വിരുദ്ധ വിചാരങ്ങള്‍

സഭാചരിത്രത്തില്‍ ധാരാളം പേരെ പാഷണ്ഡത ആരോപിച്ചു കത്തിച്ചിട്ടുണ്ട്. പാഷണ്ഡത എന്നതിനു വേദവിരുദ്ധ നിലപാട് എന്നാണു സാധാരണ മനസ്സിലാക്കുക. പാഷണ്ഡി എന്നതു ഹെരട്രിക് എന്നതിന്റെ ഭാഷാന്തരമാണ്. ഹെരസി എന്ന വാക്കിനു നിലനില്ക്കുന്ന പ്രബോധനത്തെ എതിര്‍ക്കുന്ന നിലപാട് എന്നാണ് അര്‍ത്ഥം. പഴയ ചെക്കോസ്ലോവാക്കിയായില്‍ നിലനിന്ന കമ്യൂണിസ്റ്റ് ചിന്താധാരകളെ എതിര്‍ത്തയാന്‍ പടോച്കയുടെ പാഷണ്ഡലേഖനങ്ങള്‍ (heretical essays) വളരെ ശ്രദ്ധാര്‍ഹമായതും അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയതുമാണ്.
അദ്ദേഹത്തിന്റെ മൗലിക നിലപാടു ചരിത്രത്തെ ഇളക്കാം എന്നതാണ്. ചരിത്രത്തെ ഇളക്കുന്നതായിരുന്നു ആ ലേഖനങ്ങള്‍. ചരിത്രം ഇളക്കി മാറ്റുക എന്നതാണു ചരിത്രനിര്‍മാണം. മനുഷ്യന്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് "പുതിയ സൃഷ്ടിയാവണം." മനുഷ്യന്‍ ചരിത്ര പൂര്‍വജീവിയായി ഉറങ്ങരുത്. ചരിത്രം അവന്റെ തലവിധിയാകും. "സോക്രട്ടീസും അദ്ദേഹത്തെപ്പോലുള്ളവരും നഗരത്തില്‍ കൊല്ലപ്പെടേണ്ടതില്ല… ഇതാണു സോക്രട്ടീസ് എന്ന ആളുടെ അര്‍ത്ഥം." സോക്രട്ടീസ് ചരിത്രത്തെ ഇളക്കാന്‍ ശ്രമിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്തു. മനഃസാക്ഷി പ്രകാരം ജീവിക്കുന്നതു ചരിത്ര ത്തെ സൃഷ്ടിക്കുന്ന ജീവിതമാണ്. അതുകൊണ്ടു പടോച്ക എഴുതി: "നഗരം ആസൂത്രണത്തിനു വിധേയമാകണം."
മനുഷ്യന്‍ ചരിത്രത്തിലേക്കാണ് ഉണരേണ്ടത്. ചരിത്രത്തില്‍ ഉറങ്ങുന്നവര്‍ ചരിത്രത്തിനു പുറത്തു ജീവിക്കുന്നു. അതവര്‍ക്കു വിധിയായി മാറുന്നു. ചരിത്രമനുഷ്യര്‍ ചരിത്രത്തില്‍ ഉണര്‍ന്ന സംഘാതമായി ചരിത്രത്തെ നിര്‍വചിച്ച് ഇളക്കി മാറ്റുന്നവരാണ്. "ബാലിശമായ അര്‍ത്ഥങ്ങളെ" ഇളക്കാതെ ജീവിതം മാനുഷികമാകില്ല. ഉണരല്‍ ആത്മാവിന്റെ ഉണര്‍വാണ്. അത് ആത്മ പരിപാലനത്തിന്റെ ഫലമാണ്. ആത്മാവിന്റെ ചരിത്രത്തിലെ ഇടപെടലും ഇളക്കിമാറ്റലും. അ തു നടത്താനാകാത്ത ജനവിഭാഗങ്ങള്‍ ഇന്നും ജീവിക്കുന്നു – ചരിത്രം അതിന്റെ സ്വച്ഛമായ വഴിയില്‍ ഉണ്ടാക്കുന്ന വിധികളുടെ ഇരകളായിട്ട്. മനുഷ്യര്‍ കഥയെ ചരിത്രമാക്കുന്നതാണ് – ചരിത്രനിര്‍മാണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org