ശവമടക്കുന്ന സാംസ്കാരികത

ശവമടക്കുന്ന സാംസ്കാരികത

സോഫോക്ലിസിന്‍റെ വിശ്വപ്രസിദ്ധമായ 'ആന്‍റിഗണി' എന്ന ദുരന്തനാടകത്തിന്‍റെ വിഷയം ഒരു ശവസംസ്കാരമാണ്. രാജ്യത്തു നടന്ന ആഭ്യന്തരയുദ്ധത്തില്‍ രണ്ടു സഹോദരന്മാര്‍ പരസ്പരം ഏറ്റുമുട്ടി രണ്ടു പേരും മരിച്ചു. അതില്‍ ഒരുവനെ ക്രെയോണ്‍ രാജാവ് രാജകീയമായി അടക്കി. അപരന്‍റെ ശവം കാട്ടിലേക്കു വലിച്ചെറിഞ്ഞു. അവനെ പട്ടിയും കഴുകനും കുറുക്കനും തിന്നട്ടെ എന്നയാള്‍ അലറി. അതിന് അയാള്‍ക്കു കാരണമുണ്ട്. രാജ്യത്തിന്‍റെ നിയമവും അതിന്‍റെ അസ്തിത്വവും നിഷേധിക്കുന്നവനു രാജ്യത്തില്‍ അടക്കപ്പെടാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.
പക്ഷേ, ആന്‍റിഗണി എന്ന പെങ്ങള്‍ പറഞ്ഞു: "രണ്ടു പേരും എന്‍റെ സഹോദരന്മാരണ്. എനിക്ക് അവരോടുള്ള കടമ ഞാന്‍ നിറവേറ്റും. എന്‍റെ സഹോദരനെ ഞാന്‍ അടക്കും." അവന്‍റെ ശവം ഗതികിട്ടാത്ത അനാഥപ്രേതമാകാന്‍ അനുവദിക്കില്ല. അവളുടെ തീരുമാനം രാജാവിന്‍റെ വിധിയുമായി ഏറ്റുമുട്ടി. രാജാവ് കല്പിച്ചു: "എന്നെ ധിക്കരിക്കാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു?" അവള്‍ പറഞ്ഞു: "ഞാന്‍ ധൈര്യപ്പെട്ടു. അങ്ങയുടേതു ദൈവത്തിന്‍റെ പ്രഖ്യാപനമൊന്നുമല്ലല്ലോ… താങ്കളുടെ സര്‍വശക്തി ദൈവത്തിന്‍റെ അമര്‍ത്യവും അലിഖിതവുമായ നിയമത്തിന്‍റെ മുമ്പില്‍ ബലഹീനമാണ്." മരണംകൊണ്ട് അവളെ ഭയപ്പെടുത്തിയപ്പോള്‍ അവള്‍ പറഞ്ഞു: "എന്‍റെ മരണം പ്രധാനമല്ല. എന്‍റെ സഹോദരനെ അടക്കാതിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സഹിക്കുമായിരുന്നു; ഇപ്പോഴില്ല."
സഹോദരനെ അടക്കിയവളെ രാജാവു ഗുഹയില്‍ മരണത്തിനടച്ചു പൂട്ടി.
ഈ നാടകം ചര്‍ച്ച ചെയ്യുന്നതു ദുരന്തവും മരണവും സാമൂഹികജീവിതവുമാണ്. ധാര്‍മികമായ ജീവിതം മരണത്തിന്‍റെയും ശവസംസ്കാരത്തിന്‍റെയും മുമ്പില്‍ ചിന്തയ്ക്കു വിധേയമാക്കുന്നു. മരിച്ചവര്‍ ജീവിക്കുന്നവരോടൊത്തു വസിക്കണം. സെമിത്തേരികള്‍ ജീവിതമണ്ഡലത്തില്‍ നിന്നു വേലികെട്ടി വിഭജിച്ചു കാത്തുസൂക്ഷിക്കുന്നു. മരിച്ചവര്‍ ജീവിക്കുന്നവരുടെയും വസ്തുവകകളുടെയും ഇടയില്‍ കഴിയുന്നു. മരിച്ചവരെ അടക്കുന്നതു മരിച്ചവരെക്കുറിച്ചുള്ള വിലാപത്തിന്‍റെ ഭാഗമാണ്. മരിച്ചവര്‍ ആത്മീയരാക്കപ്പെടുന്നു. ശവസംസ്കാരം അവര്‍ക്കു സമൂഹത്തില്‍ ആത്മീയമായ അസ്തിത്വം നല്കലാണ്. അവരുടെ ജീവിതം വൃഥാവിലാകില്ല എന്നു തെളിയിക്കലാണിത്. മരിച്ചവര്‍ ജീവിക്കുന്നവരോടൊപ്പമുണ്ട്. ക്രെയോണ്‍ രാജാവിന്‍റെ നിയമമല്ല, മാനുഷികമായ സ്വാഭാവികനിയമമാണു പ്രധാനം. അതു കുടുംബത്തിന്‍റെ അവകാശവും കടമയുമാണ്. മരിച്ചവര്‍ മനസ്സിലാക്കപ്പെടുന്നു; മനസ്സില്‍ അവരെ സൂക്ഷിക്കുന്ന കര്‍മമാണ് അടക്കല്‍. അവര്‍ പോയി പക്ഷേ ഓര്‍മയില്‍ അവര്‍ അടക്കപ്പെട്ടിരിക്കുന്നു. അതു ജീവിതത്തിന്‍റെ ഒരു കടപ്പാടു നിറവേറ്റലാണ്. അവര്‍ അനാഥരല്ല, അവരെക്കുറിച്ച ഓര്‍മിക്കാനും പറയാനും കരയാനും ആളുകളുണ്ടാകുന്നതാണു ശവസംസ്കാരത്തിന്‍റെ പ്രസക്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org