തീ കായുന്നവരോട്

തീ കായുന്നവരോട്

"അവര്‍ നടുമുറ്റത്തു തീ കൂട്ടി അതിനു ചുറ്റും ഇരുന്നപ്പോള്‍ പത്രോസും അവരോടുകൂടെ ഇരുന്നു. അവര്‍ തീയ്ക്കരികെ ഇരിക്കുന്നതു കണ്ട് ഒരു പരിചാരിക സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു: "ഇവനും അവനോടുകൂടിയായിരുന്നു" (ലൂക്കാ 22: 55-56). യേശുവിനെ അവര്‍ പ്രധാനാചാര്യന്‍റെ വീട്ടില്‍ കൊണ്ടുപോയി. ആ മുറ്റത്തു നടന്ന ഒരു ചെറിയ കാര്യമാണു വളരെ ശ്രദ്ധാപൂര്‍വം ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. മറ്റു മൂന്നു സുവിശേഷകരും ഈ സംഭവം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ലൂക്കായുടേതാണ് ഏറെ ശ്രദ്ധേയം. ഇവിടെ ആരാണു തീ കൂട്ടി മുറ്റത്തു സ്വയം തണുപ്പില്‍ നിന്നു ചൂടാകാന്‍ ശ്രമിക്കുന്നത്? അതിനു ലൂക്കാ നല്കുന്ന ഉത്തരം "അവര്‍" എന്നാണ്. സാഹചര്യത്തില്‍ നിന്നു പട്ടാളക്കാരും യേശുവിനെ പിടിച്ചുകൊണ്ടുവന്ന ആളുകളും പ്രധാന പുരോഹിതന്‍റെ വീട്ടിലെ മറ്റു പരിചാരകരും എന്നതാണ്. അവരെന്തിനാണു മുറ്റത്തു തീ കൂട്ടിയത്? സ്വാഭാവികമായും അതു സന്ധ്യസമയമായിരുന്നു എന്ന് ഊഹിക്കാം, തണുപ്പുമുണ്ടായിക്കാണും. യേശു പറയുന്നു: "ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്‍റെ ആധിപത്യവും" (22:53). ഒരു കൊള്ളരുതാത്തവനെ പിടിച്ചു പ്രധാന പുരോഹിതന്‍റെ വീട്ടിലെത്തിച്ചു. ഇനി ഈ "അവര്‍"ക്കു മറ്റൊന്നും ചെയ്യാനില്ല. മാത്രമല്ല അതിലെ പലരും ഈ നടക്കുന്ന നാടകത്തില്‍ കാര്യമായി വ്യക്തിപരമായി പ്രശ്നമില്ല. അവര്‍ ആ പ്രശ്നം തീര്‍ക്കാന്‍ വേണ്ടതു ചെയ്തു. ശേഷം ആളുകള്‍ക്ക് ആര്‍ക്കും അതില്‍ കാര്യമായ താത്പര്യവുമില്ല. ഈ താത്പര്യമില്ലാത്തവര്‍ക്കു താത്പര്യമുള്ള ഏക കാര്യം ഇവിടെ ഈ പ്രശ്നത്തിനു തീരുമാനമാകുന്നതുവരെ കഴിച്ചുകൂട്ടണം. തങ്ങളെ ചൂടാക്കുന്ന ഒന്നും അവിടെയില്ല. തങ്ങളെ വേവലാതി പിടിപ്പിക്കുന്ന ഒന്നും അവിടെ ഇല്ല. പിന്നെ സമയം കളയാന്‍ അല്പം തീ കായാം. ഈ മനോഭാവത്തിലാണു നീ കൂട്ടിയിരിക്കുന്നത് – അതു നിസ്സംഗതയാണ്. ആ മുറ്റത്തു നടക്കുന്നതിലൊന്നും അവര്‍ക്കു കാര്യമില്ല. ആരെ കൊണ്ടുവരുന്നു, ആര്‍ക്ക് എന്തു പറ്റുന്നു അതൊന്നും അവരുടെ കാര്യമല്ല. ഈ നിസ്സംഗതയാണു തീ കായുന്നത്.

അതില്‍ ചെന്നുപെട്ടതു പത്രോസാണ്. പത്രോസ് ഈ വിഷയത്തില്‍ നിസ്സംഗനല്ല. പത്രോസ് ഇവിടെ നേരില്‍ പ്രതിപ്പട്ടികയില്‍പ്പെടുവാന്‍ എല്ലാ സാദ്ധ്യതയുമുള്ളവനാണ്. യേശുവിന് എന്തു പറ്റുന്നു എന്ന കാണാന്‍ താത്പര്യവുമുണ്ട്. പക്ഷേ പത്രോസ് തീ കായാന്‍ വന്നത് എന്തിന്? പത്രോസിന് ആവശ്യത്തില്‍ കൂടുതല്‍ ചൂടുണ്ട്. അകത്ത് ആകുലതയുണ്ട്. പ്രധാന പുരോഹിതന്‍റെ സേവകന്‍റെ ചെവി വെട്ടി പരിക്കേല്പിച്ച കുറ്റത്തിനു പ്രതിയാകാന്‍ സാദ്ധ്യതയുണ്ട്. പോരേ മുഖ്യപ്രതിയുടെ കൂട്ടുപ്രതികളുമാണ്. അതിന്‍റെ ആകുലതയും ആധിയുമുണ്ട്. തീ കായാന്‍ വന്നതു തീയുടെ ചൂടു സ്വീകരിക്കാനല്ല. വെറുതെ ഒരു ആള്‍മാറാട്ടത്തിനാണ്. അവിടെ ഇരിക്കുന്ന നിസ്സംഗരുടെ ഗണത്തില്‍പ്പെട്ട പേരും ഊരുമില്ലാത്ത ഒരു അന്യന്‍. പ്രശ്നത്തില്‍പ്പെട്ടവനായി കാണപ്പെടാതെ കഴിയാന്‍ ആഗ്രഹിക്കുന്നവന്‍. ഒരിടത്തു പെട്ടുപോയി, പക്ഷേ അവിടെ താന്‍ അറിയപ്പെടാതിരിക്കണം. പേരില്ലാതെ അജ്ഞാതമായി ഒളിച്ചാണു തീകായല്‍ കര്‍മത്തില്‍ മുഴുകിയത്. ആരും തന്നെ കാണരുത്, തിരിച്ചറിയരുത്, വെളിവാകരുത് എന്ന താത്പര്യമുള്ളവന്‍ ഒളിക്കാന്‍ കണ്ട ഒരു താവളമാണു തീകായല്‍.

സ്വന്തം തനിമയില്‍നിന്ന് ഒളിക്കാനാണു ശ്രമിക്കുന്നത്. ഞാന്‍ ഞാനല്ലതായി മാറാന്‍ ആഗ്രഹിച്ച് ഒളിക്കുന്നു. എന്നെ ആളുകള്‍ കാണണ്ട; പക്ഷേ എനിക്കു കാര്യങ്ങള്‍ കാണുകയും വേണം. സ്വന്തം തനിമയ്ക്കു സ്വത്വം വെളിവാകുന്നത് അപകടകരമാകുമ്പോള്‍ ഒളിക്കുന്നവരില്‍ ഒരുവനായി പത്രോസും. ഈ ഒളിച്ചുകളിയാണ് ഒരു പരിചാരിക ചോദ്യം ചെയ്യുന്നത്. അപ്പോഴാണു താന്‍ താനല്ല എന്നു പത്രോസിനു പറയേണ്ടിവരുന്നത്. ഞാന്‍ ഞാനല്ല എന്ന തള്ളിപ്പറയല്‍. അത് എന്നെ ഞാനാക്കിയവനെയും തള്ളിപ്പറയലായി മാറുന്നു. സ്വന്തം തനിമ നിഷേധിക്കുന്ന നെറികേട്. അതു വല്ലാത്ത പാപ്പരത്തമാണ് – ഞാന്‍ ഞാനല്ല എന്ന് എനിക്കു പറയേണ്ടി വരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org