ഗാന്ധിസവും മോദിസവും

ഗാന്ധിയും മോദിയും തമ്മിലുള്ള സാമ്യം രണ്ടുപേരും ഗുജറാത്തുകാരായിരുന്നു എന്നതില്‍ ഒതുങ്ങുന്നു. മഹാത്മാഗാന്ധിയെ നോക്കുന്നതു ഹിമാലയത്തെ നോക്കുന്നതുപോലെ ഔന്നത്യമാണെന്നു പറഞ്ഞ ബര്‍ണാഡ് ഷായും തലമുറകള്‍ക്കുള്ള സനാതനമായ രാഷ്ട്രീയ പാഠപുസ്തകമാണു ഗാന്ധി എന്നു കണ്ടെത്തിയ ഐന്‍സ്റ്റീനും ഇന്ത്യക്കാരായിരുന്നില്ല. ഗാന്ധിയെപ്പോലൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാന്‍ താമസശക്തികള്‍ അരങ്ങു വാഴുന്ന കാലത്ത് അസാധ്യമായിരിക്കും എന്ന ഐന്‍സ്റ്റീന്‍റെ പ്രവചനം അന്വര്‍ത്ഥമായ കാലത്താണോ നാം ജീവിക്കുന്നത് എന്ന സംശയം ഉണര്‍ത്തുന്ന സംഭവങ്ങളാണ് ചുറ്റും കേള്‍ക്കുന്നത്.
ഏറ്റവുമൊടുവിലെ ചില ഉദാഹരണങ്ങള്‍ മാത്രം കുറിക്കാം. ഖാദിഗ്രാമ വ്യവസായ (KVIC) കമ്മീഷന്‍റെ 2017-ലെ കലണ്ടറില്‍ ഗാന്ധിയുടെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധിയുടെ പ്രസിദ്ധമായ ചിത്രം നരേന്ദ്ര മോദി ചര്‍ക്ക പ്രവര്‍ത്തിപ്പിക്കുന്ന ചിത്രമാക്കി മാറ്റി. ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ രൂപയുടെ ഗതികേടിനു കാരണം അതിലെ ഗാന്ധിയുടെ ഓജസ്സില്ലാത്ത മുഖമാണത്രേ. പകരം മോദിയുടെ മുഖചിത്രമുള്ള നോട്ടുകള്‍ അടിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം – ഗാന്ധിസത്തിന്‍റെ അന്തസ്സത്തകള്‍ക്ക് മോദിസത്തില്‍നിന്നുള്ള അകലം വായിച്ചെടുക്കാന്‍ കഴിയാതെ പോകുന്നത് ഗതികേടാണ്. ഗാന്ധിക്കുമേല്‍ മറ്റൊരു ഗുജറാത്തുകാരന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പ്രതിഷ്ഠിക്കാന്‍ സാംഘികള്‍ സംഘടിതമായി നടത്തിയ ശ്രമവും ഇതോടുചേര്‍ത്തു വായിക്കണം. ഗാന്ധിയെ വെറുത്തു ഗോഡ്സെയെ പൂജിച്ച സാംഘികളുടെ വാദങ്ങളെ ഒറ്റപ്പെട്ട ജല്പനങ്ങളായി മാത്രം അവഗണിക്കാന്‍ കഴിയാത്തവിധം ഗാന്ധിസത്തെ വിഴുങ്ങാന്‍ മോദിസം രൗദ്രത ആര്‍ജ്ജിക്കുകയാണ്. ഇവ തമ്മിലെ അന്തരങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടു കാര്യമില്ലെങ്കിലും, കവി പറഞ്ഞതുപോലെ, വെറുതെ ചിന്തിക്കുവാനുള്ള മോഹം കൊണ്ടു ചിന്തിക്കുകയാണ്.
ഒന്നാമതായി, വാക്കില്‍നിന്ന് വ്യക്തിയിലേക്കുള്ള അകലം കുറയുന്നതിനെയാണ് മഹത്ത്വം എന്നു വിശേഷിപ്പിക്കുന്നത്. ഗാന്ധിയെ മഹാത്മാവാക്കിയത് ഈ അകലക്കുറവാണ്. ഗാന്ധി ചര്‍ക്കയെടുത്തത് കാമറയ്ക്കു മുന്നില്‍ പോസു ചെയ്യാനല്ല. പത്തു ലക്ഷത്തിന്‍റെ കോട്ടും അതില്‍ സ്വന്തം പേര് സ്വര്‍ണ്ണ നൂലില്‍ തുന്നിച്ചേര്‍ക്കാന്‍ രണ്ടു ലക്ഷം തുന്നല്‍ക്കൂലിയും കൊടുക്കുന്നവര്‍ ഗാന്ധിയുടെ ചര്‍ക്കയെ തൊട്ടാല്‍ അവിടെയാണ് ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തേണ്ടത്. സര്‍വ്വമൂല്യങ്ങളും കാമറയ്ക്കു മുന്നിലെ അഭിനയങ്ങളും മൈക്കിനു മുന്നിലെ വാക്ധോരണികളുമായി പരിണമിച്ചു എന്നതാണ് ഗാന്ധിസത്തില്‍നിന്നു മോദിസത്തിലേക്കുള്ള വ്യതിയാനത്തിലെ ആദ്യ അപകടം.
രണ്ടാമതായി, ഗാന്ധിക്ക് ദേശീയത എന്നത് കൂട്ടായ്മയായിരുന്നു. ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനെ പിളര്‍ത്താന്‍ ലീഗും ജനസംഘവും (സാംഘികളുടെ ആദ്യരൂപം) സര്‍വ്വാത്മനാ പരിശ്രമിച്ചപ്പോള്‍ മരണംവരെ ഉപവസിക്കാന്‍ തീരുമാനമെടുക്കുന്നതാണു ഗാന്ധിസം. എന്നാല്‍ മോദിസത്തില്‍ ദേശീയത ഭിന്നതയ്ക്കുള്ള അടിസ്ഥാനകാരണമായി മാറുന്നു. ഇഷ്ടമില്ലാത്തവരെയെല്ലാം അക്രമിക്കാന്‍ ദേശീയതയോളം കരുത്തുറ്റ ആയുധമില്ലെന്ന കണ്ടെത്തലാണ് മോദിസത്തിന്‍റെ മുഖമുദ്ര. ദേശീയഗാനവും ദേശീയ പതാകയും ഭിന്നിപ്പിക്കാനുള്ള ഉപാധികളാക്കുന്ന ദുരന്തം ഭീകരവാദമാണ്. ഇപ്പോള്‍ ദേശീയ ഗാനത്തിനുവേണ്ടി അലമുറയിടുന്നവര്‍ ദേശീയഗാനത്തെ അപഹസിച്ചതിന്‍റെ ചരിത്രം സുബോധമുള്ളവര്‍ പുറകോട്ടു വായിക്കട്ടെ. ലജ്ജാകരമായതിനാല്‍ അതിവിടെ ഉദ്ധരിക്കുന്നില്ലെന്നു മാത്രം. സാംഘികളുടെ നാഗപ്പൂര്‍ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി തുടങ്ങിയതിന്‍റെ നാള്‍വഴി പരിശോധിക്കുന്നതും നല്ലതാണ്. ഫാസിസത്തിന്‍റെ മുഖമുദ്രയും ദേശീയവാദമായിരുന്നു എന്ന സത്യം സാംഘികള്‍ മറക്കരുത്. ഹിറ്റ്ലറും മുസ്സോളിനിയും ദേശീയത വാദമുയര്‍ത്തിയാണ് ഭീകരവാദത്തിലേക്കും വംശഹത്യയിലേക്കും വഴി നടന്നത്. സാംഘികള്‍ ഉയര്‍ത്തുന്ന ഭാഗി കവത്ക്കരിക്കപ്പെട്ട ദേശീയവാദം കറകളഞ്ഞ ഭീകരവാദമാണ്.
മൂന്നാമതായി, എതിര്‍പ്പിന്‍റെ സ്വരങ്ങളെ അഹിംസയുടെ സ്നേഹദൂതുമായി വട്ടമേശയ്ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്യാനുള്ള സഹിഷ്ണുത ഗാന്ധിസത്തിന്‍റെ മുഖമുദ്രയാണ്. എതിരഭിപ്രായം പറയുന്നവനെ "എറിഞ്ഞുകൊല്ലുന്ന സംസ്കാരമാണ്" ഇന്നു ശക്തിപ്രാപിക്കുന്നത്. പ്രധാനമന്ത്രിയുടെ ബിരുദത്തിനു സാക്ഷ്യപത്രം ചോദിച്ച വിവരാവകാശകമ്മീഷണര്‍ക്ക് 24 മണിക്കൂറുപോലും ആയുസ്സുണ്ടായിരുന്നില്ല. നോട്ടു നിരോധനം ജനത്തെ സങ്കടത്തിലാക്കി എന്നു പറഞ്ഞതിന്‍റെ പേരില്‍ എം.ടിക്ക് പാക്കിസ്ഥാന്‍ ടിക്കറ്റാണ് നല്‍കപ്പെടുന്നത്. തെറ്റിനെ അംഗീകരിക്കാനുള്ള ആര്‍ജ്ജവമില്ലായ്മ അപകടകരമാണ്. സ്വന്തം നേതാവിന്‍റെ ഇല്ലാത്ത ഗുണങ്ങളെ ഊതിപ്പെരുപ്പിക്കാനുള്ള വ്യഗ്രതയില്‍ ജനാധിപത്യത്തിന്‍റെ സര്‍വ്വമൂല്യങ്ങളും തകര്‍ക്കപ്പെടുകയാണ്. ചര്‍ച്ചകള്‍ക്കോ പത്രസമ്മേളനങ്ങള്‍ക്കോ പാര്‍ലമെന്‍റിലോ പ്രത്യക്ഷപ്പെടാതെ ഏകപക്ഷീയമായ അറിയിപ്പുകള്‍ ടിവിയിലൂടെയും റേഡിയോയിലൂടെയും നല്‍കുന്നത് ജനാധിപത്യത്തിന്‍റെയല്ല ഏകാധിപത്യത്തിന്‍റെ ശൈലിയാണ്. സമാനമായ ശൈലി അനുവര്‍ത്തിക്കുന്നത് ലോകത്ത് ഉത്തരകൊറിയന്‍ നേതാവ് കിം ജോ ഉന്‍ മാത്രമാണ്.
നാലാമതായി, അനുയായികളെ സ്വതന്ത്രചിന്തയിലേക്കും സ്വത്വബോധത്തിലേക്കും നയിക്കുന്നതാണ് ഗാന്ധിസം. എന്നാല്‍, മോദിസം അണികളെ കുഴലൂത്തുകാര്‍ മാത്രമാക്കി മാറ്റി. ഉടുക്കാത്ത രാജാവിന്‍റെ മേലങ്കിയുടെ ഇഴയടുപ്പം വര്‍ണ്ണിക്കുന്ന ഇളിഭ്യന്മാര്‍ മാത്രമാണവര്‍. രാജാവ് നഗ്നനാണ് എന്ന സത്യം പറയാന്‍ കഴിവു നഷ്ടപ്പെട്ട നപുംസകങ്ങളെ സൃഷ്ടിക്കുന്നത് ശരിയായ വഴിയല്ല. വര്‍ഗ്ഗീയതയുടെ സുനാമിത്തിരകളാല്‍ സര്‍വ്വസത്യങ്ങളെയും തമസ്കരിക്കുന്നതാണ് മോദിസം. കറന്‍സി നിരോധനത്തില്‍ വഴിയാധാരമായവര്‍പോലും ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് കുഴലൂതിയപ്പോള്‍ വെളിപ്പെട്ടത് വരാനിരിക്കുന്ന നാളുകളുടെ ഭീകരതയാണ്. ഏതു വീഴ്ചയെയും അപരാധത്തെയും മറയ്ക്കാന്‍ വര്‍ഗ്ഗീയതയുടെ കരിമ്പടം പുതപ്പിച്ചാല്‍ മതി എന്ന തിരിച്ചറിവില്‍ സഹസ്രാബ്ദങ്ങള്‍ കൊണ്ടു ഭാരതം കരസ്ഥമാക്കിയ പുണ്യങ്ങളത്രയും വിലയില്ലാതാകുന്നു. വിലയില്ലാതായത് നോട്ടിനു മാത്രമല്ല ഭാരതീയനും നാടിന്‍റെ ജനാധിപത്യത്തിനുമാണ്. അവസാനത്തവന്‍റെയും നന്മ കൊതിച്ച ഗാന്ധിയുടെ "അന്ത്യോദയ ചിന്തയും" കോര്‍പറേറ്റുകള്‍ക്ക് ചുവപ്പു പരവതാനി വിരിക്കുന്ന മോദിസവും തമ്മിലുള്ള അകലവും ചിന്താര്‍ഹമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org