Latest News
|^| Home -> Pangthi -> വരികള്‍ക്കിടയില്‍ -> “താജ്മഹല്‍ പൊളിക്കാതെ കാക്കണേ, തമ്പുരാനേ”

“താജ്മഹല്‍ പൊളിക്കാതെ കാക്കണേ, തമ്പുരാനേ”

ഫാ. കുര്യാക്കോസ് മുണ്ടാടന്‍

രാത്രിയും പകലുമില്ലാതെ മഴ പെയ്തിറങ്ങുമ്പോള്‍ മഴയുടെ താളത്തിനൊപ്പം നെഞ്ച്, കവിതയുടെ ഈണവുമായി മിടിക്കാറുണ്ട്. ഉള്ളിലെ വേദനയും സമൂഹത്തിലെ അഴിമതിയും കളിയുടെ ആരവവും ഒറ്റപെടുന്നവന്‍റെ നൊമ്പരങ്ങളും മനസ്സിനെ മഥിക്കുമ്പോള്‍ കവിത ഒരാശ്വാസമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘താജ്മഹല്‍’ എന്ന കവിത വഴി ഒ.പി. സുരേഷ് മനസ്സിന്‍റെ കോണുകളില്‍ ഉടക്കി കിടന്നിരുന്ന മതേതര ചിന്തകളും മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരു പറഞ്ഞ് പണവും സ്വാധീനവുമുള്ളവരും പാവപ്പെട്ടവരുടെ നെഞ്ചത്ത് കേറുന്ന കാഴ്ചകളും കണ്ണില്‍ വിതറിയപ്പോള്‍ ഉള്ളു പിടഞ്ഞുവെന്നു മാത്രമല്ല, എന്ന് നമ്മുടെ നാടും രാജ്യവും സമാധാനത്തിലും സന്തോഷത്തിലും ജീവിക്കും എന്ന ചിന്ത ആളിക്കത്തുകയും ചെയ്തു.

“ഇട്ടിരിക്കാന്‍ പൊന്‍ തടുക്ക, ഇരുന്നുണ്ണാന്‍ പൊന്‍ തളിക” എന്നാണ് ‘കൃഷ്ണപക്ഷത്തിലെ പാട്ടില്‍’ മലയാളത്തിന്‍റെ പാണന്‍ ഒ.എന്‍.വി. പാടിയത്. നാം വിഗ്രഹങ്ങളില്‍ തീര്‍ത്ത ദൈവങ്ങള്‍ക്കു വേണ്ടി പച്ചയായ മനുഷ്യനെ ഇല്ലായ്മ ചെയ്യുന്ന നെറിവില്ലാത്ത സംസ്കാരത്തിന്‍റെ മൃതസ്മരണകള്‍ അയോധ്യയായിട്ടും ഗോദ്രയായിട്ടും കന്ദമാലായിട്ടും മനസ്സില്‍ അന്ധകാരത്തിന്‍റെ ഭീതി നിറയ്ക്കുന്നു. “സ്മാരകങ്ങള്‍ നിങ്ങള്‍ക്ക് പൊളിക്കാനായേക്കും, സ്മരണകളെ തൊടാനാവില്ല – ബാവുട്ടിക്കയുടെ വാക്കുകള്‍ അടിക്കുറിപ്പായി എഴുതിയിട്ടാണ് താജ്മഹല്‍ എന്ന കവിത ഒ.പി. സുരേഷ് ആരംഭിക്കുന്നത്. ഒരു സ്കൂള്‍ മുറ്റത്ത് ചെറിയ മിഠായികട നടത്തിയിരുന്ന ഒരു പാവത്തിനുണ്ടായ ഒരു ദുരന്താനുഭവമാണ് കവി ഈ കവിതയില്‍ വളരെ ലളിതമായി വിവരിച്ചിരിക്കുന്നത്. പുതുമഴക്കൊപ്പം മുളച്ചു വന്ന സ്കൂള്‍ മുറ്റത്തെ ഒറ്റപ്പീടികയുടെ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് കവിത തുടങ്ങുന്നത്. “ചെറിയ നാലഞ്ച് ഭരണികളില്‍, പല്ല്മ്മലൊട്ടി, പഞ്ചാര മിഠായികള്‍, പഴയ മൂന്നാല് തക്കാളിപ്പെട്ടിയില്‍, പേന പെന്‍സില്‍, നോട്ടുബുക്കുകള്‍” കുട്ടികളുടെ ആരവവും കളിയും ചിരിയും ജിജ്ഞാസയും എല്ലാം നിറയുന്ന ആ ചെറിയ കടയ്ക്ക് അയാള്‍ ഇട്ട പേര് താജ്മഹല്‍ എന്നാണ്. തന്‍റെ കൊച്ചു കടയെക്കുറിച്ച് എന്നും അഭിമാനവും സന്തോഷവും തോന്നിയിരുന്ന അയാള്‍, “പൊടിപൊടിക്കുന്ന കച്ചവടത്തിനിടയ്ക്കും, ബാവുട്ടിക്ക ഇടയ്ക്കിടെ പുറത്തിറങ്ങും, നക്ഷത്രത്തിളക്കമുള്ള സ്വന്തം താജ്മഹല്‍, കണ്‍കുളിര്‍ക്കെ നോക്കിനില്‍ക്കും.” പിടിവിട്ടുപോയ ഏതോ പ്രണയത്തിലെ തന്‍റെ മുംതാസിനെ ഓര്‍ത്തായിരിക്കാം ബാവുട്ടിക്ക കടയ്ക്ക് താജ്മഹല്‍ എന്ന് പേരിട്ടത് എന്ന് കവി ഭാവന.

വെള്ളിയാഴ്ച ഉച്ച സമയത്ത് എല്ലാവരും പള്ളിയില്‍ നിസ്കരിക്കാന്‍ പോകുന്ന നേരത്ത് ബാവുട്ടിക്ക തന്‍റേതായ ലോകത്ത് ഏകാന്തതയില്‍ അയാളെ ഈ ലോകത്തില്‍ തനിച്ചാക്കിയിട്ട് മരണത്തിന്‍റെ നിലയില്ലാ കയത്തിലേക്ക് ഇറങ്ങിപ്പോയ തന്‍റെ പ്രണയിനിയുടെ സ്മൃതികളിലൂടെ ഒഴുകി നടന്നു. അതായിരുന്നു അയാളുടെ പ്രാര്‍ത്ഥന, അതായിരുന്നു അയാളുടെ ജീവിതം. മരണത്തിന് കീഴടക്കാന്‍ പറ്റാത്ത സ്മരണയായിരുന്നു അയാളുടെ പ്രണയിനി. ‘പക്ഷേ ഒരു ദിവസം അയാളുടെ സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ നാശത്തിന്‍റെ വാള്‍ പാഞ്ഞുവന്നു. ലോകം മുഴുവന്‍ റഷ്യയിലെ കാല്‍പന്തുകളിയില്‍ കണ്ണുമഞ്ഞളിച്ച് ഇരിക്കുമ്പോള്‍ കുട്ടികള്‍ സ്കുള്‍ ഗ്രൗണ്ടില്‍ കളിച്ച സെവന്‍സാണ് ദുരന്തമായത്. കളിക്കിടയില്‍ കുട്ടികള്‍ക്കു കിട്ടിയ കരിങ്കല്‍ ശില്പം ദേവീവിഗ്രഹമായതോടെ ഭക്തിയും ഭക്തരും ഓടിയെത്തി. സ്വര്‍ണപ്രശ്നം നോക്കലായി, ശ്രീകോവിലായി, നാലമ്പലമായി, നൂറ്റൊന്നു ദിനരാത്രങ്ങളിലെ പൂജവഴി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുടിഞ്ഞു കിടന്ന അമ്പലം സജീവമായി. അമ്പലത്തിനു ചുറ്റും എണ്ണ, തിരി, കര്‍പ്പൂരം എന്നിവ തകൃതിയായി വിറ്റഴിഞ്ഞു. ബാവുട്ടിക്കയുടെ താജ്ഹലിലും ഭക്തവസ്തുക്കള്‍ക്കായുള്ള തിരിക്കായി. “വിഗ്രഹാരാധനയ്ക്ക് വിഭവമൊരുക്കുന്ന, അന്യമതസ്ഥന്‍റെ മാതൃക, പത്രങ്ങളില്‍ ഫീച്ചറുകളായി, ബാവുട്ടിക്ക മതേതരപ്രതീകമായി”.

തീവ്ര ഹിന്ദുത്വവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്ന സര്‍ക്കാരിനും അവരുടെ പിണിയാളുകളായ പൊലീസുകാര്‍ക്കും ഇതില്‍ പരം എന്തുവേണം. “പതിവുപോലെ രാവിലെ, കടതുറക്കാന്‍ ചെന്നതാണ് സര്‍, ഒരടയാളം പോലുമില്ലാതെ, താജ്മഹല്‍ പൊളിച്ചുനിരത്തി, മുരിക്ക്മരങ്ങള്‍ നട്ടിരിക്കുന്നു… ദയകാട്ടി രക്ഷിക്കണം സര്‍, ജീവിതത്തിലെ സമ്പാദ്യമല്ല, ജീവിതം തന്നെയാണ് സര്‍.” ബാവുട്ടിക്കമാരുടെ നിലവിളികള്‍ക്ക് ആരു ചെവി കൊടുക്കാന്‍. എത്രയോ ബാവുട്ടിക്കമാരുടെ ജീവിതം നശിപ്പിച്ച സ്വപ്നങ്ങള്‍ പിച്ചിചീന്തിയ മതേതര രാജ്യമാണ് നമ്മുടെ ഇന്ത്യ. എല്ലാം തീര്‍ന്ന ബാവുട്ടിക്കയുടെ ജീവിതത്തിലെ അന്ത്യാഭിലാഷമായിരുന്നു, ഒറിജിനല്‍ താജ് മഹല്‍ എന്നെങ്കിലും കാണണമെന്ന്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ബാവുട്ടിക്ക നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ഡല്‍ഹിയിലേക്ക് പോയി.

ഫുള്‍സ്റ്റോപ്പ്: തീവണ്ടിയില്‍ കയറി ലോകത്തോടു തന്നെ ബാവുട്ടിക്ക യാത്ര പറയുന്നതിങ്ങനെയാണ്, “ആഗ്രവരെ പോണം, താജ്മഹലൊന്ന് കാട്ടിക്കൊടുക്കേണം, സര്‍വശക്തനായ തമ്പുരാനേ, അവിടെയെത്തിച്ചേരും വരെയെങ്കിലും, അതാരും പൊളിക്കാതെ കാക്കണേ…”

Leave a Comment

*
*