ഏകീകൃത സിവില്‍ കോഡ് വിവാദങ്ങള്‍

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടും ഇതിന്‍റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷ വിലയിരുത്തലുകള്‍ നടക്കുന്നില്ല എന്നതു ദുഃഖകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും വിരുദ്ധ പക്ഷങ്ങളെ ആക്രമിക്കാനുള്ള വടിയായിമാത്രം ഏകീകൃത സിവില്‍ കോഡിനെ വ്യാഖ്യാനിക്കുന്നതാണ് പ്രശ്നം. ഭൂരിപക്ഷസമുദായത്തിന്‍റെ സര്‍വ്വാദിപത്യത്തിനും വഴിതെളിക്കുമെന്ന് ന്യൂനപക്ഷം വാദിക്കുമ്പോള്‍ മൂന്നുതവണ തലാക്കു ചൊല്ലി ഭാര്യയെ പടിയിറക്കുന്ന നടപടിക്ക് അന്ത്യം കുറിക്കാനുള്ള സുവര്‍ണ്ണാവസരമായി ഏകീകൃത സിവില്‍ കോഡിനെ അവതരിപ്പിക്കുന്ന ഭൂരിപക്ഷ സമുദായവും കഥയറിയാതെ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നവരാണ്.
ഭാരതത്തിന്‍റെ ഭരണഘടനയുടെ 44-ാം ആര്‍ട്ടിക്കിളില്‍ നിര്‍ദ്ദേശിക്കുന്ന ഏകീകൃത സിവില്‍ കോഡ് മതങ്ങളുടെ വിഷയമായല്ല പൗരത്വത്തിന്‍റെ വിഷയമായാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ജാതിമതലിംഗഭേദങ്ങള്‍ക്കതീതമായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് പൊതുവായുള്ള അവകാശങ്ങളുടെ പ്രഖ്യാപനമാണിത്. പുരുഷാധിപത്യം കൊടിക്കുത്തിവാഴുന്ന നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങളുടെ തുല്യത ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍ കോഡ് ഗുണകരമാണെന്നു മാത്രമല്ല അത്യാവശ്യവുമാണ്. ഏകീകൃത സിവില്‍ കോഡിന്‍റെ സിംഹഭാഗവും ഇപ്പോള്‍തന്നെ നടപ്പിലായിട്ടുണ്ട് എന്നതാണ് സത്യം. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഏകീകൃതനിയമം (CrPc, IPC) ജാതിമതങ്ങള്‍ക്കതീതമായി ഇന്ത്യയില്‍ നിലവിലുണ്ട്. സമാനമായ ഏകീകൃതനിയമങ്ങള്‍ വിവാഹമോചനത്തെ സംബന്ധിച്ചും സ്വത്തവകാശത്തെസംബന്ധിച്ചും നിലവില്‍ വരുന്നതില്‍ തെറ്റു പറയാനാവില്ല. വിവാഹമോചിതയായ ഹിന്ദു സ്ത്രീയുടേയും മുസ്ലീം സ്ത്രീയുടേയും അവകാശങ്ങള്‍ നിലവിലുള്ള നിയമവ്യവസ്ഥിതിയില്‍ തുല്യമല്ല എന്നത് അന്യായമല്ലേ. ക്രിസ്ത്യാനി എഴുതിയ വില്‍പത്രവും ഹിന്ദു എഴുതിയ വില്‍പത്രവും നിയമദൃഷ്ട്യാ വ്യത്യസ്തമാകുന്ന നിലവിലെ വ്യവസ്ഥിതിയില്‍ പൗരാവകാശലംഘനമുണ്ട്. ഈ വിഷയങ്ങളൊന്നും മതവുമായി ബന്ധപ്പെട്ടതല്ല, മറിച്ച്, പൗരാവകാശവുമായി ബന്ധമുള്ളതാണ്. എന്തിനെയും ജാതിയുടേയും മതത്തിന്‍റേയും കണ്ണിലൂടെ വീക്ഷിച്ച് ദേശീയ ബോധത്തില്‍ തിമിരം ബാധിച്ചു തുടങ്ങിയ ഭാരതീയപൗരന് ആവശ്യമായ ചികിത്സയുടെ ഭാഗമായി ഏകീകൃത സിവില്‍ കോഡിനെ കരുതാം.
മതത്തിന്‍റെ ഭാഗമായി നടത്തിയിരുന്ന് പല അനാചാരങ്ങളും നിയമം മൂലം ഇന്നാട്ടില്‍ തിരുത്തിയിട്ടുണ്ട്. സതി നിരോധനം ഏറ്റവും നല്ല ഉദാഹരണമാണ്. ശൈശവവിവാഹ നിരോധന നിയമം നടപ്പിലാക്കിയപ്പോള്‍ മതത്തിന്‍റെ അടിത്തറയൊന്നും ഇളകിപ്പോയില്ല. കത്തോലിക്കരുടെ കാനന്‍ നിയമത്തിലും മുസ്ലീങ്ങളുടെ വ്യക്തിനിയമത്തിലും ഇന്ത്യന്‍ നിയമം നിര്‍ദ്ദേശിക്കുന്നതിനേക്കാളും ചെറുപ്രായത്തില്‍ വിവാഹത്തിനു വ്യവസ്ഥയുണ്ടായിരുന്നിട്ടും ഇരു കൂട്ടരും നിയമം അനുസരിക്കുന്നുണ്ടല്ലോ. തന്മൂലം മുസ്ലീങ്ങള്‍ പൊതുവിലും ചില ക്രിസ്ത്യാനികളും ഏകീകൃത സിവില്‍ കോഡിന് എതിരാണെന്ന് വരുത്തിതീര്‍ക്കാന്‍ ഭരണകക്ഷി നടത്തുന്ന ശ്രമത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും ഏക പത്നീവ്രതമുള്ളവരും മരണം വരെ അഭേദ്യമായി വിവാഹത്തെ കരുതുന്നവരുമാണ്. ഏകീകൃത സിവില്‍ കോഡു വരുന്നതിനു മുമ്പേ അതിനനുസരിച്ച് ജീവിക്കുന്നവരാണ് ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ എന്നു വ്യക്തമാണ്. മുസ്ലീം സ്വത്വബോധത്തെ കേവലം തലാക്കിലും നാലുവട്ടം കെട്ടുന്നതിലും ഒതുക്കി നിര്‍വചിക്കുന്ന ചില സങ്കുചിത ചിന്താഗതിക്കാരും അറിയാതെ അതിനു കുഴലൂതുന്ന മതനേതാക്കളുമാണ് ഇവിടെ പ്രശ്നം വഷളാക്കുന്നത്. വസ്തുതാപരമായ നിലപാടെടുത്ത ആലഞ്ചേരി പിതാവിനെ ആക്ഷേപിക്കാന്‍ ചില നേതാക്കള്‍ ഒരുമ്പട്ടതിന്‍റെ രഹസ്യവും മറ്റൊന്നല്ല.
മധ്യകാലത്ത് ചുരുങ്ങിയ കാലത്തേക്കെങ്കിലും ക്രൈസ്തവരുടെ ഇടയിലുണ്ടായിരുന്ന ഇന്‍ക്വിസിഷന്‍ കോടതികളെ അനുസരിപ്പിക്കുന്ന ഫത്വകള്‍ പുറപ്പെടുവിക്കുകയും ജീവനു വില പറയുകയും ചെയ്യുന്ന മതനേതാക്കളെ നിലക്കു നിര്‍ത്താനും വ്യത്യസ്ത ജാതിയിലെ കമിതാക്കളെ അടിച്ചുകൊല്ലാന്‍ കല്പിക്കുന്ന "കാഫ് പഞ്ചായത്തു"കള്‍ക്ക് കടിഞ്ഞാണിടാനും ഏകീകൃത സിവില്‍ കോഡിനു കഴിയണം.
ഇന്ത്യന്‍ സിവില്‍ കോഡിനെ ഏകീകരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണെന്നതു മറക്കരുത്. അഭിനവ ഭരണത്തിന്‍കീഴില്‍ ചില ആശങ്കകള്‍ക്കു ന്യായീകരണമുണ്ടുതാനും അവയില്‍ ചിലത് ഉദാഹരിക്കാം:
ഒന്നാമതായി, നടപ്പിലാക്കാന്‍ പോകുന്ന ഏകീകൃക സിവില്‍ കോഡ് ഭൂരിപക്ഷസമുദായത്തിന്‍റെ സിവില്‍ കോഡ് ന്യൂനപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിരിക്കുമോ എന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ട്. ഇന്ത്യയെന്നാല്‍ ഹിന്ദുസ്ഥാനാണെന്നും ഹിന്ദുക്കളല്ലാത്തവര്‍ രാജ്യം വിടണമെന്നും പ്രസംഗിക്കുന്നവര്‍ ഭരണത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുമ്പോള്‍ കേവ ലം ആശങ്കയ്ക്കു പുറത്ത് അസ്ഥിത്വ ഭീതി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ കുറ്റം പറയാനാവുമോ? ഇന്ത്യന്‍ ദേശീയതയുടെ വൈവിധ്യത്തിന്‍റെ സമഗ്രതയും സൗന്ദര്യവും പ്രതിഫലിക്കുന്ന തരത്തിലായിരിക്കണം ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കേണ്ടത്.
രണ്ടാമതായി, ഭക്ഷണം, വസ്ത്രധാരണം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതായിരിക്കണം ഏകീകൃത സിവില്‍ കോഡ്. ഗോമാംസം ഭക്ഷിക്കുന്നതിനെ നിരോധിച്ചും പന്നി മാംസം ഭക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചും ഭൂരിപക്ഷ നയങ്ങള്‍ ന്യൂനപക്ഷങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍ കരുതലെടുക്കണം.
മൂന്നാമതായി, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-ല്‍ ഉറപ്പു നല്കുന്ന, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പുതിയ മതവിശ്വാസം സ്വീകരിക്കാനുമുള്ള മതേതര സ്വാതന്ത്ര്യത്തിനു ഭംഗംകൂടാതെ നിലനിര്‍ത്താന്‍ കഴിയണം മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍ ചില മതങ്ങളെ മാത്രം ലാക്കാക്കി നടപ്പിലാക്കുകയും ഘര്‍വാപസികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അഭിനവസമീപനത്തിന് ഏകീകൃത സിവില്‍ കോഡിലൂടെ പരിഹാരമുണ്ടാക്കണം.
നാലാമതായി, മതംമാറുന്ന ദളിതര്‍ക്ക് ജാതിപരമായ ആനുകൂല്യങ്ങളും സംവരണവും നിശ്ചയിക്കുന്ന അഭിനവ സമീപനം പൗരാവകാശ ലംഘനമാണ്. സംവരണനിയമങ്ങള്‍ നിലനിര്‍ത്തുകയും മതപരിവര്‍ത്തനം സംവണത്തിന് അനര്‍ഹരാകുന്നില്ല എന്ന വ്യക്തമായ നയം പ്രഖ്യാപിക്കുകയും ചെയ്യണം. പതിനായിരക്കണക്കിന് ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന പൗരവിവേ ചനത്തിന് ഏകീകൃത സിവില്‍ കോഡിലൂടെ പരിഹാരമുണ്ടാകണം.
അഞ്ചാമതായി, ജനനനിയന്ത്രണം, ഭ്രൂണഹത്യ, കാരുണ്യവധം, ദത്തെടുക്കല്‍ സങ്കീര്‍ണ്ണമായ വിശ്വാസ- സാമൂഹ്യ പ്രശ്നങ്ങളില്‍ ഏകീകൃതസിവില്‍ കോഡ് ഇടപെടരുത്. വിശ്വാസവുമായി അഭേദ്യം ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏതെങ്കിലുമൊരു വിശ്വാസത്തിന്‍റെ നിലപാട് ദേശീയമായി അടിച്ചേല്‍പ്പിക്കുന്നത് മൗലീകാവകാശങ്ങളുടെ ലംഘനമാകും. കൂടാതെ മതവിശ്വാസവുമായി ബന്ധപ്പെട്ടവിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മതനേതൃത്വത്തിനു തന്നെ നല്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org