സ്‌കൂളിലെ വിശ്രമം ആരറിഞ്ഞു

നാട്ടിലെ ഏറ്റം നല്ല സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ദിനചര്യ അറിയേണ്ടതുതന്നെ. വെളുപ്പാന്‍കാലത്ത് അമ്മ തട്ടിയിരുട്ടി എഴുന്നേല്പിക്കും. പള്ളിയില്‍ പോയി ദിവ്യബലിയില്‍ പങ്കെടുക്കാനൊന്നുമല്ല. ട്യൂഷന്‍ മാസ്റ്റര്‍ എന്ന പരബ്രഹ്മത്തിന്റെ മുമ്പില്‍ ഇരുത്തിക്കൊടുക്കാനാണ്. പിന്നെ രണ്ടു മണിക്കൂര്‍ നീളുന്ന പ്രയോഗമാണ്. അതിന്റെ പേരാണു ട്യൂഷന്‍. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞാല്‍ വീണ്ടും അങ്ങോട്ടുതന്നെ പോകണം. സന്ധ്യയ്ക്ക് ഏതാണ്ട് ഏഴു മണിയാകും അവസാന ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍. ഈ കുട്ടി എപ്പോഴാണു വിശ്രമിക്കുന്നത് എന്നതാണു കൗതുകകരമായ നിരീക്ഷണം.
കുട്ടി വിശ്രമിക്കുന്നതു നാട്ടിലെ ഏറ്റം നല്ല സ്‌കൂളില്‍ത്തന്നെ. അവന്‍ ക്ലാസ്സിലിരുന്നു വിശ്രമിക്കുന്നു. എങ്ങനെയെന്നോ? ഒന്നാമത്തെ പീരീഡ് വരുന്ന ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരും കൃത്യമായി സ്‌കൂള്‍ യൂണിഫോമില്‍ നടുവു വളയാതെയിരിക്കണം. വളഞ്ഞിരുന്നാല്‍ വേഗം വൃദ്ധരാകും. അതുകൊണ്ടു കുട്ടികള്‍ വടിപോലിരിക്കും. രണ്ടാമത്തെ പീരീഡിലെ ടീച്ചര്‍ പറഞ്ഞിട്ടുണ്ട്: "സുസ്‌മേരവദനരായിരിക്കണം." എവിടെ നിന്നു നോക്കിയാലും ചിരിക്കുകയാണെന്നു തോന്നുമാറു കുട്ടി ഒരു പ്ലാസ്റ്റക് ചിരി ഫിറ്റ് ചെയ്തിരിക്കും.
മൂന്നാമത്തെ പീരീഡിലെ ടീച്ചര്‍ ലീവാകയാല്‍ പ്രിന്‍സിപ്പല്‍തന്നെ ക്ലാസ്സില്‍ പോയി. ചില ജനറല്‍ നോളഡ്ജ് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഇടയ്‌ക്കൊരു ചോദ്യം. കൈ നീട്ടിയ ദിശയിലുള്ള കുട്ടി എഴുന്നേറ്റു നിന്നു മാന്യമായി പറഞ്ഞു: 'I don't know father.' സാരമില്ല, എന്താണു ഞാന്‍ ചോദിച്ചത്? 'I don't know father.' കുട്ടി ആവര്‍ത്തിച്ചു. കുട്ടിയുടെ ജഡം മാത്രം എന്റെ ക്ലാസ്സില്‍ വിശ്രമിക്കുന്നു. മനമോ, ഇഷ്ടമുള്ളിടത്തു ചുറ്റിയടിച്ചു വിശ്രമിക്കുന്നു! വിശ്രമിക്കാനെന്തു ചെയ്യും? രാവിലെ 6 മുതല്‍ രാത്രി 7 വരെ ഏകാഗ്രതയിലിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? വിശ്രമം ഏതു ജീവിതയുടെയും ആവശ്യമാണ്. അത് ഇന്നു സാദ്ധ്യമാകുന്നത് ഏറ്റം നല്ല സ്‌കൂളിലെ ക്ലാസ്സിലാണെന്ന് ആരറിഞ്ഞിരിക്കുന്നു!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org