പ്രസിഡന്റ് ബരാക്ക് ഒബാമ ഒരു ഫെമിനിസ്റ്റാണ്

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയാണ് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക. ഈ ഇടവകയിലെ 54 കുടുംബകൂട്ടായ്മകളുടെ ഭാരവാഹികള്‍ ഒന്നിച്ചു വരുന്ന സെന്‍ട്രല്‍ കമ്മിറ്റിയില്‍ പകുതിയി ലെറേപ്പേര്‍ വനിതകളാണ്. "സഭയില്‍ സ്ത്രീകളുടെ പങ്കാളിത്തം" എന്ന വിഷയം കുടുംബ കൂട്ടായ്മയില്‍ ചര്‍ച്ചാവിഷയമാക്കിയതിനു പിന്നാലെ ചില നിര്‍ണായക ഉത്തരവാദിത്വങ്ങള്‍ സ്ത്രീകളെ ഏല്പിക്കുകയും അവര്‍ വളരെ ഫലപ്രദമായി ആ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. ഇപ്പോള്‍ പുതിയ പാരീഷ് കൗണ്‍സിലിന്റെ സെക്രട്ടറി പദവും ഒരു സ്ത്രീയെയാണ് അംഗങ്ങള്‍ ഭരമേല്പിച്ചിരി ക്കുന്നത്. സ്ത്രീകള്‍ക്കു സഭയിലും സമൂഹത്തിലും തീരുമാനമെടുക്കുന്ന സമിതികളില്‍ അംഗങ്ങളാകാനും അവരുടെ അഭിപ്രായങ്ങള്‍ വളരെ ശക്തിയോടെയും സ്വാതന്ത്യത്തോടെയും പറയാനു ള്ള അവസരങ്ങളും ഇന്ന് ഉണ്ടായി ക്കൊണ്ടിരിക്കുന്നുണ്ട്.
ലോകമെങ്ങും സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും പ്രായോഗികതയില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള സമത്വം ഇനിയും നമ്മുടെ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യരാജ്യമായ അമേരിക്കയിലെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഹിലരി ക്ലിന്റനെ നിയോഗിച്ചത് സ്ത്രീസമ ത്വത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ച കള്‍ക്ക് നിദാനമായിട്ടുണ്ട്. ആഗസ്റ്റ് 10-ാം തീയതിയിലെ 'ദ ഹിന്ദു' പത്രത്തില്‍ രാധിക സന്താനം എഴുതിയ "ഫെമിനിസ്റ്റ് നല്ല നേതാക്കന്മാരാണ്" എന്ന ലേഖനം ഫെമിനിസത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെക്കുറിച്ച് നല്ല രീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഗ്ലാമര്‍ മാസികയ്ക്കു വേണ്ടി കുറിച്ച ലേഖനത്തില്‍ ലിംഗ സമത്വത്തിനു വേണ്ടി യുദ്ധം ചെയ്യേണ്ടത് പുരുഷന്മാരുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് എന്നെഴുതിയത് ഒരു വിപ്ലവമാണ്. സ്ത്രീകളാണ് സ്ത്രീകളുടെ നേര്‍ക്കുള്ള അസമത്വവും അസഹിഷ്ണുതയും അവസാ നിപ്പിക്കേണ്ടത് എന്ന് ചിന്തിക്കുമ്പോള്‍ ബരാക്ക് ഒബാമ മാറി ചിന്തിക്കുന്നു. ഇതാണ് യഥാര്‍ത്ഥ ഫെമിനിസം. ഒബാമ പറയുന്നു, "എന്റെ പെണ്‍കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ഒരു ഫെമിനിസ്റ്റായാലേ പറ്റൂ".
ഒബാമ പറയുന്നതാണ് സത്യം. ഫെമിനിസ്റ്റാകുകയോ ആകാതിരിക്കുകയോ ചെയ്യാം. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടതും ദുഷ്‌കരമേ റിയതുമായ കാര്യം ലിംഗസമത്വ ത്തെക്കുറിച്ച് പുരുഷന്മാര്‍ അവരുടെ തന്നെ മനോഭാവങ്ങളെ മാറ്റി യെടുക്കുന്നതാണ്. അതത്ര എളു പ്പമല്ല. പെണ്ണിനെ പണ്ടു മുതലേ അബലയായിട്ടും ദുര്‍ബലയായിട്ടും ചിത്രീകരിച്ചിരുന്നവര്‍ ഇന്നും അവരെ അങ്ങനെ കാണുകയും അവരോട് അതുപോലെ പെരുമാ റുകയും ചെയ്യുന്ന ശൈലിയില്‍ മാറ്റം വരുത്തണം. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഇന്നും സ്വാതന്ത്ര്യവും സമത്വവും കൈവന്നിട്ടില്ല. പക്ഷേ ഇന്ത്യന്‍ പ്രസിഡന്റായും പ്രധാനമന്ത്രിയുമായി സ്ത്രീകള്‍ വന്നിട്ടുണ്ട്. പല പാര്‍ട്ടികളുടെയും അമരത്തും പല സംസ്ഥാനങ്ങളി ലെയും മുഖ്യമന്ത്രിമാരായും ഇന്നും സ്ത്രീകള്‍ ഉണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ നമ്മുടെ ഗ്രാമങ്ങളിലും സമൂഹത്തിലും സ്ത്രീകള്‍ പലപ്പോഴും പണ്ടത്തേതിനേക്കാള്‍ കഷ്ടത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇത് വിരോധാഭാസമാണ്. സ്ത്രീയുടെ സ്വത്വത്തെ അംഗീകരിക്കാത്ത ഭര്‍ത്താക്കന്മാരും, പാര്‍ട്ടിക്കുള്ളില്‍ പോലും സ്ത്രീകളെ ചെറുതാക്കി കാണുന്ന നേതാക്കന്മാരും ഇവിടെ നിലനില്‍ക്കുന്നു.
ഒബാമ സ്ത്രീ സമത്വത്തെക്കുറിച്ച് എഴുതിയ ലേഖനം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വായിച്ചിരിക്കേണ്ടതാണ്. വനിതകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ചെയ്യുന്ന "ബേഢി ബച്ചാ വോ, ബേഢി പഥാവോ യോജന" യും പ്രധാനമന്ത്രി ആരംഭിച്ചു. പക്ഷേ ബിജെപിയുടെ യുപിയിലെ നേതാവ് ദയാശങ്കര്‍ സിംഗ് ബഹുജന്‍ പാര്‍ട്ടിയുടെ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയെ പരസ്യമായി അധിക്ഷേപിച്ചത് ഏറെ രാഷ്ട്രീയ ഒച്ചപ്പാടിന് ഇടയാക്കി. ദയാശങ്കറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി പ്രശ്‌നം പരിഹരിച്ചെങ്കിലും സ്ത്രീകളോട് ആദരവോടെ പെരുമാറാന്‍ ഇന്ത്യയിലെ പാര്‍ട്ടിക്കാര്‍ക്ക് അറിയില്ല എന്ന സത്യം ലോകത്തിനു മുമ്പില്‍ പ്രകടമായി. ബിഎസ്പി പാര്‍ട്ടിക്കാരും ദയാശങ്കറിന്റെ കുടുംബത്തെ അതിലും ക്രൂരമായി അധിക്ഷേപിച്ചതും ഒരു ജനാധിപ ത്യത്തിന്റെ രീതിയല്ല. പരസ്പരം വഴിക്കിടുമ്പോള്‍ കേരളത്തില്‍ പ്രത്യേകിച്ച് നമ്മുടെ ശത്രുക്കളുടെ മാതാവിനെയും ഭാര്യയെയും കൂട്ടി ഓരോരോ വൃത്തികേടുകള്‍ പറയുന്നത് സ്ത്രീകളെ മാനിക്കുന്ന സംസ്‌കാരത്തിന് ഒരിക്കലും യോജിക്കുന്നതല്ല.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീ പ്രസിഡന്റ് പദത്തിലെത്താനുള്ള പ്രഥമ കടമ്പ ഹിലരി ക്ലിന്റന്‍ കടന്നിരിക്കുന്നു. അതു വലിയ നേട്ടമാണ്. ഈ നേട്ടം ഇന്ത്യ വളരെ നേരത്തെ തന്നെ കരസ്ഥമാക്കി. പക്ഷേ, ഇന്നും സമത്വത്തിന്റെയോ ആദര വിന്റെയോ ഭാഷയല്ല നമ്മുടെ സംസ്‌കാരത്തിലുള്ളത്. ഇവിടെ സ്ത്രീകള്‍ നേതൃത്വത്തിലെത്തിയിട്ടുണ്ടെങ്കില്‍ ആ സ്ത്രീകള്‍ക്കു പിന്നില്‍ ശക്തരായ പുരുഷന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് എന്ന് വാദിക്കുന്നവരും ഉണ്ട്. ഹിലരി ക്ലിന്റനെ കുറിച്ച് എഴുതുമ്പോഴോ പറയുമ്പോഴോ അതിന്റെ പിന്നില്‍ ബില്‍ ക്ലിന്റനുള്ളതുകൊണ്ടാണ് എന്ന് അമേരിക്കന്‍ പത്രങ്ങളൊന്നും കാര്യമായി എഴുതി കണ്ടില്ല. ഒരു സ്ത്രീക്ക് സ്വന്തം കാലിന്മേല്‍ നില്‍ക്കാന്‍ സാധിക്കണം. നമ്മുടെ രാഷ്ട്രീയ ഗോദായിലെ ചില പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സ്ത്രീകള്‍ പ്രസിഡന്റുമാരായി വാരാറുണ്ട്. അവര്‍ തദ്ദേശ സ്വയം ഭരണാധികാരം ഉപയോഗി ക്കുന്നുവെങ്കിലും നയിക്കുന്നതിനു പകരം പലരാലും അവര്‍ നയിക്കപ്പെടുന്നു എന്ന സത്യം ഫെമിനി സ്റ്റുകള്‍ മനസ്സിലാക്കേണ്ട കാര്യമാണ്. ബരാക് ഒമാബ തന്റെ ലേഖനത്തിന്റെ അവസാനത്തില്‍ പറയുന്നത് തന്റെ ഭാര്യയെക്കുറിച്ചാണ്. തന്റെ ഭാര്യ മിഷേല്‍ ഒരു കുടുംബിനിയായിരിക്കുമ്പോള്‍ മക്കളുടെ പഠനത്തിന്റെ കാര്യത്തിലും അവളുടെ കരിയറിനെ സംബന്ധിക്കുന്ന കാര്യങ്ങളിലും, പ്രസിഡന്റ് പദവിയില്‍ ഒബാമയെ ധാര്‍മികമായി പിന്തുണച്ച കാര്യത്തിലും മുഴുകിയിരുന്നു. വാസ്തവത്തില്‍ തന്റെ ഭാര്യയുടെ ജീവിതത്തില്‍ അവള്‍ ഏറ്റെടുക്കേണ്ടി വന്ന ഭാരം അസന്തുലിതമായിരുന്നു എന്ന സത്യമാണ് അദ്ദേഹത്തെ ഒരു ഫെമിനിസ്റ്റ് ആക്കിയത് എന്നു പറയുമ്പോള്‍ നമ്മില്‍ പലരും ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതായി വരും.
ഫുള്‍സ്റ്റോപ്പ്: ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌നേഹത്തിന്റെ സുവിശേഷത്തില്‍ എഴുതുന്നു: "കലയോ നൃത്തമോ യഥാര്‍ത്ഥത്തില്‍ പുരുഷനു യോജിച്ചതല്ലെന്നോ, നേതാവായിരിക്കുന്നത് സ്ത്രീക്ക് യോജിച്ചതല്ലെന്നോ ചിന്തിക്കുന്നതില്‍ നിന്നും ഒരു വ്യക്തിയുടെ വികസനം തടസ്സപ്പെടും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org