വരമ്പത്തെ കൂലി

"ആര്‍ത്തലച്ചുകരയാനേ ഞങ്ങള്‍ ക്കാകുന്നുള്ളൂ. ക്ഷമയും സാഹോദര്യ വുമല്ലാതെ മറ്റൊരായുധവും കത്തോലിക്കാസഭയ്ക്കില്ല" എന്ന് ഫ്രാന്‍സിലെ റൂവന്‍ രൂപതാദ്ധ്യക്ഷന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞത് വരമ്പത്തെ എല്ലാ കൂലിക്കാരും മനസ്സിലാക്കിയിരുന്നെങ്കില്‍! വരമ്പില്ലാത്ത വയലിന്‍റെ മതമാണ് ക്രിസ്തുവിന്‍റേതെന്ന് തുടരെത്തുടരെ ലോകം കാണുകയാണ്.

വയലും വരമ്പും പ്രോഗ്രാം തിര്‍മിക്കുകയാണ്. വയലില്‍ മുഖ്യനും വരമ്പത്തു സെക്രട്ടറിയും എന്ന മട്ടിലാണു കാര്യങ്ങള്‍ കേരളത്തില്‍. പയ്യന്നൂര്‍ പ്രാസംഗികനും കണ്ണൂരിരട്ടകളും ചേര്‍ന്ന് അണികള്‍ക്കു കൃത്യമായ ക്ലാസ്സുകള്‍ കൊടുത്തുകഴിഞ്ഞു. വണ്‍-ടൂ-ത്രീക്കാര്‍ ചുക്കാന്‍ ഏറ്റെടുത്തതോടെ വരമ്പിന്‍റെ വീതി കൂടിക്കൂടിവരുന്നോയെന്നു സംശയിക്കേണ്ട അവസ്ഥയാണ്.
സിപിഎം – ബിജെപി സംഘര്‍ഷം ഒന്ന് – ഒന്ന് സമനിലയില്‍ തല്ക്കാലം പിരിഞ്ഞെന്നു നിയമസഭയില്‍ത്തന്നെ പ്രഖ്യാപനമുണ്ടായതു നന്നായി. ഒന്ന് എന്നതു മനുഷ്യജീവനാണെന്നുമാത്രം അധികമാരും ഓര്‍ത്തില്ലെന്നു തോന്നുന്നു. പാര്‍ട്ടിയുടെ വരമ്പത്തുതന്നെ കൂലി കിട്ടിയവരുടെ കണക്കു വല്ലതുമുണ്ടോ, ആവോ!
ഭാരതത്തില്‍ ദളിതര്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന വരമ്പിലെ കൂലിക്ക് അവര്‍ ഏതു വയലിലാണ് പണി ചെയ്തതെന്നു ചോദിക്കാന്‍ ഇവിടെ നാവുകളുയരുന്നില്ല. ജനനത്തോടെ വരമ്പിലെ കൂലിക്കു വിധിക്കപ്പെട്ടവരാണവര്‍ എന്ന ഒരവസ്ഥയാണ് സവര്‍ണമേലാളന്മാര്‍ ഭാരതമാകമാനം സംജാതമാക്കിയിരിക്കുന്നത്. എന്നിട്ട് കേരളത്തിലെ നാല്ക്കവലകളില്‍ ദളിതുപീഡനത്തിനെതിരേ പോസ്റ്ററുകളുയര്‍ത്തിയിട്ടോ ജനകീയ സമരനേതാക്കളെ കൂടെക്കൂട്ടിയിട്ടോ എന്തുഫലം?
പടച്ചോന്‍റെ പേര് ഒരു പുസ്തകത്തിനിട്ടു എന്ന ഒറ്റക്കാരണത്താല്‍ വരമ്പത്തു കൂലികിട്ടിയ ഒരു യുവസാഹിത്യകാരന്‍ നട്ടെല്ലു ഞെരുങ്ങി ആശുപത്രിയില്‍ കിടക്കുകയാണ്. കൈവെട്ടിന്‍റെയും കഴുത്തുവെട്ടിന്‍റെയും ദൈവികാവകാശം പേറുന്നവര്‍ നടുവരമ്പത്തും കയറി വിലസുകയാണല്ലോ. എസ്ഡിപിഐ കേരളത്തിലാകമാനം വരമ്പുണ്ടാക്കുകയാണെന്നു മുഖ്യന്‍തന്നെ നിയമസഭയില്‍ പ്രസ്താവിച്ചു. എന്നിട്ട് ആ വരമ്പ് ഇല്ലാതാക്കാനുള്ള നടപടികള്‍ എന്തുമാത്രം പുരോഗമിച്ചു?
കൊച്ചിയിലും തിരുവനന്തപുരത്തും വയലില്‍ പണിതത് അഭിഭാഷകരാണോ മാധ്യമക്കാരാണോ എന്നൊന്നും വ്യക്തമാകാതെ പൊതുജനം കുഴയുകയാണ്. പത്രം തുറക്കുമ്പോഴും റ്റിവി ഓണ്‍ ചെയ്യുമ്പോഴുമെല്ലാം ڇമായ, മായ, സര്‍വം മായڈ എന്നു സഭാപ്രസംഗകന്‍ വിളിച്ചുപറയുന്നതുപോലെ…! ഒരു കാര്യം മാത്രം വ്യക്തം – ആര്‍ക്കൊക്കെയോ വരമ്പത്തു പണികിട്ടി.
വോട്ടുരേഖപ്പെടുത്തിയതിന്‍റെ മഷി നഖം വിട്ടുപോയത് ഈയിടയ്ക്കാണ്. അപ്പോഴേക്കും څവരമ്പത്തെ കൂലിچവര്‍ത്തമാനം കേരളത്തിലെ ഭരണകക്ഷിയുടെ മുഖ്യ പാര്‍ട്ടിസെക്രട്ടറിയില്‍നിന്നും കേള്‍ക്കേണ്ടിവന്നതില്‍ വോട്ടറെന്ന നിലയില്‍ ഖേദമുണ്ട്. څകണ്ണിനുപകരം കണ്ണ്; പല്ലിനുപകരം പല്ല്چ എന്ന പഴഞ്ചന്‍ നീതിശാസ്ത്രത്തിലാണ് ഈ പരിഷ്കൃതയുഗത്തിലും നമ്മുടെ നേതാക്കന്മാരെന്ന അറിവ് വല്ലാത്ത വേദനയുളവാക്കുന്നു. ഏറെ നാളുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്ന ഈ അക്രമരാഷ്ട്രീയം അവസാനിച്ചേ മതിയാകൂ! അതിന് ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസ്സും സാമുദായിക സംഘടനകളും മുന്‍കൈയെടുത്തേ മതിയാകൂ!
യൂറോപ്പിലും ഇത് ആകമാനം വരമ്പുകൂലിയുടെകാലമാണെന്നു തോന്നുന്നു. സ്നേഹത്തിന്‍റെയും കരുണയുടെയും വാതില്‍ തുറന്നിട്ടുകൊടുത്തത് വയലിലെ പണിയായിപ്പോയെന്ന് കൂലികിട്ടിയപ്പോഴാണു തിരിച്ചറിയുന്നത്. ڇആര്‍ത്തലച്ചുകരയാനേ ഞങ്ങള്‍ക്കാകുന്നുള്ളൂ. ക്ഷമയും സാഹോദര്യവുമല്ലാതെ മറ്റൊരായുധവും കത്തോലിക്കാസഭയ്ക്കില്ലڈ എന്ന് ഫ്രാന്‍സിലെ റൂവന്‍ രൂപതാദ്ധ്യക്ഷന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞത് വരമ്പത്തെ എല്ലാ കൂലിക്കാരും മനസ്സിലാക്കിയിരുന്നെങ്കില്‍! എണ്‍പത്തിയാറുകാരനായ ഷാക്ക് ഹാമെല്‍ അച്ചനെ അള്‍ത്താരയില്‍നിന്നു പിടിച്ചിറക്കി കഴുത്തരിഞ്ഞ ജിഹാദികളുടെ മൃഗീയനടപടിക്കെതിരേ നെഞ്ചുപിടഞ്ഞ ഒരു ഇടയന്‍റെ വാക്കുകളാണവ.
വരമ്പില്ലാത്ത വയലിന്‍റെ മതമാണ് ക്രിസ്തുവിന്‍റേതെന്ന് തുടരെത്തുടരെ ലോകം കാണുകയാണ്. ڇഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോടു ക്ഷമിക്കണമേڈ എന്ന് വേദനയുടെ പാരമ്യത്തിലും പ്രാര്‍ത്ഥിച്ച യേശുക്രിസ്തുവിന്‍റെ ഈ ചൈതന്യമാണ് മനുഷ്യന് ഇന്ന് ആവശ്യം, പടനായകന്മാരുടെ കഴുത്തറുപ്പന്‍ ചൈതന്യമല്ല – സംഘികളുടെ സൂത്രങ്ങളോ ഐഎസിന്‍റെ ക്രൂരതകളോ വിപ്ലവപ്രസ്ഥാനങ്ങളുടെ വെല്ലുവിളിയോ ഒന്നുമല്ല.
ഇത്തിരിപ്പോന്ന ആയുസ് സ്നേഹത്തിനും നന്മയ്ക്കും വേണ്ടിയല്ലെങ്കില്‍ ഇതുകൊണ്ട് എന്തു പ്രയോജനം? വെറുപ്പിന്‍റെയും പ്രതികാരത്തിന്‍റെയും ലാമെക്കു സംസ്കാരത്തിനു (ഉത്പത്തി 4,24) വളം ചെയ്യുന്നവര്‍ ചരിത്രത്തോടും മനുഷ്യകുലത്തോടും വലിയ അതിക്രമമാണു പ്രവര്‍ത്തിക്കുന്നതെന്നു പറയാതെവയ്യാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org