Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> മനുസ്മൃതിയും സംഘ്പരിവാറിന്‍റെ ദളിത് പീഡനങ്ങളും

മനുസ്മൃതിയും സംഘ്പരിവാറിന്‍റെ ദളിത് പീഡനങ്ങളും

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്ത് നിന്ന് കത്തുകയാണ്. സൗരാഷ്ട്രയില്‍ ദളിതര്‍ അവരുടെ ജീവനു വേണ്ടി പോരാടുകയാണ്. ജാതിവ്യവസ്ഥിതികളില്‍ ഹിന്ദുത്വവാദികളെ കുരുക്കുന്ന മനുസ്മൃതിയ ില്‍ പോലും ഇങ്ങനെ വായിക്കുന്നു, “അവയവങ്ങള്‍ കൂടുതലും കുറവുമുള്ളവരെയും വിദ്യാഹീനരെയും വയോധികരെയും സൗന്ദര്യമോ, സമ്പത്തോ ഇല്ലാത്തവരെയും താഴ്ന്ന ജാതിക്കാരെയും ആക്ഷേപിക്കരുത്.” പക്ഷേ സംഘ്പരിവാര്‍ സംഘങ്ങള്‍ കേവലം നിരക്ഷരും പാവങ്ങളുമായ ദളിത് സമൂഹത്തില്‍ പെട്ടവരോട് മൃഗങ്ങളെ പോലെയാണ് പെരുമാറുന്നത്. ഗുജറാത്തിലെ ഉന പട്ടണത്തില്‍ പശുവിന്‍റെ തോലെടുക്കാന്‍ ശ്രമിച്ചെന്ന കാരണത്താല്‍ ഏഴ് ദളിത് യുവാക്കളെ നഗ്നരാക്കി നടുറോഡിലിട്ട് തല്ലിച്ചതിന്‍റെ പേരില്‍ വിവിധ ദളിത് സംഘ ടനകള്‍ വ്യത്യസ്തമായ പ്രക്ഷോ ഭങ്ങള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇത് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുകയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിവെന്‍ പട്ടേലിനു മോദിയുടെ പിന്തുണ ലഭിച്ചാലും ദളിതരുടെ പ്രക്ഷോഭങ്ങളെ പെട്ടന്ന് അടിച്ച മര്‍ത്താന്‍ സാധിക്കുകയില്ല.
ഗോരക്ഷയുടെ കാര്യവും പറഞ്ഞ് സംഘ്പരിവാര്‍ കക്ഷികള്‍ തങ്ങളുടെ അധികാരത്തിനു വേണ്ടി ഹൈന്ദവ വോട്ടുകള്‍ നേടാനുള്ള തന്ത്രമായിട്ടു തന്നെയാണ് ദളിതരെ അകാരണമായി പീഡിപ്പിക്കുന്നത്. മനുസ്മൃതിയിലെ ജാതി വ്യവസ്ഥിതിയില്‍ ഗുജറാത്തിനെയും ഭാരതത്തെ മുഴുവനും ഒതുക്കാമെന്ന ചിന്തയാണ് ബി.ജെ.പി. അടക്കമുള്ള ഉന്നതകുല ജാതര്‍ക്കുള്ളത്. ബ്രാഹ്മണന്‍ എന്തു ചെയ്താലും അതിനെ ന്യായീകരിക്കുന്ന മനു പറയുന്നു, “ജീവന്‍ നിലനിര്‍ത്താനായി ബ്രാഹ്മണന്‍ ആരുടെ ഭക്ഷണം കഴിച്ചാലും ദോഷം ബാധിക്കുകയില്ല. ധര്‍മജ്ഞനായ വാമദേവമഹര്‍ഷി വിശപ്പു സഹിക്കാനാവാഞ്ഞ് പട്ടിമാംസം തിന്നെങ്കിലും ദോഷം ബാധിച്ചില്ലല്ലോ. അതുപോലെ വിശപ്പു സഹിക്കാനാകാതെ വിശ്വാമിത്ര മഹര്‍ഷിയും ചണ്ഢാലന്‍റെ കയ്യില്‍ നിന്നും പട്ടിയുടെ തുടയിലെ ഇറിച്ചി വാങ്ങി തിന്നിട്ടും പാപമുണ്ടായില്ല.” ഇതാണ് ജാതി വ്യവസ്ഥിതിയുടെ ക്രൂരമായ മുഖങ്ങള്‍. ഉന്നതകുല ജാതരെ എല്ലാത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന നിയമങ്ങള്‍. പക്ഷേ താഴ്ന്ന ജാതിക്കാരെ ഇല്ലായ്മ ചെയ്യാനും അവരെ അടിമത്തത്തില്‍ നിലനിര്‍ത്താനും വേണ്ട എല്ലാ കാര്യങ്ങളും മനുസമൃതിയില്‍ എഴുതിവച്ചിട്ടുണ്ട്.
“സാമര്‍ത്ഥ്യമുണ്ടെങ്കിലും ശൂദ്രന്‍ ധനം സമ്പാദിച്ചു വെക്കരുത്. അവനു ശാസ്ത്രജ്ഞാനമില്ലായ്മയാല്‍ ധനമദം കൊണ്ട് ശാസ്ത്ര വിരുദ്ധമായി ആചരിച്ചും ബ്രാഹ്മണ സേവ ഉപേക്ഷിച്ചും ബ്രാഹ്മണനു തന്നെ പീഡയുണ്ടാക്കും.” ചാതുര്‍വര്‍ണ്യത്തിന്‍റെ ക്രൂരതകളുടെ വേരുകള്‍ മനുസ്മൃതിയില്‍ ധാരാളം കാണാം. എന്നിട്ടും രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയേക്കാള്‍ പ്രധാന്യം മനുസ്മൃതിക്ക് നല്കുമ്പോള്‍ ഇവരൊക്കെ അധര്‍ മത്തിന്‍റെ ആചാര്യന്മാരാണെന്നു പറയേണ്ടിവരും. ഈ അധര്‍മത്തിന്‍റെ കൂരിരുട്ടിലൂടെയാണ് സംഘ്പരിവാര്‍ സംഘാംഗങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ജൂലൈ 11 -ാം തീയതിയാണ് ഉനയിലെ സമലിയാല ഗ്രാമത്തില്‍ ചത്ത പശുവിന്‍റെ തോല്‍ തുകലിനായി ശേഖരിച്ചതിന്‍റെ പേരില്‍ ദളിത് യുവാക്കളെ നിഷ്ഠൂരമായി പീഡിപ്പിച്ചത്. ഗോവധ നിരോധനത്തിന്‍റെ പേരില്‍ ഇമ്മാതിരി ധാരാളം സംഭവങ്ങള്‍ ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്നിടത്തും അരങ്ങേറുന്നുണ്ട്. എന്തായാലും ഉനയിലെ സംഭവത്തോടു ബന്ധപ്പെടുത്തി ദളിത് വംശജര്‍ വിവിധങ്ങളായ സമരമുറകള്‍ നടത്തിവരി കയാണ് 20-ാം തീയതി ഗുജറാത്തിലാകമാനം ദളിത് വംശജര്‍ തെരുവിലിറങ്ങി ഗുജറാത്തിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു. തങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന സവര്‍ണാധിപത്യത്തിനെതിരെ ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഒരാള്‍ മരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ദളിതര്‍ മൃഗങ്ങളുടെ ഉച്ഛിഷ്ടം കൊണ്ട് നിറച്ചു. സാവധാനം ദളിതരുടെ പ്രക്ഷോഭങ്ങള്‍ ഗുജറാത്തില്‍ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പടര്‍ന്നു പിടിക്കാം.
ലോക്സഭയില്‍ കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷങ്ങളും ഗുജറാത്തിലെ ദളിത് പീഡനത്തിനെ തിരെ ശക്തിയായി പ്രതികരിച്ചു. ഗോരക്ഷാ സമിതികള്‍ക്കെതിരെ മറ്റു പാര്‍ട്ടികളും സംഘടനകളും ശക്തമായി രംഗത്തുണ്ട്. കന്നുകാ ലികളുടെ തോലും മറ്റും ഉപയോഗപ്പെടുത്തി കച്ചവടം ചെയ്ത് ജീവിക്കുന്ന ധാരാളം ദളിതരും മുസ്ലീങ്ങളും ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഉണ്ട്. അവരുടെ ഉപജീവന മാര്‍ഗത്തെയാണ് ഗോരക്ഷാ സമിതികള്‍ ഇല്ലായ്മ ചെയ്യുന്നത്. ഇത്തരം നിയമങ്ങള്‍ ഒരു ജനാധിപത്യ രാജ്യത്തിന്‍റെ അന്തസ്സിനു പറ്റിയതല്ല. മനുഷ്യനു മൃഗത്തിന്‍റെ പോലും വില കല്പി ക്കാത്ത സംഘ്പരിവാര്‍ സംഘങ്ങള്‍ ആരുടെ ജീവിത ക്ഷേമത്തിനു വേണ്ടിയാണ് ഇത്രയും ക്രൂരതകള്‍ കാണിച്ച് മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നത് എന്നു ചിന്തിക്കണം.
നരേന്ദ്രമോദി ഇന്ത്യയ്ക്ക് അകത്തും പുറത്തും എന്നും കൊട്ടി ഘോഷിക്കുന്ന കാര്യമുണ്ട്: ഇന്ത്യ ഒരൊറ്റ ജനതയാണ്, ആ ജനതയുടെ നിയമം ഇന്ത്യന്‍ ഭരണഘടനയാണെന്ന്. ഇന്ത്യന്‍ ഭരണഘടന യാതൊരു വിധത്തിലും ദളിത് വംശത്തില്‍ പെട്ടവരോട് പക്ഷാഭേദം കാണിക്കുന്നില്ല. എല്ലാ പൗരന്മാരുടെയും അവകാശങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണെന്നും ഭരണഘടന പറയുന്നു. അതിനാല്‍ ഭരണഘടനയെ അട്ടിമറിക്കുന്ന ഇത്തരം ദളിത് പീഡനങ്ങളില്‍ നിന്നും സംഘ്പരിവാര്‍ സംഘാംഗങ്ങളെ മാറ്റി നിര്‍ത്തേണ്ടത് കേന്ദ്രം ഭരിക്കുന്നവരുടെ ധാര്‍മികമായ ഉത്തരവാദിത്തമാണ്. ബി.ജെ.പി. ഒരു സാമൂഹിക ഭീകരതയ്ക്ക് കൂട്ടുനില്ക്കുകയാണോ എന്ന സംശയത്തിന് ഇടം കൊടുക്കരുത്. ആവശ്യമില്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി ദളിത് പീഡനങ്ങള്‍ ആവര്‍ത്തിച്ചാല്‍ അതു വര്‍ഗീയ കാലാപത്തിലേയ്ക്ക് ഗുജറാത്തിനെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളെയും നയിക്കുമെന്നതില്‍ തര്‍ക്കമില്ല. അത്തരം വര്‍ഗീയ ലഹളകള്‍ക്ക് ആക്കം കൂട്ടാനല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.
ഫുള്‍സ്റ്റോപ്പ്: “ചണ്ഡാലനും സ്വപചനും ഗ്രാമത്തിനു വെളിയില്‍ താമസിക്കണം. അവര്‍ ഭക്ഷിച്ച പാത്രം ഉപേക്ഷിക്കണം. പട്ടിയും കഴുതയും മാത്രമേ അവര്‍ക്കു ധനമായി കരുതാന്‍ പാടുള്ളൂ. ശവ വസ്ത്രമേ ധരിക്കാവൂ. അവരുമായി സഹവാസമോ പണമിടപാടുകളോ പാടില്ല” – മനുസ്മൃതി

Leave a Comment

*
*