കെദ്രോണ്‍

കെദ്രോണ്‍

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

ക്രിസ്തുവിന്‍റെ കൂടെ – 6

ക്രിസ്തുവിന്‍റെ ചില ബോദ്ധ്യങ്ങളും തീരുമാനങ്ങളും എന്നെ വല്ലാതെ അതിശയിപ്പിക്കുന്നുണ്ട്. അവയില്‍ ഒന്നാണ് 'അവന്‍ കെദ്രോണ്‍ അരുവി കടന്നു തോട്ടത്തില്‍ പ്രവേശിച്ചു' എ ന്ന യോഹന്നാന്‍ സുവിശേഷകന്‍റെ വെളിപ്പെടുത്തല്‍ (യോഹ. 18:1). യോഹന്നാന്‍ മാത്രമാണതു സൂചിപ്പിക്കുന്നതും. കെദ്രോണ്‍ അരുവിയുടെ ചില പ്രത്യേകതകള്‍ അറിഞ്ഞാല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. ജെറുസലേം ദേവാലയത്തില്‍ വധിക്കപ്പെട്ടിരുന്ന കുഞ്ഞാടുകളുടെ രക്തം ബലിപീഠത്തില്‍ നിന്നും ഒലിച്ചിറങ്ങി നിപതിച്ചിരുന്ന തോടിന്‍റെ പേരാണു കെദ്രോണ്‍. കുഞ്ഞാടുകളുടെ രക്തം പേറി ഒലിവുമലയുടെ താഴ്വരകളിലൂടെ ഒഴുകി കെദ്രോണ്‍ എത്തിച്ചേര്‍ന്നിരുന്നതു ചാവുകടലിലുമാണ്. പഴയ നിയമത്തിലും കെദ്രോണിനെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. ദേവാലയം ശുദ്ധീകരിക്കുമ്പോള്‍ ബലിപീഠത്തിനു താഴെയും ദേവാലയത്തിനകത്തുമുള്ള മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരുന്നതു കെദ്രോണിലേക്കായിരുന്നു (2ദിന.29:16; 2 രാജ. 23:4; സാമു. 15:23). ചില ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതു ക്രിസ്തുവിന്‍റെ നാളുകളിലെ ഒരു പെസഹാ കാലഘട്ടത്തില്‍ 2,56,000-ഓളം ആടുകള്‍ ജെറുസലേം ദേവാലയത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടിരുന്നുവെന്നാണ്. അവയുടെയെല്ലാം ചോരയൊഴുകിയിരുന്നതു കെദ്രോണിലൂടെയും.
ക്രിസ്തു കെദ്രോണ്‍ കടന്നു എന്നു സുവിശേഷം പറയുമ്പോള്‍, ഇനി മുതല്‍ പെസഹായ്ക്ക് ഒരു കുഞ്ഞാടും വധിക്കപ്പെടേണ്ടതില്ല എന്ന് അര്‍ത്ഥമുണ്ട്. ക്രിസ്തുവിനെ നോക്കി 'ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്' (യോഹ. 1:29) എന്നു സ്നാപക യോഹന്നാന്‍ വിളിച്ചുപറഞ്ഞതിന്‍റെ പൂര്‍ത്തീകരണത്തിലേക്കുള്ള യാത്രയായിരുന്നു കെദ്രോണ്‍ കടന്നപ്പോള്‍ സംഭവിച്ചത്. കെദ്രോണ്‍ അരുവികടന്ന് എത്തിച്ചേര്‍ന്ന തോട്ടത്തില്‍വച്ചാണു ക്രിസ്തു ശത്രുകരങ്ങളില്‍ ഏല്പിക്കപ്പെടുന്നത് എന്നതും മറക്കരുത്. പഴയ നിയമത്തിന്‍റെ ആദ്യനാളുകളില്‍ ആബേലിന്‍റെ നിഷ്കളങ്കരക്തത്തിന്‍റെ നനവുണ്ടെങ്കിലും പു തിയ നിയമത്താളുകളിലൂടെ സഭയിലേക്ക് ഒഴുകിയിറങ്ങിയ ക്രിസ്തുവിന്‍റെ മരണത്തിലൂടെയാണു മാനവകുലത്തിനു രക്ഷകൈവന്നത് എന്നതും വിചിന്തനീയമാണ് (1 യോഹ. 1:7). കെദ്രോണ്‍ മറികടന്ന ക്രിസ്തുവിനു ബോദ്ധ്യമുണ്ടായിരുന്നു ഇനിയവനാണു ബലിമൃഗവും ബലിയര്‍പ്പകനുമെന്ന്. ഇനിയൊരു പെസഹായ്ക്കും കുഞ്ഞാടുകളുടെ നി ലവിളികള്‍ ഉയരാനും രക്തം ഒഴുകാനും പാടില്ല എന്ന ബോദ്ധ്യമായിരുന്നുവത്. "അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു" (ഏശ. 53:5; 1. പത്രോ. 2:24) എന്ന വാക്കുകളുടെ പൂര്‍ത്തീകരണ യാത്രയായിരുന്നുവത്. സത്യത്തില്‍ കെദ്രോണ്‍ കടക്കുവാനുള്ള വിളിയെന്നതു നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന വിളിയാണ്. അപരനുവേണ്ടി കുരിശു ചുമക്കാനും ചോര ചിന്താനുമുള്ള വിളി, സ്വാര്‍ത്ഥം വെടിഞ്ഞു ത്യാഗം പുണരാനുള്ള വിളി, പൂര്‍ണമനസ്സോടെ സഹനങ്ങള്‍ സ്വീകരിക്കാനുള്ള വിളി, അപഹാസ്യങ്ങ ളും ആക്ഷേപങ്ങളും ഏറ്റെടുക്കുവാനുള്ള വിളി, കെട്ടിപ്പെടുക്കലിന്‍റെയും വെട്ടിപ്പിടിത്തത്തിന്‍റെ യും സംസ്കാരത്തില്‍ ഒരു ആത്മവിചിന്തനത്തിനുള്ള വിളി, നേടിയവയിലും സ്വന്തമാക്കിയവയി ലും കുരിശുകളും സഹനങ്ങളും ഉണ്ടോ എന്നു പരിശോധിക്കുവാനുള്ള വിളി, വാഴ്ത്തപ്പെട്ട രക്തസാക്ഷികളുടെ ഗണത്തിലേക്കു യാത്ര ചെയ്യുന്ന റാണി മരിയമാരാകാനുള്ള വിളി. 'നിങ്ങള്‍ മാര്‍ പാപ്പയോ കര്‍ദിനാളോ മെത്രാനോ പുരോഹിതനോ ആരുതന്നെയായിരുന്നാലും കുരിശുകളില്ലാതെയാണു നിങ്ങള്‍ കെട്ടിപ്പടുക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരിക്കലും ക്രിസ്തുവിന്‍റെ അനുയായികളല്ല, മറിച്ചു ലോകത്തിന്‍റെ അ നുയായികളാണ്' എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ധ്യാനിക്കാനുള്ള വിളി കൂടിയാണത്.
കെദ്രോണ്‍ എന്നാല്‍ അന്ധകാരമെന്നും വിലാപമെന്നും അര്‍ത്ഥങ്ങളുണ്ട്. ക്രിസ്തുവിലേക്കുള്ള യാത്രയില്‍ നിന്‍റെ ജീവിതാന്ധകാരവും വിലാപവും മറികട ന്നു പുനരുത്ഥാനശോഭ നീ കൈവരിക്കും എന്ന വിശ്വാസം നിനക്കു വേണം. ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും മറികടക്കുവാന്‍ അവനോടൊപ്പമുള്ള യാത്രകള്‍ സഹായകരമാകും എന്നും ഓര്‍ക്കണം. വിചിന്തനം ചെയ്യുക; നിന്‍റെ ജീവിതത്തില്‍ നീ മറികടക്കേണ്ട കെദ്രോണുകള്‍ ഏതെല്ലാമാണ്? നിന്‍റെ ആ ത്മീയവും ശാരീരികവുമായ സ ഹനത്തിന്‍റെ രക്തത്തുള്ളികള്‍ ഒഴുകേണ്ട കെദ്രോണുകളും ഏതെല്ലാമാണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org