കാണികളാകാതെ കണ്ണികളാകാം

ആത്മഹത്യകള്‍ അത്ര അസാധാരണമല്ലാത്ത നമ്മുടെ നാട്ടില്‍ വളരെ അസാധാരണമായ ഒരു ആത്മഹത്യ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നു. കോട്ടയത്തു ദിനു അലക്സ് എന്ന ചെറുപ്പക്കാരന്‍ മീനച്ചിലാറില്‍ ചാടി ജീവിതം അവസാനിപ്പിച്ചു. കാരണം, തന്‍റെ ആരാധനാപാത്രമായ ഫുട്ബോള്‍ കളിക്കാരന്‍ ലയണല്‍ മെസ്സിയും അര്‍ജന്‍റീന ടീമും കളിയില്‍ ദയനീയമായി പരാജയപ്പെട്ടു. അജയ്യനെന്നു ദിനു കരുതിയിരുന്ന മെസ്സി കളിച്ച ടീം ക്രോയേഷ്യ എന്ന കൊച്ചു രാജ്യത്തോടു തോറ്റു. ഇനി തനിക്കു പുറത്തിറങ്ങി നടക്കാനോ ആളുകളെ അഭിമുഖീകരിക്കാനോ കഴിയില്ല, അതുകൊണ്ടു മരണത്തിന്‍റെ ആഴങ്ങളിലേക്കു പോകുന്നുവെന്നാണ് ആ ചെറുപ്പക്കാരന്‍ കുറിച്ചുവച്ചത്.

നമ്മുടെ ചെറുപ്പക്കാരുടെ അനാരോഗ്യകരമായ ജീവിതസമീപനമാണ് ഇവിടെ വെളിപ്പെടുന്നത്. ഈ ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നേയില്ല. അതിനുള്ള യോഗ്യത നേടാനായില്ല. കളി നടക്കുന്നതു റഷ്യയില്‍. ഇങ്ങനെയുള്ള കളിയില്‍ മലയാളികള്‍ എല്ലാ പിരിധികളും വിട്ട് ആവേശം കൊള്ളുകയാണ്. ബ്രസീല്‍, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളുടെ ടീമുകളെ മനസ്സാ വരിക്കുക, അവര്‍ക്കുവേണ്ടി ജയ് വിളിക്കുക, അവരുടെ ജേഴ്സി അണിയുക, അവരുടെ ടീമിന്‍റെ നിറം വാഹനങ്ങളിലും വീടുകളിലും അടിക്കുക, ഇഷ്ടതാരങ്ങളുടെ ഫ്ളെക്സ് ബോര്‍ഡുകള്‍ വയ്ക്കുക, ബൂത്തുകള്‍ നിര്‍മിക്കുക, വലിയ സ്ക്രീനുകള്‍ സ്ഥാപിച്ചു കൂട്ടമായിരുന്നു കളി കാണുക, വെല്ലുവിളിക്കുക, ബെറ്റ് വയ്ക്കുക എന്നിങ്ങനെ എന്തെല്ലാം കളികളാണു കളിക്കളത്തിനു പുറത്ത് ഇവര്‍ ചെയ്തുകൂട്ടുന്നത്? സമനില തെറ്റിയുള്ള ഈ കളിഭ്രാന്തിന്‍റെ ഇരയാണു ദിനു അലക്സ്.

രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും ചരിത്രത്തിലും എന്നുവേണ്ട സാമൂഹ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ദേശീയതാവികാരം കുത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയും ആവതു ശ്രമിക്കുമ്പോഴാണ് ഏതോ വിദേശരാജ്യത്തിന്‍റെ ഫുട്ബോള്‍ ടീമിനും കളിക്കാരനുംവേണ്ടി ജീവന്‍ ത്യജിക്കാന്‍ ഇവിടെ ചെറുപ്പക്കാര്‍ തയ്യാറാകുന്നത് എന്നതു വിരോധാഭാസം തന്നെ. പക്ഷേ, ഈ കളികാണല്‍ ഭ്രാന്തു ചെറുപ്പക്കാരുടെ മനോഭാവങ്ങളെപ്പറ്റിയും മൂല്യസങ്കല്പങ്ങളെപ്പറ്റിയും ഗൗരവമായ പഠനം ആവശ്യപ്പെടുന്നുണ്ട്.

ചെറുപ്പക്കാര്‍ കാണികളായി മാറിനില്ക്കുന്നുവെന്നാണു ശ്രദ്ധയര്‍ഹിക്കുന്ന വിഷയം. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനഫലമാകാമിത്. ടി.വി. കാണല്‍ നിഷ്ക്രിയപ്രവൃത്തിയാണ്. അതു തലച്ചോറിന്‍റെ തീവ്രമായ പ്രവര്‍ത്തനം ആവശ്യപ്പെടുന്നില്ല. ദീര്‍ഘനേരം ടി.വി. കാണുന്നതുവഴി ശരീരവും ഒട്ടൊക്കെ നിശ്ചലമാകുന്നു. കൂടുതല്‍ സമയം ടി.വി.യുടെ മുമ്പില്‍ കഴിച്ചുകൂ ട്ടുന്നവര്‍ക്കു പഠനംപോലുള്ള ബൗദ്ധികപ്രവര്‍ത്തനം നടത്താന്‍ താത്പര്യമില്ലാത പോകുന്നു. പുറത്തിറങ്ങി കളിക്കാനോ കൂട്ടുകൂടാനോ ഉള്ള താത്പര്യവും കുറയുന്നു. അവര്‍ ഒരുതരം സ്വപ്നലോകത്തില്‍ ചെന്നുചാടാനുള്ള സാദ്ധ്യതയേറെയാണ്. ക്രിക്കറ്റോ ഫുട്ബോളോ പോലുളള കളികളില്‍ താത്പര്യം ജനിച്ചുകഴിഞ്ഞാല്‍ അവര്‍ കളിയുടെ മാന്ത്രികലോകത്തിലെത്തിച്ചേരുന്നു. കളിയും കളിക്കാരുമാണു പിന്നീട് അവരുടെ ലോകം. ചില കളിനായകരുമായി അവര്‍ താദാത്മ്യം പ്രാപിക്കും. അവരുടെ വിജയപരാജയങ്ങള്‍ തങ്ങളുടേതാണ് എന്ന് അവര്‍ വിചാരിക്കാന്‍ തുടങ്ങുന്നു. ദിനുവിനു സംഭവിച്ചത് അതാണ്.

ആളുകള്‍ വെറും കാണികളും നിഷ്ക്രിയരുമായി മാറുന്നതാണ് അപകടം. സംസ്കാരത്തിന്‍റെ പ്രത്യേകതകൊണ്ടുകൂടിയാകാം കാണികളാകാനുള്ള പ്രവണത നമ്മുടെ നാട്ടില്‍ വളരെ പ്രബലമാണ്. 'നോക്കുകൂലി' എന്നൊരു ഏര്‍പ്പാടു ലോകത്തു മറ്റെവിടെയെങ്കിലുമുണ്ടോ? റോഡിലെ കുഴികള്‍ ശ്രദ്ധിക്കുക. ദേശീയപാതയിലും സംസ്ഥാനപാതയിലും – ഗ്രാമങ്ങളിലും പട്ടണങ്ങളിലും – കുഴികളുണ്ട്. റോഡുകളുടെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ ദിനേനയെന്നോണം ആ കുഴികള്‍ കാണുന്നുണ്ടാകും. ആ കുഴികള്‍ നികത്തപ്പെടേണ്ടതാണ് എന്ന് അവര്‍ക്കു തോന്നുന്നില്ല. അവര്‍ കാഴ്ചക്കാരായി കടന്നുപോകുന്നു. ആളുകള്‍ മരണാസന്നരായി കിടന്നാലും നാം കടന്നുപോകുന്നു. പുതിയ തലമുറക്കാര്‍ മൊബൈലില്‍ ചിത്രമെടുക്കും, കഴിയുമങ്കില്‍ സെല്‍ഫിയെടുക്കും. സെല്‍ഫിയെടുക്കല്‍ കാണികളായി മാറിനില്ക്കുന്ന സംസ്കാരത്തിന്‍റെ പാരമ്യമാണ്.

നമ്മുടെ നിരത്തുകളില്‍ മാലിന്യം കിടക്കുകയോ മൃഗങ്ങള്‍ ചത്തുകിടക്കുകയോ ചെയ്താല്‍ പലപ്പോഴും നാം ഒന്നും ചെയ്യാറില്ല. ചിലപ്പോള്‍ നാം പഞ്ചായത്ത് അല്ലെങ്കില്‍ മുന്‍സിപ്പല്‍ അധികൃതരെ കുറ്റപ്പെടുത്തും. അവര്‍ തങ്ങളുടെ കടമ ചെയ്യുന്നില്ലെന്നു പരാതിപ്പെടും. പ്രശ്നം പരിഹരിക്കുവാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു ചിന്തിക്കുന്നില്ല, ചെയ്യുന്നുമില്ല. ഇനി ആരെങ്കിലും ചെയ്താല്‍ നമ്മള്‍ കാണികളാകും. കൂടെ ചെയ്യാന്‍ മെനക്കെടുകയില്ല.

പൊതുസമൂഹത്തില്‍ കാണുന്ന വലിയ പ്രശ്നമാണിത്. പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാനോ അലങ്കോലമായി കിടക്കുന്നതു നേരെയാക്കാനോ നാം ശ്രദ്ധിക്കാറില്ല. കുട്ടികള്‍ക്ക് ആ പരിശീലനം നല്കുന്നില്ല. ക്ലാസ്സുമുറികള്‍ വൃത്തികേടാക്കിയാല്‍ അതു പൂര്‍വസ്ഥിതിയിലാക്കണമെന്ന വിചാരം മിക്കവാറും കുട്ടികള്‍ക്കില്ല. അവര്‍ക്കു വീട്ടില്‍ നിന്ന് അങ്ങനെയൊരു പരിശീലനമില്ല.

ഓരോ കാര്യത്തിനും ജാഥകള്‍ നടത്താറുണ്ട്; അല്ലെങ്കില്‍ പള്ളിപ്പെരുന്നാളുകള്‍ക്കു പ്രദക്ഷിണം നടത്താറുണ്ട്. ഈ ജാഥയും പ്രദക്ഷിണവും കാണാന്‍ ആളുകള്‍ വഴിയുടെ ഇരുവശത്തും നിലയുറപ്പിക്കും. ആളുകള്‍ അണിനിരന്നാലേ ജാഥയും പ്രദക്ഷിണവുമുണ്ടാകുകയുള്ളൂ എന്നിവര്‍ ചിന്തിക്കുന്നില്ല. അവര്‍ കാണികളാണ്, കണ്ണി ചേരുന്നില്ല. നമ്മുടെ സംസ്കാരത്തില്‍ ലീനമായുള്ള ഈ പ്രവണതയെ ദൃശ്യമാധ്യമങ്ങള്‍ വര്‍ത്തുളമാക്കിയെന്നു വിചാരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org