളായി നമ്മുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ മാറണം." അജപാലന രംഗത്ത് ലാളിത്യത്തിന്റെ അനിവാര്യത ആത്മീയതയുടെ പര്യായമായി മാറുന്ന തരത്തിലേയ്ക്ക് സഭയില്‍ അജപാലന ശുശ്രൂഷകളുടെ കാര്യത്തില്‍ ഒരു പുനഃക്രമീകരണം തന്നെ ആവശ്യമായി വരുന്നു. സമര്‍പ്പിതരുടെ പ്രധാനപ്പെട്ട തൊഴില്‍ സ്‌കൂളുകളിലെ അധ്യാപനവും ആതുരശുശ്രൂഷയുമാണെന്ന തെറ്റിദ്ധാരണ എങ്ങനെയോ സഭയില്‍ കടന്നു കൂടിയിട്ടുണ്ട്. ഇതും തിരുത്തപ്പെടണം. വിപ്‌ളവാത്മകമായ രീതിയില്‍ വൈദികരുടെയും സമര്‍പ്പിതരുടെയും അല്മായരുടെയും ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉതകുന്ന നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അസംബ്‌ളിയില്‍ ഉരുത്തിരിഞ്ഞാല്‍ അത് സഭയ്ക്കും സമൂഹത്തിനും സംസ്‌കാരത്തിനും ഗുണകരമാകു മെന്നതിന് തര്‍ക്കമില്ല.
ഇന്ന് അജപാലന രംഗത്ത് ഊന്നല്‍ നല്‌കേണ്ട മേഖലകളാണ് കുടുംബവും പ്രവാസികളും. ഇന്ന് കുടുംബങ്ങള്‍ ശിഥിലീകരിക്കപ്പെടുന്നു. മാത്രമല്ല, വര്‍ദ്ധിച്ചു വരുന്ന മിശ്രവിവാഹങ്ങളും വിവാഹ മോചനങ്ങളും കുടുംബമെന്ന സംജ്ഞയുടെ അര്‍ത്ഥം തന്നെ ഇല്ലാതാ ക്കുന്നു. പ്രവാസികളായ വിശ്വാസികളുടെ കാര്യത്തിലും ഈ നാട്ടില്‍ പ്രവാസികളുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ കാര്യത്തിലും ഉള്‍ക്കാഴ്ചയോടെ ഇടപെടാനും സഭയ്ക്കും വിശ്വാസികള്‍ക്കും ആകണം. സീറോ മലബാര്‍ സഭയുടെ അസംബ്‌ളി ഒരു വിജയമാകട്ടെ.
ഫുള്‍സ്റ്റോപ്പ്: ഇന്ത്യന്‍ പാര്‍ലമെന്റിന് ധാരാളം അടിയന്തിര പ്രാധാന്യമുള്ള ബില്ലുകള്‍ പാസ്സാക്കാ നുണ്ട്. പക്ഷേ, ഈയിടെ പാസ്സാക്കിയ ബില്ല് മദ്രാസ്, കല്‍ക്കട്ട, ബോംബെ ഹൈക്കോടതികളുടെ പേരു മാറ്റാനുള്ള ബില്ലാണ്. ലോക മെങ്ങും അറിയപ്പെടുന്ന ഈ പേരുകള്‍ മാറ്റിയിട്ട് എന്താണാവോ ഇന്ത്യയ്ക്കു നേട്ടം. ആന മണ്ടത്തരങ്ങള്‍ക്കുവേണ്ടി സമയം കളയുന്ന അധികാരികളുടെ ബോധമില്ലായ്ക്ക് ഉദാഹരണമാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org