പ്രപഞ്ചവും ആരംഭവും താത്വികമായ വിശദീകരണങ്ങള്‍

വിശദീകരണം തേടുന്ന വിശ്വാസം-19

പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടോ? മനുഷ്യരാശി, ചരിത്രത്തിലൂടെ ഈ ചോദ്യത്തിന് നല്‍കിയ ഉത്തരം മുന്‍ അദ്ധ്യായങ്ങളില്‍ നാം കണ്ടതാണ്. ആധുനിക വിജ്ഞാനീയത്തിന്‍റെ വെളിച്ചത്തില്‍, ഈ ചോദ്യത്തിന് രണ്ടു മാനങ്ങളില്‍ ഉത്തരം നല്‍കാന്‍ കഴിയും ഒന്ന്, തത്ത്വചിന്തയുടെ വെളിച്ചത്തില്‍. രണ്ട്, ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍. ഇതിലെ താത്വികമായി ഉത്തരങ്ങളെ ആദ്യം പരിഗണിക്കാം.

1. അനന്തത ഒരു ഭൗതികയാഥാര്‍ത്ഥ്യമല്ല
പ്രപഞ്ചത്തിന് ആരംഭമില്ലെങ്കില്‍, ഈ പ്രപഞ്ചത്തിലെ ഭൂതകാലസംഭവങ്ങള്‍ അനന്തമായിരിക്കണം. അനന്തത എന്നത് ഭൂതകാലത്തില്‍ സാധ്യമാണോ?

പ്രപഞ്ചത്തിനൊപ്പം ഭൂതകാലമുള്ള ഒരു സ്റ്റോപ്പ് വാച്ച് ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ഈ സ്റ്റോപ്പ് വാച്ച് ഓരോ നിമിഷവും എണ്ണിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഈ സ്റ്റോപ്പ് വാച്ചിലെ എണ്ണം X എന്ന നമ്പര്‍ ആണെന്നു സങ്കല്‍പ്പിക്കുക. ചോദ്യം ഇതാണ്: എന്തുകൊണ്ടാണ്  ഈ നിമിഷം ആ സ്റ്റോപ്പ് വാച്ചില്‍ X തെളിഞ്ഞത്? ഭൂതകാലം അനന്തമാണെങ്കില്‍, ഇപ്പോള്‍ ശരിക്കും 'X + infinity' ആയിരുന്നില്ലേ വരേണ്ടിയിരുന്നത്? ഭൂതകാലം അനന്തമാണെങ്കില്‍, X എന്ന നമ്പര്‍ ഭൂതകാലത്തിന്‍റെ അനന്തമായ മറ്റേതോ ബിന്ദുവില്‍ ആയിരുന്നില്ലേ വരേണ്ടിയിരുന്നത്? അല്ലെങ്കില്‍, X എന്ന നമ്പര്‍ അനന്തമായ പ്രാവശ്യം (infinite times) സംഭവിച്ചുകഴിഞ്ഞിരിക്കില്ലേ?

ഈ ചോദ്യം വെളിച്ചത്തുകൊണ്ടുവരുന്ന വലിയൊരു സത്യമുണ്ട് ഭൗതികപ്രപഞ്ചത്തില്‍, നമുക്ക് ഭൂതകാല സംഭവങ്ങളെ അനന്തതയില്‍നിന്ന് എണ്ണി എടുക്കാനാവില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍, വര്‍ത്തമാനസമയം ഭൂതകാലത്തില്‍ അനന്തമായ പ്രാവശ്യം നടന്നുകഴിഞ്ഞിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരിക്കലും വര്‍ത്തമാനകാലത്തില്‍ എത്താന്‍ ആവില്ല. വര്‍ത്തമാനകാലത്തിന്‍റെ ഭൗതികാവസ്ഥ ഭൂതകാലത്തിന്‍റെ അനന്തതയില്‍ കുടുങ്ങിക്കിടക്കും.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, അനന്തമായ ഭൗതികപ്രപഞ്ചം ഒരു യുക്തിപരമായ അസംബന്ധം (absurdity) ആണ്. യാഥാര്‍ത്ഥ്യം അസംബന്ധം അല്ല എന്നതാണ് ശാസ്ത്രീയമായ സമീപനം. കാരണം, അസംബന്ധമായ ഒരു കാര്യത്തില്‍നിന്ന് ശാസ്ത്രീയനിയമങ്ങളിലേക്കും നിഗമനങ്ങളിലേക്കും എത്തിച്ചേരാനാവില്ല. (അതുകൊണ്ടാണല്ലോ അസംബന്ധം എന്നു പറയുന്നത്). അതുകൊണ്ട്, പ്രപഞ്ചത്തെ യുക്തിപരമായി സമീപിക്കണമെങ്കില്‍, പ്രപഞ്ചം അനന്തമല്ല എന്നു പറയേണ്ടിവരും.

2. അനന്തത ഒരു ഗണിത ശാസ്ത്ര യാഥാര്‍ത്ഥ്യമല്ല
ഗണിതശാസ്ത്രത്തിലെ ഒരു പ്രധാനപ്പെട്ട ആശയമാണ് അനന്തത (ഇന്‍ഫിനിറ്റി) എന്നത്. സംഖ്യകള്‍ നെഗറ്റീവ് ഇന്‍ഫിനിറ്റിയില്‍ തുടങ്ങി പോസിറ്റിവ് ഇന്‍ഫിനിറ്റി വരെ പോകുന്നു. അപ്പോള്‍, ഗണിതശാസ്ത്രം അസംബന്ധമാണോ?

ഗണിതശാസ്ത്രത്തിലെ ഇന്‍ഫിനിറ്റി, ഒരു താത്ത്വികസങ്കല്‍പ്പം മാത്രമാണ്. അത് ഭൗതികപ്രപഞ്ചത്തിന്‍റെ യാഥാര്‍ത്ഥ്യമാണെന്ന് അവകാശപ്പെടുന്നില്ല. അതുകൊണ്ടാണ് ട്രാന്‍സ് ഇന്‍ഫിനൈറ്റ് മാത്തമാറ്റിക്സില്‍ (Trannsfinite Mathematics) ഇന്‍ഫിനിറ്റി കൊണ്ടുള്ള ചില കണക്കുകൂട്ടലുകള്‍ അസംബന്ധമായി പരിഗണിക്കുന്നത്. ഉദാഹരണത്തിന്, 1 + ഇന്‍ഫിനിറ്റി = ഇന്‍ഫിനിറ്റി ആണ്. എന്നാല്‍, ഇന്‍ഫിനിറ്റി + ഇന്‍ഫിനിറ്റി = 1 അല്ല. മറിച്ച്, അത് അനുവദനീയമല്ല. കാരണം, ഇന്‍ഫിനിറ്റിയില്‍നിന്ന് ഇന്‍ഫിനിറ്റി കുറച്ചാല്‍, അതിന്‍റെ ഉത്തരം എന്തുമാകാം. അതിന് ഇന്‍ഫിനിറ്റി എണ്ണം ഉത്തരങ്ങള്‍ ഉണ്ട്. അപ്പോള്‍, ന്യൂനവും ഹരണവുമൊക്കെ ഇന്‍ഫിനിറ്റി വച്ചുള്ള ഗണിതശാസ്ത്രത്തില്‍ നിരോധിച്ചിരിക്കുന്നു.

പക്ഷേ, യാഥാര്‍ത്ഥ്യം നിരോധിക്കപ്പെടാവുന്ന ഒന്നല്ല. ഭൗതിക പ്രപഞ്ചത്തെ വിശദീകരിക്കുന്ന ഭാഷയാണ് ഗണിതശാസ്ത്രം. അപ്പോള്‍, ചില സങ്കല്‍പ്പങ്ങള്‍ ഗണിതശാസ്ത്രത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കില്‍, അതിനര്‍ത്ഥം, ആ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുത്താന്‍ ആവില്ല എന്നാണ്. മനുഷ്യന്‍റെ സൃഷ്ടിപരതയുടെ ഒരു ഫലം മാത്രമാണ് അത്തരം സങ്കല്‍പ്പങ്ങള്‍. ഇന്‍ഫിനിറ്റി ഒരു വസ്തുതയല്ല, സങ്കല്‍പ്പം മാത്രം.

ഈ ആശയം വളരെ ഫലപ്രദമായി ചിത്രീകരിക്കുന്ന ഒരു വിരോധാഭാസം (Paradox) ആണ് പ്രമുഖ ഗണിതശാസ്ത്രജ്ഞനായ ഡേവിഡ് ഹില്‍ബര്‍ട്ടിന്‍റെ David Hilbert) ഹില്‍ബര്‍ട്ട്സ് ഹോട്ടല്‍ എന്നത്. വിസ്താരഭയത്താല്‍ അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് ഓണ്‍ലൈനില്‍ കണ്ടുപിടിക്കാവുന്നതാണ്. ഈ പാരഡോക്സിലൂടെ വ്യക്തമാകുന്ന കാര്യം ഇതാണ്. അനന്തത എന്നത് ഗണിത ശാസ്ത്രപരമായ ഒരു സങ്കല്‍പ്പമാണ്. ഒരുപക്ഷേ, നമുക്ക് അജ്ഞാതമായ ഒരു ലോകത്തെ വിശദീകരിക്കാന്‍ അത് ഉപയോഗിക്കുവാന്‍ സാധിച്ചെന്നു വരും. പക്ഷേ, ഈ ഭൗതികപ്രപഞ്ചത്തില്‍ അനന്തത എന്നത് യാഥാര്‍ത്ഥ്യമല്ല.

കുറിപ്പ്: അനന്തതയുടെ ഗണിതം ലോകത്തിന് സംഭാവന ചെയ്ത ജോര്‍ജ്ജ് കാന്‍റര്‍ എന്ന മഹാനായ ഗണിതശാസ്ത്രജ്ഞന്‍, ദൈവത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഒരു സന്ദേശമായിട്ടാണ് അതിനെ വിശേഷിപ്പിച്ചത്. അന്നത്തെ പോപ്പ് ലിയോ പതിമൂന്നാമനുമായി വരെ അദ്ദേഹം അനന്തതയെപ്പറ്റി ആശയവിനിമയം ചെയ്തു. ഒരു വിശ്വാസിക്ക് അദ്ദേഹത്തിന്‍റെ ആ വിശേഷണം മനസ്സിലാക്കാന്‍ പ്രയാസമില്ല. ഗണിതശാസ്ത്രം എന്നത് യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കുന്ന ഭാഷയാണ് – ദൈവം ഈ പ്രപഞ്ചഗ്രന്ഥത്തെ എഴുതുവാന്‍ ഉപയോഗിച്ച ഭാഷ. ആ ഭാഷയില്‍, ഈ പ്രപഞ്ചത്തില്‍ സന്നിഹിതമല്ലാത്ത ഒരു ആശയം കടന്നുവന്നെങ്കില്‍, അത് സൂചിപ്പിക്കുന്നത് ഈ ഭൗതികപ്രപഞ്ചത്തിനും ഉപരിയായി നില്‍ക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യത്തിന്‍റെ നിലനില്‍പ്പല്ലേ? അനന്തത ബാധകമായ ഒരു യാഥാര്‍ത്ഥ്യം? അതല്ലേ വിശ്വാസി കള്‍ ദൈവം എന്നു വിളിക്കുന്ന യാഥാര്‍ത്ഥ്യം?

ഇനി, പ്രപഞ്ചത്തിന്‍റെ ആരംഭത്തെക്കുറിച്ചുള്ള ശാസ്ത്രീയസൂചനകള്‍ നമുക്ക് അടുത്ത അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org