മദറിന്‍റെ രോഗി വിരൂപനായിരുന്നു

കല്‍ക്കട്ടയിലെ വിശുദ്ധ തെരേസ ഇരുകൈകളും കൊണ്ട് വാരിയെടുത്ത് ആശ്ലേഷിച്ച ചില ശിശുക്കളെ രണ്ടാമതൊന്നു നോക്കാന്‍ തോന്നുകയില്ല. അതുപോലെ വിരൂപരായിരുന്നു അവര്‍. എല്ലും തോലും മാത്രം. കണ്ണു രണ്ടും വലിയ കുഴികളില്‍ തന്നെ. പല്ലുകള്‍ ഉന്തി നില്‍ക്കുന്നു. ഈ ശിശുവിനെ നോക്കി പുഞ്ചിരിക്കണമെങ്കില്‍ വിശുദ്ധി തന്നെ വേണം. മറ്റൊന്നും പ്രേരകമാകില്ല.
ബിഎസ്സി നഴ്സിംഗ് കുട്ടികളെ ഞാന്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു. രോഗിയും നേഴ്സും തമ്മിലുള്ള ബന്ധം അവര്‍ക്കു പഠന വിഷയമായിരുന്നു. ആ വിഷയം വിശദീകരിക്കുമ്പോള്‍ എന്‍റെ വിദ്യാര്‍ത്ഥിനികളോട് തങ്ങളുടെ അനുഭവം തുറന്നു പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു.
അന്നത്തെ ക്ലാസ്സ് സമയം മുഴുവന്‍ പങ്കുവയ്ക്കലിന്‍റേതായിരുന്നു. പെണ്‍കുട്ടികള്‍ തുറന്നടിച്ചു. രോഗികള്‍ സുന്ദരന്മാരാണെങ്കില്‍ ശുശ്രൂഷയ്ക്കു കൂടുതല്‍ രസമുണ്ട്. ആ പുഞ്ചിരി ഒന്നുകൂടി കാണാന്‍; കുസൃതി കലര്‍ന്ന ആ മറുപടികള്‍ ഒന്നുകൂടി കേള്‍ക്കാന്‍ – എന്നാല്‍ ഇതൊന്നുമില്ലാത്ത ചില ദുരിതം പിടിച്ച കേസ്സുകളുണ്ടാകും. എത്രയും വേഗം അവര്‍ ചത്തുപോയെങ്കില്‍ എന്നുപോലും ആശിച്ചിട്ടുണ്ട്.
എങ്ങനെ സഹിക്കും. എപ്പോഴും പരാതി; എന്തിനും പരാതി! എന്തൊക്കെ ചെയ്തു കൊടുത്താലും ആ മുഖത്ത് ഒരു പുഞ്ചിരി വിടരില്ല. ഉള്ളതു പറയട്ടെ, സാധിച്ചാല്‍ അങ്ങോട്ടുള്ള സന്ദര്‍ശനം തന്നെ നിറുത്തിക്കളയും. പിന്നെ, ഗുളിക കൊടുക്കാനും ചൂടളക്കാനും പോകാതെ പറ്റില്ലല്ലോ! അത് ഒരു തരത്തില്‍ ചെയ്തിട്ട് ഓടിപ്പോരും." ആ ദിവസത്തെ ക്ലാസ്സ് എന്നത്തേതിലും സമൃദ്ധമായിരുന്നു.
രോഗിയുടെ സൗന്ദര്യം നേഴ്സിനെ ആകര്‍ ഷിക്കുന്ന ഘടകംതന്നെ. അത്തരം രോഗികളെ കൂടുതല്‍ ശ്രദ്ധിക്കാനും ആവശ്യത്തിലുമധികം ശുശ്രൂഷിക്കാനുമുള്ള താല്പര്യം സ്വാഭാവികമാണ്. പ്രതിഫലം പറ്റാതെ വ്രതശുദ്ധിയില്‍ രോഗികളെ ശുശ്രൂഷിക്കുന്നത് അതിസ്വാഭാവിക തലത്തിലാണ്. ശുശ്രൂഷയുടെ വേദിയില്‍ നിരവധി സന്ന്യസ്ത സഭകള്‍ ഉണ്ടായത് യേശുവിനോടോത്തു സ്നേഹം മാത്രം കണ്ടുകൊണ്ട് പ്രവൃത്തിക്കാനാണ്. എന്നാല്‍ അത്തരം സമര്‍ പ്പണം നടത്തിയിട്ട് അതില്‍ നിന്ന് ഇറങ്ങിവന്ന് സ്വാഭാവികതലത്തില്‍ വിഹരിക്കുന്നത് വാഗ്ദാനലംഘനമാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org