പകലത്തെ ഇരുട്ട്

അനുദിന ജീവിതത്തിന്‍റെ രണ്ടു വശങ്ങളാണു പകലും രാത്രിയും. പകലില്‍ ജീവിക്കുന്നു, രാത്രി വിശ്രമിക്കുന്നു. ഇതാണ് അനുദിന വ്യാപാരജീവിത തഴക്കം. ഇതിലാണ് ഏതാണ്ട് എല്ലാവരും ആണ്ടുകഴിയുക. അതു പലപ്പോഴും ചരിത്രത്തിലുള്ള ഉറക്കമാകാം. ചരിത്രം അവര്‍ക്കു വിധിയായി മാറുന്നു. അത് അവരുടെ മേല്‍ത്തന്നെ വിധിയായി വീഴുന്നു. വിധിവിഹിതം തടുക്കാവതല്ല എന്നു പഴിച്ചു ജീവിക്കുന്നു.
ഇവിടെ പഴിക്കലുണ്ടാകും, പക്ഷേ, പാഷണ്ഡതയില്ല. മാറി ചിന്തിക്കുന്നില്ല; വിരുദ്ധമായ പ്രവൃത്തികളില്ല. വിധിയുടെ ദുരന്തത്തെ മാറ്റാന്‍ തീരുമാനങ്ങളോ ചിന്തകളോ നടപടികളോ ഇല്ല. ഇതു ചരിത്രപൂര്‍വജീവിതമാണ്. ചരിത്രത്തിനകത്തു ചരിത്രമില്ലാതെ ജീവിക്കുന്നു. അവര്‍ ചരിത്രമുണ്ടാക്കുന്നില്ല. ഇതു ചരിത്രത്തില്‍ ഉത്തരവാദിത്വബോധത്തോടെ ജീവിതമില്ലാത്തതുകൊണ്ടാണ്. "ചരിത്രത്തിന്‍റെ പ്ര ശ്നം എന്തൊക്കെ പിഴുതെറിയാം. അല്ലെങ്കില്‍ ഇളക്കി മാറ്റാം എന്നതല്ല; ഇളക്കി മാറ്റല്‍ സാദ്ധ്യമാണ് എന്നതിലാണ്." ചെക്കോസ്ലൊവാക്കിയായിലെ പ്രാഗ് വസന്തത്തിന്‍റെ ചിന്തകിരില്‍ ഒരുവനായ യാന്‍ പടോച്ക എഴുതി. ഇളക്കി മാറ്റാനുള്ള സാദ്ധ്യതയാണു ചരിത്രം തരുന്നത്. അത് ഒരു പ്രശ്നവും അതേസമയം സാദ്ധ്യതയുമാണ്. ഇതിനോടു പ്രതികരിക്കാതിരിക്കുന്നതാണ് ഉത്തരവാദിത്വമില്ലാത്ത ജീവിതം. ഇവിടെ മൂന്നു സാദ്ധ്യതകളുണ്ട്. സോക്രട്ടീസിനെപ്പോലെ പൊതുജനാഭിപ്രായത്തെ നിരാകരിച്ചു മരണത്തിലേക്കു പോകുക. രണ്ട്, സമൂഹവുമായി പ്രശ്നത്തിനു പോകാതെ സ്വന്തം ആന്തരികതയിലേ ക്കു വലിയുക. പൊതുവേദിയില്‍ നിന്ന് ആന്തരികതയിലേക്കു പിന്‍വലിയുക. പൊതുവേദിയില്‍ നിന്നു മാറി മുനിയാകുക. മൂന്നാമത്തേതു ചരിത്രത്തില്‍ ഇടപെടലാണ് – അതില്‍ രാഷ്ട്രീയമുണ്ട്.
ഒരു ചിന്തകനും തനിക്കുവേണ്ടി മാത്രം ചിന്തിക്കുന്നില്ല. അയാള്‍ സമൂഹത്തിലാണ്. മറ്റുള്ളവരോടൊപ്പവുമാണ്. അയാള്‍ക്ക് എന്നല്ല ആര്‍ക്കും സ്വന്തം സാഹചര്യത്തില്‍ നിന്നു സ്വയം ഊരിമാറ്റി ചരിത്രത്തിനു വെളിയിലാകാനും പറ്റില്ല.
ഈ സാഹചര്യത്തില്‍ നില്ക്കുന്നവന്‍ കണ്ണില്‍ ഇരുട്ടു കയറുന്നതാണു കാണുന്നത്. അയാള്‍ പകലില്‍ അന്ധകാരത്തെ നേരിടുന്നു. പ്രതിസന്ധികള്‍ ശാന്തിയില്‍ പരിഹരിക്കപ്പെടാത്തവയാണ്. ഇരുട്ട് ഇരുട്ടാകുമ്പോഴും വെളിച്ചം ജനിപ്പിക്കുന്ന ഇരുട്ടുമാകും. അത് ആദിയുടെ അവ്യവസ്ഥിതിയും ഇരുട്ടുമാകാം. ആ കുഴച്ചിലില്‍നിന്നു ക്രമവും വെളിച്ചവും ഉയരും. അ താണു സര്‍ഗാത്മകമായ ചരിത്രത്തിലെ ഇടപെടല്‍. അവിടെ തലവിധികള്‍ മാറും, മാറ്റാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org