ലാളിത്യം ചര്‍ച്ചാവിഷയമാക്കി സീറോ-മലബാര്‍ സഭാ അസംബ്ലി

കൃത്യതയോടെ വിലയിരുത്തലുകള്‍ നടത്തി പടിവാതില്‍ക്കലെ ലാസറുമാരിലേക്കു കണ്ണു മാറ്റുന്നതാകട്ടെ നമ്മുടെ ലാളിത്യം. ലാസറുമാരെ കണ്ണില്‍ നിന്നു മറക്കുന്ന ഭീമാകാരങ്ങളായ പലതും ഇന്ന് നമുക്ക് വട്ടം നില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള കുറേ കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞദിവസം പത്രങ്ങളില്‍ കണ്ടു. ആഘോഷങ്ങളും തിരുനാളുകളും ഊട്ടു നേര്‍ച്ചകളും എല്ലാം. ആ തുറന്നുപറച്ചില്‍ എത്രയോ പ്രശംസനീയം ദൈവമക്കളായ ലാസറുമാരെ നമ്മുടെ കാഴ്ചയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് എന്തായാലും അത് വേണ്ടെന്നു വക്കുന്നതാവും നല്ലത്.

നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങള്‍ പലതാണ്. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുക, പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക, മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുക ഇങ്ങനെ പോകുന്നു അതിന്റെ പട്ടിക. ലാളിത്യത്തിന്റെ ആള്‍രൂപമായ മദര്‍ തെരേസ വിശുദ്ധ പദവിയിലേക്കെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ജീവിതത്തിലെ ലാളിത്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യം സീറോ-മലബാര്‍ സഭയിലെ അഞ്ഞൂറ്റി അമ്പതോളം പ്രതിനിധികള്‍ ഒരുമിച്ചുകൂടി ചര്‍ച്ച ചെയ്യുന്നു. ആദ്യം പറഞ്ഞ നല്ല കുമ്പസാരത്തിന്റെ വിവിധ ഘട്ടങ്ങള്‍ അസംബ്ലിയിലും തുടര്‍ന്നും നടത്തപ്പെടും എന്ന് ആകാംക്ഷയോടെ നാം പ്രതീക്ഷിക്കുന്നു.
ലാളിത്യത്തിനെതിരായ തിന്മയ്ക്ക് ടോള്‍സ്റ്റോയ് നല്കുന്ന നിര്‍വചനം: തനിക്ക് അമിതമായി ഭക്ഷിക്കാനുണ്ടായിരിക്കുകയും മറ്റൊരുവന് അത് ഇല്ലാതിരിക്കുകയും ചെയ്യുന്നതു വഴി ഞാന്‍ ഒരു വലിയ പാപിയായി മാറുന്ന അവസ്ഥ എന്നത്രേ!! കാല്‍ക്കീഴില്‍ കിടന്ന ലാസറിന്റെ മേല്‍ കണ്ണു വയ്ക്കാതിരുന്നപ്പോള്‍ നരകത്തിലേക്ക് എടുക്കപ്പെടുന്ന ധനവാന്‍ (ലൂക്കാ 16:19ളള) ലാളിത്യത്തെപ്പറ്റി ചിന്തിക്കുന്ന സഭയുടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കട്ടെ. ഒരു സഹോദരന്‍ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ ശരീരത്തിനാവശ്യമായതു കൊടുക്കാതെ സമാധാനത്തില്‍ പോവുക, വിശപ്പടക്കുക, തീ കായുക എന്നൊക്കെ (യാക്കോബ് 2:15-16) വിളിച്ചു പറയുന്ന ഒരു അസംബ്ലി നമുക്ക് ഉണ്ടാകാതിരിക്കട്ടെ.
ഇത്രയേറെ ഒരുക്കത്തോടെ അസംബ്ലി നടത്തപ്പെടുമ്പോള്‍ അത്രയേറെ ആത്മാര്‍ത്ഥതയോടും പ്രാധാന്യത്തോടും കൂടിയാണ് ഈ വിഷയം പരിഗണിക്കപ്പെട്ടത് എന്നതില്‍ തര്‍ക്കമില്ല. ഈയുള്ളവന്‍ മനസ്സിലാക്കുന്നിടത്തോളം വിഷയം മുകളില്‍ നിന്നു തീരുമാനിക്കപ്പെട്ടതല്ല; മറിച്ച്, എല്ലാവരുടെയും ആശയങ്ങള്‍ സ്വരൂപിച്ച് രൂപപ്പെടുത്തിയതാണ്.
എങ്കില്‍ ആദ്യം സംഭവിക്കേണ്ടത് എന്തെന്തു കാരണങ്ങളാലാവും ഇത് ഒരു വിഷയമായി രൂപപ്പെട്ടത് എന്നതു തന്നെയാണ്. ആര്‍ഭാടങ്ങളെക്കാള്‍ ആവശ്യത്തിനും അതിനെക്കാളുപരി അത്യാവശ്യത്തിനും പ്രാധാന്യം കൊടുക്കേണ്ടിയിരുന്ന നമ്മള്‍ വഴിതെറ്റിയത് എവിടെയാണ്. കുടുംബങ്ങളില്‍? ആഘോഷങ്ങളില്‍? വീടു നര്‍മ്മാണത്തില്‍? പള്ളിപണികളില്‍? സഭയുടെ മരാമത്തുപണികളില്‍? പാവപ്പെട്ടവര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവര്‍ ആ നാട്ടിലെ ഏറ്റവും വിസ്തൃതമായ ഭൂമിയില്‍ ഏറ്റവും വലിയ കെട്ടിടത്തില്‍ താമസിക്കുന്നതില്‍? എവിടെയാണു നമുക്കു പിഴച്ചതില്‍.
ലെനിനും സ്റ്റാലിനും മുന്നോട്ടുവച്ച കമ്മ്യൂണിസത്തിന്റെ സോഷ്യലിസ്റ്റ് സങ്കല്പമൊന്നും പറയാനല്ല ഈ കുറിപ്പ് എന്നാല്‍ വിശുദ്ധ അഗസ്തീനോസ് പറയുന്നതു നാം ശ്രദ്ധിക്കണം. മനുഷ്യന്റെ ലാളിത്യം അളക്കപ്പെടേണ്ടത് അവനുള്ളതില്‍ നിന്നല്ല; മറിച്ച് അവന്റെ മാനസിക അവസ്ഥയില്‍ നിന്നാണ്. ഗ്രിഗറി ദ ഗ്രേറ്റ് പറയന്നു നിങ്ങള്‍ക്കെന്തുണ്ട് എന്നതിനെ ഓര്‍ത്ത് ഉത്കണ്ഠ പ്പെടാതെ നീ ആരാണ് എന്നതിനെ ഓര്‍ത്ത് പശ്ചാത്തപിക്കുവിന്‍ എന്ന്. പോപ്പ് അലക്‌സാണ്ടര്‍ പറഞ്ഞു. സാത്താന്‍ എന്നത്തേക്കാളും ബുദ്ധിമാനാണ് ഇപ്പോള്‍ അവന്‍ എല്ലാവരെയും കൂടുതല്‍ സമ്പന്നരാകാന്‍ പ്രലോഭിപ്പിക്കുന്നു.
കൃത്യതയോടെ വിലയിരുത്തലുകള്‍ നടത്തി പടിവാതില്‍ക്കലെ ലാസറുമാരിലേക്കു കണ്ണു മാറ്റുന്നതാകട്ടെ നമ്മുടെ ലാളിത്യം. ലാസറുമാരെ കണ്ണില്‍ നിന്നു മറക്കുന്ന ഭീമാകാരങ്ങളായ പലതും ഇന്ന് നമുക്ക് വട്ടം നില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള കുറേ കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞദിവസം പത്രങ്ങളില്‍ കണ്ടു. ആഘോഷങ്ങളും തിരുനാളുകളും ഊട്ടുനേര്‍ച്ചകളും എല്ലാം. ആ തുറന്നുപറച്ചില്‍ എത്രയോ പ്രശംസനീയം ദൈവമക്കളായ ലാസറുമാരെ നമ്മുടെ കാഴ്ചയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് എന്തായാലും അത് വേണ്ടെന്നു വക്കുന്നതാവും നല്ലത്. നാലു നേരത്തെ മൃഷ്ടാന ഭോജനമാണെങ്കില്‍ അത്. ആഘോഷങ്ങളും മോഡിപിടിപ്പിക്കലുമാണെങ്കില്‍ അത്. അത്യാധുനികതയുടെ മൊബൈല്‍ ഫോണുകളും ആഢംബരകാറുകളും ഇലക്‌ട്രോണിക് സംവിധാനങ്ങളുമാണെങ്കില്‍ അത്. കണ്ണ് പാപഹേതുവാകുന്നുവെങ്കില്‍ അത് ചൂഴ്‌ന്നെടുത്തു കളയാനുള്ള തന്റേടമുണ്ടാകട്ടെ. ഇരുകണ്ണുകളോടുംകൂടി നരകത്തില്‍ പോകുന്നതിനേക്കാള്‍ നല്ലത് കണ്ണില്ലാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്നതാണ്.
പോരായ്മകളെ ക്രമമായി ഓര്‍ത്ത് അതിനെപ്പറ്റി പശ്ചാത്തപിച്ച് മേലില്‍ അതുണ്ടാകാതിരിക്കാന്‍ ക്രിയാത്മക തീരുമാനങ്ങളുണ്ടായാല്‍ ഇത്തരം ചര്‍ച്ചകള്‍ എക്കാലവും സ്മരിക്കപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org