നാല്പത്തൊന്നാം ദിവസം

നാല്പത്തൊന്നാം ദിവസം

നാല്പതു ദിനരാത്രങ്ങള്‍ അവന്‍ ഉപവസിച്ചു എന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ? മത്തായിയും ലൂക്കായും അതു വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്: "യേശു നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു" (മത്താ. 4:2; ലൂക്കാ 4:2) നോമ്പുകാലത്തു നമ്മുടെ ശ്രദ്ധ മുഴുവനും നാല്പതു ദിനങ്ങളെ ചുറ്റിപ്പറ്റിയാണ്. നാല്പതു ദിനരാത്രങ്ങള്‍കൊണ്ടു തന്‍റെ പ്രലോഭകനു മേല്‍ വിജയം വരിക്കാനുള്ള കരുത്താര്‍ജ്ജിക്കുകയായിരുന്നു ക്രിസ്തു എന്നതു നാം പലപ്പോഴും മറക്കുകയാണ്. നാല്പത്തൊന്നാം ദിനം തന്നെ സമീപിക്കുന്ന പ്രലോഭകന്‍റെ കുതന്ത്രങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവനായിരുന്നു ക്രിസ്തു. അതുകൊണ്ടുതന്നെ അവനൊരുക്കിയ കെണിയില്‍ വീഴാതെ അവനെ ആട്ടിപ്പായിക്കാനും ക്രിസ്തുവിനു കഴിഞ്ഞു. മാത്രമല്ല, നാല്പതു ദിനരാത്രങ്ങളുടെ ഒരുക്കംകൊണ്ടു കാല്‍വരി കയറുവാന്‍ തക്ക കരുത്താര്‍ജ്ജിച്ചവനാണു ക്രിസ്തു എന്നു കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. കത്തോലിക്കരായ നമ്മള്‍ നാല്പതു ദിവസം ഏറെ നല്ലവരാണ്; മത്സ്യവും മാംസവും കഴിക്കില്ല, മുട്ടയും പാലും രുചിക്കില്ല, മദ്യവും പുകയും തൊടുകയില്ല, ജഡികാസക്തികളില്‍ നിന്നും ദൂരെയായി വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയും വി. കുര്‍ബാന സ്വീകരിക്കുകയും ചെയ്യും. ഇങ്ങനെ പലതും വര്‍ജ്ജിക്കുന്നവരും പലതില്‍ നിന്നും ദൂരെയാകുന്നവരും പലതിലേക്കും അടുക്കുന്നവരുമാണു നാം. എ ന്നാല്‍ നാല്പത്തൊന്നാം ദിനം എന്തു സംഭവിക്കുന്നു? ഒഴിഞ്ഞ പള്ളിയകങ്ങളും നിറഞ്ഞ മദ്യശാലകളും സമ്മാനിച്ചു നാല്പതു നാള്‍ സഞ്ചരിക്കാതിരുന്ന വഴികളിലൂടെ പൂര്‍വാധികം ശക്തിയോടെ തിരിച്ചുനടക്കുന്ന പാപദിനമാണു നാല്പത്തൊന്നാം ദിനമെങ്കില്‍ നാല്പതു ദിവസത്തെ നോമ്പാചരണംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഒന്നുറപ്പാണ്, നോമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം ഇനിയും എഴുതിച്ചേര്‍ക്കപ്പെടാത്ത ഈ നാല്പത്തൊന്നാം ദിനമാണ്, അന്നാണു യാഥാര്‍ത്ഥ ഉയിര്‍പ്പ്. സകല തിന്മകളെയും കീഴടക്കി ഒരുവന്‍ ഉയിര്‍ക്കേണ്ട പുതിയ ദിനം. അന്ന് ഉയിര്‍ക്കാതെ കല്ലറയില്‍ നിന്നും കല്ലറയിലേക്കു പലായനം ചെയ്യുന്ന കത്തോലിക്കന്‍ എന്നും മരിച്ചവനായിരിക്കും. ഉയിര്‍പ്പിന്‍റെ പ്രകാശകിരണങ്ങളില്‍ നിന്നും വഴിമാറി പാപത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെ യാത്ര ചെയ്യുന്ന മരിച്ചവന്‍.
നാല്പതു ദിവസത്തെ ഉപവാസത്തില്‍ നിന്നും ക്രിസ്തു ആര്‍ജ്ജിച്ചെടുത്ത കരുത്തിനെ മൂന്നായി തരംതിരിക്കാം. 1. പ്രലോഭകനെ തിരിച്ചറിയാനുള്ള കരുത്ത്. ഈ കരുത്ത് ആര്‍ജ്ജിക്കുന്നതിലാണു നോമ്പിന്‍റെ വിജയം എന്നോര്‍ക്കണം. അതിനാല്‍ നാല്പത്തൊന്നാം ദിവസം ഒരുവന്‍ അവന്‍റെ പ്രലോഭകനെ നേരിടുന്ന ദിനമാണ്. പ്രലോഭകനെ തിരിച്ചറിയാനും തോല്പിക്കാനും ആട്ടിയകറ്റാനുമുളള ദിനം. ദൈവത്തിലേക്കു തിരിച്ചുവരുവാനുള്ള ദിനം. അതൊരു പ്രതീകം കൂടിയാണ്. തിന്മയ്ക്കു മേല്‍ ഒരുവന്‍ വിജയിക്കുന്ന ഏതൊരു ദിനവും നാല്പത്തൊന്നാം ദിനമാണ്. അതുപോലെ പലരും പരാജിതരാകുന്ന ദിനവും അതുതന്നെ.
പഴയ നിയമത്തിലെ യാക്കോബ്, തന്‍റെ അമ്മായിപ്പനായ ലാബാന്‍റെ അധീനതയില്‍ നിന്നും തന്‍റെ ജ്യേഷ്ഠനായ ഏസാവിനെ കണ്ടുമുട്ടുവാന്‍ ഭാര്യമാരും കുട്ടികളും അനുചരന്മാരുമായി നടത്തുന്ന യാത്രയ്ക്കിടയില്‍ ദൈവദൂതനെ കണ്ടുമുട്ടുന്നുണ്ട്. ദൈവദൂതനുമായി അവന്‍ നടത്തുന്ന മല്പിടുത്ത ദിനമായിരുന്നു യാക്കോബിന്‍റെ നാല്പത്തൊന്നാം ദിനം. ദൈവത്തെയും ദൈവഹിതത്തെയും തിരിച്ചറിഞ്ഞ ദിനം. ആ സ്ഥലത്തിന് അവന്‍ ദൈവത്തിന്‍റെ മുഖം എന്നര്‍ത്ഥമുള്ള പെനുവേല്‍ എന്നു പേരിട്ടു (ഉത്പ. 32). അതുപോലെതന്നെ വാക്കുകൊണ്ട് ഇസ്രായേലില്‍ വരള്‍ച്ച സൃഷ്ടിച്ച ഏലിയാപ്രവാചകന്‍, വരള്‍ച്ച മാറുന്നതിനു മുമ്പു ബാലിന്‍റെ പ്രവാചകന്മാരുമായി നടത്തുന്ന ഒരു തുറന്ന യുദ്ധമുണ്ട്. തന്‍റെ ദൈവം വലിയവനാണെന്നു തെളിയിച്ച യുദ്ധം. ബാലിന്‍റെ പ്രവാചകഗണം മുഴുവനും അവരുടെ ബലിയര്‍പ്പണത്തില്‍ പരാജയപ്പെടുമ്പോള്‍ ഏലിയാ പ്രവാചകന്‍ ചെയ്യുന്ന സാഹസമുണ്ട്. നാല്പത്തൊന്നാം ദിനത്തിലെ സാഹസം. വിറകുകളില്‍ കുടം കണക്കെ ജലമൊഴിച്ചതിനുശേഷം സ്വര്‍ഗത്തില്‍ നിന്നും അഗ്നിയിറങ്ങാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച സാഹസം (1 രാജ. 18). അതായിരുന്നു ഏലിയായുടെ നാല്പത്തൊന്നാം ദിനം. ക്രിസ്തുവിന്‍റെ മരണശേഷം വലയുമായി കടലിലേക്കു പോയ പത്രോസ് തിബേരിയാസിന്‍റെ തീരത്ത് അപ്പം ചുട്ടു കാത്തിരുന്ന ക്രിസ്തുവിന്‍റെ വിരിമാറിലേക്കു ചാഞ്ഞുവീണ ദിനമുണ്ട് (യോഹ. 21). അതായിരുന്നു പത്രോസിന്‍റെ നാല്പത്തൊന്നാം ദിനം. അവന്‍ ശരിക്കും കേപ്പയായ ദിനം.
ജീവിതത്തിന്‍റെ നാല്പത്തൊന്നാം ദിനങ്ങളില്‍ നാം പരാജിതരാണോ വിജയികളാണോ എന്നു തിരിച്ചറിയുക. പരാജയങ്ങളുടെ നാല്പത്തൊന്നുകളില്‍ നിന്നു വിജയത്തിന്‍റെ നാല്പത്തൊന്നുകളിലേക്കു സഞ്ചരിക്കുന്നതാകട്ടെ നമ്മുടെ നോമ്പുകാലം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org