ഞാനൊരു അപവാദം

ഏതു മനുഷ്യനും മറ്റു മനുഷ്യരുമായി പൊതുവായ ധാരാ ളം മാനങ്ങളുണ്ട്. അതു കുടുംബപരവും ഗോത്രപരവും ദേശീയവുമാകാം. പൊതുസ്വഭാവത്തിന്‍റെ ഘടകങ്ങളില്‍ മാത്രം ഒരു വ്യക്തിയെ നിര്‍വചിക്കാനാവില്ല. മനുഷ്യന്‍ എന്ന സര്‍വനാമത്തിന്‍റെ ഒരു പതിപ്പല്ല ഒരു വ്യക്തി. അയാള്‍ക്കു മാത്രമാ യ അനന്യതകളുണ്ട്. അവിടെ അയാള്‍ക്കു മറ്റുള്ളവരുമായി താരതമ്യമില്ല. മറ്റുള്ളവരിലേക്കു കൂട്ടിക്കെട്ടി ഒതുക്കാനാവില്ല. അതാണ് അയാളുടെ മൗലികത. അതാണ് അയാളെ മൗ ലികനാക്കുന്ന അനന്യത. അതാണ് അയാളുടെ രഹസ്യവും.
അസ്തിത്വമെന്നത് "ഇതാ, ഞാന്‍ ഹാജര്‍" എന്നതാണ്. മറ്റാരേയുംകാള്‍ ഭിന്നനായി ഇതാ ഞാന്‍! ഞാന്‍ വിടരുന്നു; മറ്റെല്ലാ പുഷ്പങ്ങളെയുംകാള്‍ ഭിന്നമായി, തനിമയാര്‍ന്ന പൂവായി. ഈ വ്യക്തി മറ്റാരുമായും സമാനതയിലല്ല. സമാനതയില്ലാത്ത തനിമയാണ് എന്നെ ഞാനാക്കുന്നത്.
ഒരു വ്യക്തി ചരിത്രത്തിലേക്കു പ്രവേശിക്കുന്നത് അവനു മാത്രം സാദ്ധ്യമായ ഒരു തനിമയുമായിട്ടാണ്. ജീവിക്കുന്ന സമൂഹത്തില്‍ ഒരു അക്കംകൂടി കൂടി എന്ന കണക്കിന്‍റെ കമ്മട്ടത്തില്‍ അവനെ ഒതുക്കാനാവില്ല. അങ്ങനെ ഒരു അക്കത്തിന്‍റെ തുടര്‍ച്ചയല്ല വ്യക്തി. അവനില്‍ തുടരുന്നതു ഭിന്നതയാണ്, തുടര്‍ച്ചയാണ്. തുടര്‍ച്ചയായി തോന്നിക്കുന്നവന്‍ ഒന്നും ആവര്‍ത്തിക്കുകയല്ല, അഥവാ ആവര്‍ത്തനം ഭിന്നമാണ്. ചരിത്രം ഇവിടെ ആവര്‍ത്തിക്കുകയല്ല, ചരിത്രം അവനില്‍ മാറുകയാണ്. പുതിയ ചരിത്രം ജനിക്കുന്നു. അഗസ്റ്റിന്‍ എഴു തി: "മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ഒരു ആരംഭമായിട്ടാണ്." എല്ലാറ്റിന്‍റെയും ആദിക്ക് ഉപയോഗിക്കുന്ന വാക്കല്ല (princi-pieum) മനുഷ്യന്‍ തുടങ്ങുന്ന ആരംഭ(initium)ത്തിനുപയോഗിക്കുന്നത്. മനുഷ്യനിലൂടെ മാത്രമാണ് "ആരംഭം" ഉണ്ടായത്. "ആരംഭം" തനിമയുടെ ആരംഭമാണ്. ഓരോ മനുഷ്യനും ചരിത്രത്തില്‍ ഏതോ ഒരു ആരംഭം ഉണ്ടാക്കുന്നു. അതിനായി അവന്‍ ജനിക്കുന്നു.
ധാരാളം പേര്‍ ഈ ആരംഭകരാകാതെ പോകുന്നു. മറ്റുള്ളവരെ അനുകരിച്ച് അവര്‍ അവരാകാതെ പോകുന്നു. അധികാരികള്‍ വ്യക്തികളെ അക്കങ്ങളാക്കി അടിച്ചൊതുക്കുന്നു. ലോകത്തില്‍ പുതുമകള്‍ മനുഷ്യനിലൂടെ ജനിക്കുന്നു, ചരിത്രമാറ്റങ്ങളും മനുഷ്യന്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഓരോ മനുഷ്യനും ലോകത്തില്‍ പുതുമയുടെ അത്ഭുതമായി ജനിക്കുന്നു. അവന്‍റെ തനിമ ആര്‍ക്കും അനുകരിക്കാനാവില്ല; അവനെപ്പോലെ ആരും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. അവന്‍ അസ്തിത്വത്തിലുണ്ടാകുന്ന തുടര്‍ച്ചയാണ്. പക്ഷേ, വന്യവും അന്യവുമായ തുടര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org