റിയോയില്‍ ലോകം ഒന്നിക്കുന്നു, പുതിയ കുതിപ്പിന്റെ കാലൊച്ചകള്‍

ആമയും മുയലും പന്തയംവച്ചോടുന്ന കാലം കടന്നുപോയിരിക്കുന്നു. ഒരാള്‍ ഉറങ്ങിത്തന്നിട്ടു ജയിക്കാമെന്നു കരുതണ്ട. മുയലുറങ്ങുന്നില്ല. ഉടലിലിഴയല്‍ ആമകളും ഉപേക്ഷിച്ചു. ചുമലിലെ ഭാരത്തെ അതിജീവിച്ച് ആമകള്‍ പറക്കാന്‍ പരിശീലിച്ചിരിക്കുന്നു. ഇനിയുള്ള കാലം പറക്കുന്ന ആമകളും ഉറങ്ങാത്ത മുയലുകളും പന്തയക്കളത്തില്‍ മാറ്റുരയ്ക്കുന്നു. നമ്മളെവിടെയാണ്?

റിയോഡി ജനീറോയില്‍ 31-ാം ഒളിമ്പിക്‌സ് കുടനിവര്‍ത്തി ലോകം ഒന്നിക്കുന്നു. മാരക്കാനയിലെ കളിക്കളങ്ങളില്‍ കരുത്തിന്റെ കാഴ്ചയൊരുക്കി വളര്‍ച്ചയുടെ വൈവിധ്യ പ്രഭയോടെ പുതിയ ഉയരവും വേഗതയും തേടി പുതുതലമുറ ഒത്തു കൂടുന്നു. 206 രാജ്യങ്ങളിലെ 11,000-ലേറെ താരങ്ങള്‍ പങ്കെടുക്കുന്നു. എന്നും അക്രമവും ഭീകരതയുടെ വെടിയൊച്ചകളുംകൊണ്ട് തകരുന്ന ഭീതിയുടെ ഇരുള്‍ മുനമ്പുകളിലേക്കെല്ലാം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വളര്‍ച്ചയുടെയും പ്രഭാപൂരത്താല്‍ ശോഭയുള്ളതാക്കാന്‍ ചെറുപ്പക്കാരുടെ ഒത്തു ചേരല്‍. മനുഷ്യരെ വിഭജിക്കുന്ന ഘടകങ്ങളാണെല്ലായിടത്തും നിറയുക. എന്നാല്‍ ഒളിമ്പിക്‌സ് ഒന്നിപ്പിന്റെ പ്രകാശവളയങ്ങള്‍ തീര്‍ക്കുന്നു. വിശ്വസാഹോദര്യത്തിന്റെ കൂടിവരവാണത്. മാനവികതയുടെ പുതിയ ദീപങ്ങളാണ് ഒളിമ്പിക്‌സ് വേദികളില്‍ തെളിയുക. സമാധാനത്തിന്റെ ദൂതുമായെത്തുകയും അതിന്റെ വളയങ്ങളില്‍ കാലദേശ ദൂരങ്ങളെ അതിജീവിച്ചു മത്സരിക്കുകയും സമാധാനത്തിന്റെ ദൂതുമായി അവരവരുടെ ദേശങ്ങളിലേക്കു മടങ്ങുകയും ചെയ്യുന്ന വളരെ വേറിട്ട അനുഭവം പങ്കുവയ്ക്കുകയാണ് റിയോ ഒളിമ്പിക്‌സ്. ദക്ഷിണ കൊറിയയുടെയും ഉത്തരകൊറിയയുടെയും ജിമ്‌നാസ്റ്റിക് സുന്ദരികള്‍ കളിക്കളത്തില്‍വച്ച് സെല്‍ഫി എടുത്തത് വലിയ സംസാരവിഷയമായിരിക്കുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത ഇല്ലാതാകാന്‍ ഈ അപൂര്‍വ്വ സെല്‍ഫി ഇടയാക്കിയേക്കാമെന്നുവരെ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഗ്രീസിലെ ഒരു നഗരരാഷ്ട്രമായിരുന്ന ഒളിമ്പ്യായിലായിരുന്നു ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആദ്യകാലത്തു നടത്തപ്പെട്ടിരുന്നത്. പ്രാചീന ഗ്രീസിലെ ഒളിമ്പിക്‌സിന്റെ പ്രധാനസന്ദേശം സമാധാനസംസ്ഥാപനമായിരുന്നു. ഒളിമ്പിക്‌സ് സമയത്ത് നഗരരാഷ്ട്രങ്ങള്‍ യുദ്ധങ്ങളിലോ സംഘര്‍ഷങ്ങളിലോ ഏര്‍പ്പെട്ടിരുന്നില്ല.
ലാറ്റിനമേരിക്കയില്‍ വച്ചു നടക്കുന്ന ആദ്യത്തെ ഒളിമ്പിക്‌സാണിത്. ബ്രസീല്‍ ഫുട്‌ബോള്‍ കളിയുടെ നാടാണ്. ബ്രസീലുകാര്‍ക്കു ഫുട്‌ബോള്‍ വെറും കളിയല്ല, അവര്‍ക്കതു ജീവനും ജീവിതവുമാണ്. തങ്ങളനുഭവിച്ചിട്ടുള്ള അടിച്ചമര്‍ത്തലുകള്‍ക്കും ജീവിതത്തിന്റെ ദുരന്തങ്ങള്‍ക്കും നേരെ പന്തടിച്ച് അതിജീവനം സാധിക്കുന്ന ബ്രസീലിന്റെ മണ്ണില്‍ കളികള്‍ക്കു ജീവതത്തിന്റെ തുടിപ്പാര്‍ന്ന പുതിയ അര്‍ത്ഥതലങ്ങളുണ്ട്.
ഇന്ത്യയും വേണ്ടവണ്ണം ഇതില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ അവിടത്തെ നമ്മുടെ പ്രകടനത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടക്കേണ്ട തുണ്ട്. 120 വര്‍ഷത്തെ മെഡല്‍പ്പട്ടിക പരിശോധിച്ചാല്‍ സ്വര്‍ണം കിട്ടിയിട്ടുള്ളത് ഹോക്കിയുടെ പ്രതാപകാലത്തു മാത്രം. പിന്നെ 2008-ലെ ഷൂട്ടിംഗില്‍ അഭിനവ്ബിന്ദ്ര നേടിത്തന്നതും. 130 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യ, ലോകത്തെ മറ്റെല്ലാവരെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യതയുള്ള രാഷ്ട്രമാണ്. അങ്ങനെയെങ്കില്‍ നമുക്കെന്തു പറ്റുന്നു എന്നു ഗൗരവമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ഓരോ നാലാം വര്‍ഷവും ഇന്ത്യയെ നാണംകെടുത്താന്‍ ആരൊക്കെയോ കളിക്കളം കവരുന്നു. ഇക്കുറി ഇന്ത്യയില്‍നിന്ന് 124 പേര്‍ മത്സരിക്കാനണിനിരന്നിട്ടുണ്ട്. അഞ്ച് ഒളിമ്പിക്‌സ് ജേതാക്കളും കൂട്ടത്തിലുണ്ട്. പക്ഷേ നമ്മെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണവര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും പുരുഷന്മാരുടെ ഹോക്കിയിലാണ് ഒരു മെഡല്‍ പ്രതീക്ഷ. ഇന്ത്യ ഇന്നേവരെ ഒളിമ്പിക്‌സിനെ ഗൗരവമായട്ടെടുത്തിട്ടില്ല. ഒളിമ്പിക്‌സാകുമ്പോള്‍ പെട്ടെന്നു തട്ടിക്കൂട്ടുന്ന ടീമില്‍നിന്ന് കാര്യമായിട്ടൊന്നും പ്രതീക്ഷിക്കേണ്ടതില്ല ല്ലോ. നമുക്കിവിടെ ആളുണ്ട്, ആവശ്യത്തിനു പണവും ചെലവഴിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് പ്രൊമോഷനായി നാം ചെലവഴിക്കുന്ന പണമെല്ലാം എവിടെപ്പോകുന്നു എന്ന് ആരെങ്കിലും അന്വേഷിക്കണം. അര്‍ഹരായവരെ കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. മലയോരപ്രദേശത്തും ആദിവാസികളുടെ ഇടയിലും തീരപ്രദേശത്തുമെല്ലാം ലോകത്തെ വിറപ്പിക്കാന്‍ കഴിവുള്ള പ്രതിഭകളുണ്ട്. പക്ഷേ വലിയവീട്ടിലെ പിള്ളേരേ ഇത്തരം കാര്യങ്ങള്‍ക്കായി ജനിച്ചിട്ടുള്ളൂ എന്നു തീരുമാനിച്ചാല്‍ മേല്‍പ്പറഞ്ഞവരാരും തിരഞ്ഞെടുക്കപ്പെടുകയില്ല, പരിശീലിപ്പിക്കപ്പെടുകയുമില്ല. അര്‍ഹരായ കുട്ടികളെ ചെറുപ്രായത്തിലേ കണ്ടെത്തി ഒളിമ്പിക്‌സ് മുന്നില്‍ കണ്ടുകൊണ്ടുതന്നെ പരിശീലിപ്പിക്കണം. പി.ടി. ഉഷയെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു കൊടുത്താല്‍ നിശ്ചയമായും ഫലമുണ്ടാകും.
റിയോയിലെ ഒരോ ദിവസവും വിസ്മയങ്ങളുടേതാണ്. റിക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുന്നു. പുതിയ ദൂരവും പുതിയ ഉയരവും കണ്ടെത്തപ്പെടുന്നു. ലോകം വളരെ പെട്ടെന്ന് ഉയരങ്ങളിലേക്കു കുതിച്ചെത്തുന്നു. പുതിയ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുംകൊണ്ടു വര്‍ണാഭമാകുന്ന കാലം. ഇതാര്‍ക്കാണു പ്രതീക്ഷ പകരാത്തത്? പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നവരുമുണ്ട്. പക്ഷേ അവരും പുതിയ പ്രതീക്ഷകളുടെ പ്രഭയിലാണ്. ഈ വേഗതയിലാണ് ഇനിയുള്ള നാലുവര്‍ഷക്കാലം നമുക്കു സഞ്ചരിക്കാനുള്ളത്. അമാന്തിച്ചിരിക്കാന്‍ നമുക്കു സമയമില്ല. ആമയും മുയലും പന്തയംവച്ചോടുന്ന കാലം കടന്നുപോയിരിക്കുന്നു. ഒരാള്‍ ഉറങ്ങിത്തന്നിട്ടു ജയിക്കാമെന്നു കരുതണ്ട. മുയലുറങ്ങുന്നില്ല. ഉടലിലിഴയല്‍ ആമകളും ഉപേക്ഷിച്ചു. ചുമലിലെ ഭാരത്തെ അതിജീവിച്ച് ആമകള്‍ പറക്കാന്‍ പരിശീലിച്ചിരിക്കുന്നു.ഇനിയുള്ള കാലം പറക്കുന്ന ആമകളും ഉറങ്ങാത്ത മുയലുകളും പന്തയക്കളത്തില്‍ മാറ്റുരയ്ക്കുന്നു. നമ്മളെവിടെയാണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org