മുള്‍പ്പടര്‍പ്പിന്‍റെ വിളി

മോസസ് മുള്‍പ്പടര്‍പ്പില്‍ നിന്നു വിളികേട്ടു. അതുപോലുള്ള കേള്‍വികള്‍ പണ്ടു കവികള്‍ക്കുണ്ടായിട്ടുണ്ട്. കല്ലിന്‍റെയും മരക്കുറ്റിയുടെ മുളയുടെയും പിന്നില്‍നിന്നു കവികള്‍ കേട്ടശബ്ദം കവിതയായിട്ടുണ്ട്. ലോകത്തിന്‍റെ ഭൗതിക പ്രത്യക്ഷങ്ങളുടെ പിന്നില്‍ നിന്നു പുറപ്പെടുന്ന ശബ്ദത്തിന്‍റെ കര്‍ത്താവാരാണ്? അത് എങ്ങോട്ടോ ചൂണ്ടുന്നു? എഴുതിയ വചനത്തിന്‍റെ പിന്നില്‍ ആരുമില്ല. പക്ഷേ, അസന്നിഹിതമായ ആ ശബ്ദത്തിനു സ്വരം നല്കുന്നു. വെളിച്ചപ്പാടില്‍ ദൈവം സംസാരിക്കുന്നതുപോലെ; പ്രവാചകനില്‍ ദൈവം മൊഴിയുന്നതുപോലെ. പിന്നില്‍ ദൈവമാണോ? ദൈവത്തിന്‍റെ സാന്നിദ്ധ്യമല്ല അവിടെ മറിച്ചു ദൈവത്തിന്‍റെ അസാന്നിദ്ധ്യമാണ്.
അപ്പോള്‍ വെളിവാകുന്ന വചനത്തില്‍ ദൈവത്തിന്‍റെ നിശ്ശബ്ദതയാണു ഭാഷയാകുന്നത്. ആദി ഭാഷിക്കുന്നു, അതു സത്താപരമായി പ്രവാചികമാണ്. അതുകൊണ്ടുതന്നെ അതു ഭാവിയുടെ ഭാഷയാണ്. അതുകൊണ്ടാണു സാഹിത്യ ഭാഷയ്ക്കു പ്രവാചകസ്വഭാവം കൈവരുന്നത്.
അനുദിന ജീവിതവ്യാപരത്തിന്‍റെ ഭാഷണത്തിന്‍റെ പശ്ചാത്തലശബ്ദം ശ്രവിക്കുക. അറിവിന്‍റെ ഓരങ്ങളിലേക്കു നോ ക്കുക, വളരെ പയ്യെ മാത്രം മന്ത്രിക്കുന്ന ചോദ്യങ്ങള്‍ കേട്ടോ; അവയ്ക്ക് എന്ത് അര്‍ത്ഥം? അവ വീണ്ടും ചോദ്യങ്ങള്‍ ഉണ്ടാക്കുന്നില്ലേ? മരണത്തിന്‍റെയും ജനിക്കാനാവാത്തതിന്‍റെയും ഇടയിലാണു സാഹിത്യത്തിന്‍റെയും എഴുത്തിന്‍റെയും ഇടം. അവിടെനിന്നാണു പുസ്തകങ്ങള്‍ ഉണ്ടാകുന്നത്. ഏതോ ശൂന്യമായ ആ ഇടത്തിലേക്കു കല കൂട്ടിക്കൊണ്ടുപോകുന്നതു സ്വപ്നം കാണിക്കാനാണ്. അത് ഉറക്കത്തിന്‍റെ ഇടയിലെ ഉണര്‍വും സ്വപ്നത്തിലെ അസ്വസ്ഥതയുമായി അുഭവിക്കുന്നു. പരസ്പര ബന്ധത്തിനുള്ളിലെ സാദ്ധ്യതകളുടെ മുന്നിലെ അനിശ്ചിതത്വമാണ് അസ്വസ്ഥതയുണ്ടാക്കുന്നത്. പ്രചോദനം ഇവിടെയാണ്; അത് അസ്വസ്ഥതയുടെ കണ്ടെത്തലാണ്. അശാന്തമായ രാത്രിയുടെ മുറുമുറുപ്പ് സ്വപ്നത്തിന്‍റെ പെക്കിള്‍ക്കൊടിയാണ്. അതാണ് അപ്പുറത്തേയ്ക്കു കൊണ്ടുപോകുന്നത് – മറ്റേ രാത്രിയി ലേക്ക്, അബോധത്തിന്‍റെ ദൈവത്തിലേക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org