വിദ്യാഭ്യാസം എത്ര കാലത്തേയ്ക്കാണ്?

കുട്ടിക്ക് അഡ്മിഷന്‍ നേടിയെടുത്തത് ഏറ്റം നല്ല സ്‌കൂളിലാണ്. സ്‌കൂള്‍ നാഷണല്‍ ഹൈവേയുടെ അരുകിലാകയാല്‍ പ്രിന്‍സിപ്പല്‍ സ്‌കൂളിലെ വാച്ചുമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്: "സ്‌കൂള്‍ ബസ് മതിലിനകത്തു കടന്നു കഴിഞ്ഞ്, സ്‌കൂള്‍ ഗെയ്റ്റ് അടച്ചതിനുശേഷമേ, ബസ്സിന്റെ ഡോര്‍ തുറക്കാവൂ.'
അയാള്‍ അതു കൃത്യമായി ചെയ്തിരുന്നു. വണ്ടി വന്നു, അകത്തു കയറി. വാച്ച്മാന്‍ സ്‌കൂളിന്റെ ആനവാതില്‍ വലിച്ചടച്ചു. അതു നോക്കിയിരുന്ന ഉണ്ണികള്‍ പറഞ്ഞു: "അടച്ചെടാ, അടച്ചൂ; ഇനി തുറക്കും; നാലു മണിയാകണം." പത്തു മുതല്‍ നാലു വരെ കാരാഗൃഹവാസം എന്നു വിളിച്ചോതുന്ന നിഷ്‌കളരുടെ സ്വരം ആരു കേള്‍ക്കാന്‍!?
ഉച്ചകഴിഞ്ഞു മൂന്നു പീരീഡുകളുണ്ട്. ഒന്നാമത്തെ പീരീഡ് കഴിയുമ്പോള്‍ എന്നും കൃത്യമായി പ്രിന്‍സിസിപ്പലിന്റെ ചെവിയിലെത്തും, ഒരു യാന്ത്രികശബ്ദം. എന്താണെന്നോ? ഇന്നിനി മതിയെന്നു തീരുമാനിച്ച ഉണ്ണികള്‍ പുസ്തകങ്ങളും ബുക്കുകളും ബാഗിലേക്കു തള്ളിക്കയറ്റിയിട്ടു സിബ്ബിടുന്ന ശബ്മാണു പ്രിന്‍സിപ്പല്‍ കേള്‍ക്കുന്നത്. അവര്‍ ചോദിക്കുന്നു: "അച്ചാ, മതിയച്ചാ; ഇനി നിര്‍ത്തരുതോ?" അല്പം വിശ്രമത്തിനുവേണ്ടിയുള്ള മൂളക്കമാണത്!
വൈകുന്നേരം വളരെ വൈകി ട്യൂഷന്‍ ഹോമില്‍ നിന്നു വീട്ടിലേക്കു പോകുന്ന കുട്ടിയെ പള്ളിയുടെ മുന്‍വശത്തു ഞാന്‍ കണ്ടു. മുതുകില്‍ വലിയൊരു പുസ്തകസഞ്ചിയുമായി, നന്നേ ക്ഷീണിതനായി വളഞ്ഞുനില്ക്കുന്ന കുട്ടി എന്നോടു ചോദിച്ചു: "അച്ചാ, ഞാനൊരു സംശയം ചോദിക്കട്ടെ?"
"എന്തിനാണ് ഈ ആമുഖം? നിനക്കു ചോദിക്കാമല്ലോ" എന്നു ഞാന്‍ പറഞ്ഞു. ദൈന്യതയോടെ അവന്‍ എന്നെ നോക്കി ചോദിച്ചു: "അച്ചാ, ഈ വിദ്യാഭ്യാസം എന്നാണു തീരുന്നത്?"
"എന്നു വേണമെങ്കിലും തീര്‍ക്കാം; എന്താ, നീ മടുത്തോ?" ഉത്തരം വ്യക്തമാണല്ലോ. നിഷ്‌കളങ്കരുടെ ഈ സന്ദേശങ്ങള്‍ ആരു സ്വീകരിക്കാന്‍?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org