മറയ്ക്കാനാവാത്ത നാണം

മറയ്ക്കാനാവാത്ത നാണം

നാണം തോന്നിയ മനുഷ്യന്‍റെ നാണം മറയ്ക്കുന്ന കഥയാണ് ഉത്പത്തിപുസത്കം പറയുന്നത്. ഒരു മൃഗത്തിനും നാണമില്ല. പ്രകൃതിയിലെ എല്ലാം നഗ്നമാണ്. പക്ഷേ, മനു ഷ്യനു സഹിക്കാനാവാത്ത നാണമുണ്ട്. അവന് അതു ഒളിക്കണം. ഇലകള്‍ കൊണ്ടും പിന്നെ ഇലകളുടെ സ്ഥാനത്തു വിലപിടിച്ച പല പകരങ്ങളും നാം ഉപയോഗിക്കുന്നു.
"നാണമില്ലാത്തവന്‍" എന്നത് ഒരുവന്‍റെ മേല്‍ ആരോപിക്കാവുന്ന ഹീനമായ പ്രയോഗമാണ്. ഞാന്‍ നാണിക്കുന്നു. എപ്പോള്‍? മറ്റൊരുവന്‍റെ മുമ്പില്‍, നാം മൃഗങ്ങളുടെ മുമ്പില്‍ നാണിക്കാറില്ല. എന്തിന്? ഒറ്റക്കാരണം, എനിക്ക് എന്തോ ഒളിക്കാനുണ്ട്. അത് എന്താണ്? ഏതെങ്കിലും അവയവമാണോ? മറ്റാര്‍ക്കുമില്ലാത്തതായി എനിക്കൊന്നുമില്ലല്ലോ. എനിക്ക് എന്നെത്തന്നെയാണു മറയ്ക്കേണ്ടത്. ഞാന്‍ എന്നില്‍ ആണിവച്ച വിധിയിലാണോ ഞാന്‍ നാണിക്കുന്നത്? എനിക്ക് അ തില്‍ നിന്ന് ഓടിമാറാനാവാത്ത നാണം. എന്‍റെ അസ്തിത്വത്തിനു ഞാന്‍ ക്ഷമ ചോദിക്കുന്നതുപോലെ. ഞാന്‍ ഞാനല്ല. ആയിരിക്കുന്നതല്ല, ആകേണ്ടത്, ആയിട്ടില്ല.
അപരന്‍റെ നോട്ടത്തിലാണു ഞാന്‍ പെട്ടുപോകുന്നത്. ആ നോട്ടമാണ് എനിക്കു നാണമുണ്ടാക്കുന്നത്. ഞാന്‍ കാണിക്കേണ്ടതു കാണിക്കാനാവുന്നില്ല. ഞാന്‍ ആയിട്ടില്ലാത്തതു കാണുന്നു എന്ന ദുഃഖം. അവന്‍റെ നോട്ടം സൃഷ്ടിക്കുന്നത് എന്നില്‍ വല്ലാത്ത അവസ്ഥയാണ്. എന്‍റെ ധര്‍മബോധത്തി ന്‍റെ ഇടമാണീ നാണം. എന്‍റെ പരിതാപാവസ്ഥ തുറന്നു കാട്ടപ്പെടുന്നു. നാണം തുറന്നു കാട്ടുന്നത് എന്നെയാണ്.
എന്നെ നോക്കുന്നവന്‍റെ പ്രതീക്ഷയിലാണു ഞാന്‍ നാണിച്ചുപോകുന്നത്. അപരന്‍ എന്നെ ഭീഷണിപ്പെടുത്തുന്നില്ല. എന്‍റെ നാണത്തിലും നഗ്നതയിലും അപരനെ ഞാന്‍ ആഗ്രഹിക്കുന്നു. അപരന്‍ എനിക്കു വിഷയമല്ലെങ്കില്‍ എനിക്കു നാണമുണ്ടാകുമായിരുന്നില്ല. അപരനെ ഞാന്‍ ഗൗരവമായി എടുക്കുന്നു. അതാണു നാണത്തിനു ഹേതു. അപരന്‍റെ മുമ്പിലെ നാണം ബലാത്സംഗത്തിലും ഹത്യയിലും കലാശിക്കാം. അത് ഉത്തരവാദിത്വത്തിന്‍റെ വിളിയായി വിടരാം. അപരന്‍റെ നോട്ട ത്തിന്‍റെ പ്രകോപനത്തിലാണു നാണം. ഈ നാണത്തിന്‍റെ വിജാഗിരിയിലാണ് അപരനോടുള്ള ബന്ധം തിരിയുന്നത്. ഈ നോട്ടത്തിന്‍റെ പ്രകോപനം വിപ്ലവം ഉണ്ടാക്കാം, അതു പ്രതിലോമകരമാകാം, പീഡനമാകാം, അതു സഹകരണത്തിന്‍റെ യും സര്‍ഗാത്മകതയുടെയും സംബന്ധമാകാം. അതു കാമത്തിന്‍റെ അക്രമത്തിനും പ്രേമത്തിന്‍റെ സൗഹൃദത്തിനും വഴിയൊരുക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org