Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> വിപ്ലവ വായാടിത്തം ഗുണകരമാവില്ല

വിപ്ലവ വായാടിത്തം ഗുണകരമാവില്ല

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

മാനേജര്‍മാര്‍ വിദ്യാഭ്യാസകച്ചവടം അവസാനിപ്പിച്ച് രംഗം വിടാന്‍ ഒരുങ്ങുമ്പോള്‍ വിപ്ലവവായാടികള്‍ മൊഴി മാറ്റുകയാണ്. വിദ്യാലയങ്ങള്‍ ഒരു കാരണവശാലും അടച്ചുപൂട്ടാന്‍ പാടില്ല. ഖജനാവില്‍ നിന്നു പണം മുടക്കി അവ ഏറ്റെടുക്കണമത്രേ.

തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിന്‍റെ വലിയൊരു പ്രചാരണവാക്യമായിരുന്നു, ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’ എന്നത്. ഭരണത്തില്‍ വന്നപ്പോള്‍ അധികം പേരും അങ്ങനെയൊന്നും പറയുന്നില്ല. യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തില്‍ മുദ്രാവാക്യങ്ങള്‍ക്കു വലിയ പ്രസക്തിയില്ലല്ലോ. എന്നാല്‍ വിദ്യാഭ്യാസമന്ത്രി തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ കെട്ടുവിടാത്ത മട്ടില്‍ തട്ടിവിട്ടു: “അണ്‍ ഇക്കണോമിക് വിദ്യാലയങ്ങളൊന്നും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ അനുവദിക്കുകയില്ല; അവയെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കും.”
കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതാണു പശ്ചാത്തലം. മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് എതിരായി സ്ഥലവാസികളായ ചിലര്‍ സമരം നടത്തിയിരുന്നു. സ്ഥലം എംഎല്‍എയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരും സ മരത്തെ പിന്തുണച്ചിരുന്നു. അണ്‍ ഇക്കണോമിക് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ചാണു മാനേജര്‍ മുന്നോട്ടുപോയത്. ഭരണം കിട്ടിയതിന്‍റെ വെളിച്ചത്തില്‍ മാനേജരുടെ നീക്കത്തെ തടയാമെന്നാണു സമരക്കാര്‍ വിചാരിച്ചത്. വിദ്യാഭ്യാസമന്ത്രി അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്നു മന്ത്രിക്ക് ഇപ്പോള്‍ മനസ്സിലായി കാണണം. കേരള വിദ്യാഭ്യാസചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടു വേണം സ്കൂളുകള്‍ ഏ റ്റെടുക്കാന്‍. അതു വളരെ സങ്കീര്‍ണമായ വിഷയമാണ്. വിദ്യാലയം വക സ്ഥലവും കെട്ടിടവും ന്യായമായ പ്രതിഫലം നല്കി സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനു കോടിക്കണക്കിനു രൂപ വേണം. മലാപ്പറമ്പുപോലെ മാനേജര്‍മാര്‍ അടച്ചുപൂട്ടാനൊരുങ്ങുന്ന വിദ്യാലയങ്ങള്‍ പലതും നിലകൊള്ളുന്നതു നഗരമദ്ധ്യത്തിലാണ്. അതുകൊണ്ടുതന്നെയാണ് അവ അടച്ചുപൂട്ടാന്‍ മാനേജര്‍മാര്‍ ധൃതി കൂട്ടുന്നതും. ഇങ്ങനെ കോടികള്‍ മുടക്കി സ്ഥലം ഏറ്റെടുക്കുന്നതിനെ ധനവകുപ്പ് എതിര്‍ക്കുകയാണത്രേ.
വിദ്യാലയങ്ങള്‍ അണ്‍ ഇക്കണോമിക് ആകാതെ നോക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. ‘അണ്‍ ഇക്കണോമിക്’ എന്ന പരികല്പനതന്നെ കൊണ്ടുവന്നതു സര്‍ക്കാരാണ്. നൂറു കുട്ടികളില്ലാത്ത വിദ്യാലയങ്ങള്‍ സാമ്പത്തികമായി നിലനില്ക്കാന്‍ അര്‍ഹതയില്ലാത്തവയാണെന്നു വിധി എഴുതി. അത്തരം സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടതാണത്രേ. സംസ്ഥാനത്തെ നൂറുകണക്കിനു വിദ്യാലയങ്ങള്‍ പ്രത്യേകിച്ചു പ്രൈമറി വിദ്യാലയങ്ങള്‍ ഈ വിഭാഗത്തിലാണ്. അവിടെ വിദ്യാര്‍ത്ഥികള്‍ നിശ്ചിത എണ്ണമില്ലെങ്കില്‍ ഒഴിവു വരുന്ന പോസ്റ്റുകളില്‍ അദ്ധ്യാപകരെ നിയമിക്കുന്നില്ല. അങ്ങനെ മൂന്ന് അദ്ധ്യാപകര്‍ക്കു നാലു ക്ലാസ്സുകളില്‍ പഠിപ്പിക്കേണ്ടി വരുന്നു. ഹെഡ്മാസ്റ്റര്‍ക്ക് / മിസ്ട്രസിനു ക്ലാസ്സെടുക്കേണ്ടിയും വരുന്നു. സ്വാഭാവികമായും അത്തരം വിദ്യാലയങ്ങളിലേക്കു കുട്ടികളെ വിടാന്‍ മാതാപിതാക്കന്മാര്‍ മടിക്കും. വിദ്യാലയം നിലനില്ക്കണമെന്ന് അദ്ധ്യാപകരോ മാതാപിതാക്കളോ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ പണം മുടക്കി അദ്ധ്യാപകസഹായികളെ വയ്ക്കുകയാണിപ്പോള്‍. അതു ചെയ്യാത്തിടങ്ങളില്‍ കുട്ടികള്‍ വന്നുചേരാതാകുന്നു. അവ അടച്ചുപൂട്ടാതെ വേറെ മാര്‍ഗങ്ങളില്ല.
മറുവശത്തു പോസ്റ്റില്ലാതെ നി രവധി അദ്ധ്യാപകര്‍ പുറത്തു നില്ക്കുന്നുണ്ട്. അവര്‍ക്കു സര്‍ക്കാര്‍ വെറുതെ ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതകൊണ്ടുകൂടിയാണു വിദ്യാലയങ്ങള്‍ അണ്‍ ഇക്കണോമിക് ആകുന്നത്.
ഇവിടെ എയ്ഡഡ് വിദ്യാലയങ്ങള്‍ ഭൂരിഭാഗവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ വിപ്ലവ പക്ഷക്കാര്‍ സ്വകാര്യമേഖലയിലെ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ കച്ചവടം നടക്കുന്നു, വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കു മൂക്കുകയറിടണം എന്നാക്രോശിച്ചുകൊണ്ടിരുന്നു. മാനേജര്‍മാരുടെമേല്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തി. അവര്‍ക്കു ഫലപ്രദമായി വിദ്യാലയകാര്യങ്ങളില്‍ ഇടപെടാനാകാതെ വന്നു. ക്രമേണ, അവരുടെ താത്പര്യം കുറഞ്ഞുവന്നു. അദ്ധ്യാപകരാകട്ടെ, രാഷ്ട്രീയമായി സംഘടിച്ചു മാനേജര്‍മാരെ അവഗണിച്ചു. അതുപോലെ അവര്‍ കുട്ടികള്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഞങ്ങള്‍ക്കു പ്രശ്നമല്ല, ഞങ്ങളുടെ ശമ്പളം കൃത്യമായി കിട്ടണമെന്ന നിലപാടെടുത്തു. ഫലമോ, എയ്ഡഡ് വിദ്യാലയങ്ങളുടെ നിലവാരം ഇടിയാന്‍ തുടങ്ങി. ഇ പ്പോള്‍, ‘സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍’ എന്നിങ്ങനെ ഒരു സംവര്‍ഗമേയുള്ളൂ. രണ്ടും ഒരേ ഗണത്തിലായപ്പോള്‍ വിപ്ലവപക്ഷക്കാര്‍ക്കു സമാധാനമായി.
മാനേജര്‍മാര്‍ വിദ്യാഭ്യാസകച്ചവടം അവസാനിപ്പിച്ച് രംഗം വിടാന്‍ ഒരുങ്ങുമ്പോള്‍ വിപ്ലവവായാടികള്‍ മൊഴി മാറ്റുകയാണ്. വിദ്യാലയങ്ങള്‍ ഒരു കാരണവശാലും അടച്ചുപൂട്ടാന്‍ പാടില്ല. ഖജനാവില്‍ നിന്നു പണം മുടക്കി അവ ഏറ്റെടുക്കണമത്രേ. ഖജനാവു കാലിയാണെന്നു ധനമന്ത്രി വിലപിക്കുന്നു. കാലിയാണെന്നു സ്ഥാപിക്കാന്‍ ധവളപത്രമിറക്കിയിരിക്കുന്നു. ഉടനെ 10,000 കോടി രൂപയെങ്കിലും വേണമത്രേ. ഈ പതിനായിരം കോടിയില്‍ വിദ്യാലയങ്ങള്‍ ഏറ്റെടുക്കാനുള്ള പണമുണ്ടാകാന്‍ വഴിയില്ല. ഇവിടെ നൂറുകണക്കിന് അദ്ധ്യാപകര്‍ക്കു വര്‍ഷങ്ങളായി ശമ്പളം കിട്ടുന്നില്ല. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാത കുരുക്കില്‍ കുടുങ്ങി അവര്‍ വീര്‍പ്പുമുട്ടുകയാണ്. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ രണ്ടുമൂന്നു വര്‍ഷമായി പണിയെടുക്കുന്ന അ ദ്ധ്യാപകര്‍ക്കു സര്‍ക്കാര്‍ ഇതുവരെയും ഒരു ചില്ലിക്കാശും കൊടുത്തിട്ടില്ല. എന്നിട്ടും വിദ്യാഭ്യാസമന്ത്രി ‘വിദ്യാലയങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കും’ എന്നു വീമ്പിളക്കുന്നു. ഇതു വിപ്ലവവായാടിത്തമോ ആത്മവഞ്ചനയോ?

Leave a Comment

*
*