മൊബീല്‍ കളികള്‍

റോഡരുകില്‍നിന്ന് അല്പസമയം നിരീക്ഷിക്കുക. നടന്നുപോകുന്നവരും വണ്ടി കാത്തുനില്ക്കുന്നവരും വണ്ടിയില്‍ നിന്നിറങ്ങുന്നവരും ഒരു കൈ ചെവിയില്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു. ഭൂരിഭാഗം പേരും ഇന്ന് ഈ ഫോമിലാണ്. മൊബീല്‍ഫോണില്‍ സംസാരിക്കുന്നതിനു പൊതുസ്ഥലത്തു വിലക്കില്ലാത്തതുകൊണ്ട് ഒരു കൈ ചെവിയില്‍വച്ചു തന്നെ ജനം നീങ്ങുന്നു.
ലാന്‍ഡ് ഫോണ്‍ മാത്രമുപയോഗിച്ചിരുന്ന കാലത്തു ഫോണ്‍വിളി വളരെ രഹസ്യമായിട്ടായിരുന്നു. അടുത്തിരിക്കുന്ന ആളിനുപോലും കേള്‍ക്കാന്‍ സാധിക്കാത്ത രീതിയില്‍ സ്വരം താഴ്ത്തി സംസാരിച്ചിരുന്നു. ഇന്നു മൊബീല്‍ ഫോണിലെ വിളി അലറുന്ന പ്രസംഗങ്ങള്‍പോലെയാണ്. ആരെയും ശല്യപ്പെടുത്തുന്ന രീതിയില്‍ ശബ്ദമുയര്‍ത്തുന്നു. ബസ്സിനുള്ളിലിരിക്കുന്ന ചിലര്‍ സംസാരം തുടങ്ങിയാല്‍ അങ്ങു നീട്ടിപ്പിടിക്കും. വണ്ടിയിലിരിക്കുന്ന ഏവര്‍ക്കും അയാളുടെ വീട്ടുവിശേഷങ്ങള്‍ അറിയാന്‍ സാധിക്കും. "യാത്രയിലാണ്; വീട്ടിലെത്തിയിട്ടു വിശദമായി പറയാം" എന്നു പറഞ്ഞ് ഒരു അടക്കഒതുക്കം കാട്ടിയിരുന്നെങ്കില്‍ എത്രയോ പേര്‍ സ്വസ്ഥതയോടെ യാത്ര ചെയ്യുമായിരുന്നു. യാത്രാവേളയിലും നിരവധി പേര്‍ വിളിക്കുന്നുവെന്നതു വലിയ ഗമയായി കാണുന്നവരുമുണ്ടാകും.
വഴിയേ നടന്നു പോകുന്ന പെണ്‍കൊടിമാരുടെ "കിളികൊഞ്ചലാ"ണു രസകരമായ മറ്റൊരു സീന്‍. കൃത്യസമയം പറഞ്ഞുകൊടുത്തിട്ടുണ്ട്. ബസ്സ് സ്റ്റോപ്പു മുതല്‍ വീട്ടിലെത്തുന്നതുവരെയുള്ള ദൂരത്തു വിളിച്ചു തീര്‍ക്കണം. അടിവച്ചുനടന്നും അനങ്ങാതെ നിന്നും സാധിക്കുന്നത്ര പറഞ്ഞുതീര്‍ക്കേണ്ടതുണ്ട്. വീട്ടിലെത്തിയാല്‍ പിന്നെ ഇത്തരം വിളികള്‍ നടക്കില്ലല്ലോ. ഈ സമയം ഫോണിലൂടെ കിട്ടുന്ന ചൂടുസല്ലാപത്തിനു ചേരുംപടി മുഖഭാവം മാറുന്നത് ഇവരുണ്ടോ അറിയുന്നു! എല്ലാ വികാരങ്ങളും മുഖത്തു കാണാം. എതിരെ നടന്നു പോകുന്നവര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുവെന്ന ചിന്തപോലുമില്ല. എല്ലാം മറന്നുള്ള പോക്കല്ലേ! അപ്പോള്‍ നിയന്ത്രിക്കാനെങ്ങനെ പറ്റും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org