ഹാജരില്ലാത്ത ദൈവം

ഹാജരില്ലാത്ത ദൈവം

യേശുവിന്‍റെ പ്രബോധനങ്ങളുടെ പ്രധാന മാധ്യമം ഉപമകളായിരുന്നു. ചെറുതും വലുതുമായ കഥകള്‍. ആ കഥകള്‍ പലതിനും അത്ഭുതകരമായ ഒരു പ്രത്യകതയുണ്ട്. പലതിലും പ്രധാന കഥാപാത്രം ഹാജരില്ലാതാകുന്നു.
ഉടമ യാത്രയ്ക്കു പോകുമ്പോള്‍ കൃഷിയിടങ്ങള്‍ പണിക്കാരെ ഏല്പിക്കുന്നു. ഉടമയില്ലാത്തപ്പോള്‍ കൃഷിക്കാരന്‍ അവിശ്വസ്തത കാണിക്കുന്നു. അവരെ ശിക്ഷിക്കുന്നു. കാണാന്‍ പോലുമില്ലാത്ത കടുകുമണിയോടാണു ദൈവരാജ്യത്തെ ഉപമിക്കുന്നത്. പിന്നെ പുളിമാവിനോട്. മൂന്നിടങ്ങഴി മാവില്‍ ഒരിടത്തും പുളിമാവു കാണാനില്ല. പുളിമാവ് ഒരിടത്തുമില്ലാതെ അപ്രത്യക്ഷമാകുന്നു. വിതക്കാരന്‍ വിതച്ചുകൊണ്ടു പോയി. വിതക്കാരനില്ലാതെ വിത്തുകള്‍ വളര്‍ന്നു. അപ്പോള്‍ കള്ളന്മാര്‍ കള വിതച്ചു കടന്നുകളഞ്ഞു. പക്ഷേ, കള പറിക്കാന്‍ കര്‍ത്താവ് അനുവദിക്കുന്നില്ല. കളകളും വിളയും ഒന്നിച്ചുവളരട്ടെ.
സ്വര്‍ഗരാജ്യത്തെ ഉപമിച്ചതു നിധിയോടും രത്നത്തോടുമാണ്. രണ്ടും ഒളിഞ്ഞിരിക്കുന്നു, മറഞ്ഞിരിക്കുന്നു; ഹാജരില്ല. അവന്‍ വന്നു, പക്ഷേ, നാട്ടില്‍ അവന്‍ അവഗണിക്കപ്പെടുന്നു. അവന്‍ ഹാജരായിട്ടും ആളുകള്‍ കാണുന്നില്ല. സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍; ലോകത്തില്‍ ഹാജരില്ലാത്ത വളരെ ചെറിയവനാണ്. കുഞ്ഞിനെപ്പോലെ അവനെ ആരും പരിഗണിച്ചില്ല. മുന്തിരിത്തോട്ടത്തിലെ കൃ ഷിക്കാരുടെ കഥയിലും "കൃഷിക്കാരെ ഏല്പിച്ചിട്ട് അവന്‍ പോയി." പക്ഷേ, കൃഷിക്കാരന്‍ ഉത്തരവാദിത്വം നിറവേറ്റിയില്ല. താലന്തുകള്‍ ഏല്പിക്കുന്നതു യാത്രയ്ക്കു പുറപ്പെടുന്നതിനു മുമ്പാണ്. താലന്തുകളുടെ കാര്യം അന്വേഷിക്കാന്‍ അവന്‍ വരുന്നതു കാലങ്ങള്‍ കഴിഞ്ഞാണ്. അതിനിടയില്‍ അവന്‍ ഇവിടെ ഇല്ല.
ഇതെല്ലാം സൂചിപ്പിക്കുന്നതു ദൈവം ഇവിടെ ഇല്ല എ ന്നുതന്നെയാണ്. ദൈവം തന്‍റെ ഉത്തരവാദിത്വം മനുഷ്യനെ ഏല്പിക്കുന്നു. റോഡില്‍ തല്ലുകൊണ്ട് അവശനായവനെ ദൈവമായ സമരിയാക്കാരന്‍റെ കഥയിലൂടെ യേശു പറഞ്ഞ ത് ഈ ഉത്തരവാദിത്വത്തിന്‍റെ കഥയാണ്. വീടില്ലാത്തവനു വീടു കൊടുക്കാനോ നീതി നിഷേധിക്കപ്പെട്ടവനു നീതിക്കു വേണ്ടി വാദിക്കാനോ ദൈവം വരില്ല. അഭയാര്‍ത്ഥികളെ സ്വീകരിക്കാനും അവന്‍ വരില്ല. ദൈവം ചോദിക്കുന്നു: "ആ രാണ് എനിക്കുവേണ്ടി പോകുക?" ഈശ്വരനില്ലാത്ത ലോകത്തില്‍ ഈശ്വരനാകാന്‍ മനുഷ്യന്‍ വിളിക്കപ്പെടുന്നു. ദൈ വം നല്കുന്ന ഉത്തരവാദിത്വം ദൈവത്തിന്‍റെ പകരക്കാരനാകാനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org