Latest News
|^| Home -> Pangthi -> പുതുജീവിതത്തിലേക്ക് -> പ്രാർത്ഥനയുടെ നിറവിൽ മുന്നോട്ട്

പ്രാർത്ഥനയുടെ നിറവിൽ മുന്നോട്ട്

മാണി പയസ്

ഉയിര്‍പ്പുതിരുനാളിനുശേഷം പന്തക്കുസ്താ തിരുനാളിലേക്കുള്ള യാത്രയിലാണു നാം. നമ്മുടെ വിശ്വാസജീവിതത്തിനു പരിശുദ്ധാത്മാവിന്‍റെ നിറവു നല്കുന്ന ബോദ്ധ്യങ്ങള്‍ പങ്കുവയ്ക്കുന്ന ഏഴ് ഒരുക്കചിന്തകള്‍! പ്രാര്‍ത്ഥനാനിര്‍ഭരമായി നമ്മിലെ രോഗങ്ങളെ സമീപിക്കാന്‍ ഈ ചിന്തകള്‍ സഹായിക്കട്ടെ.

രോഗാവസ്ഥ ഇരുളിന്‍റെ കൂടാരമല്ല. ദൈവത്തിന്‍റെ അനന്തമായ സ്നേഹം വ്യക്തിയില്‍ നിറയുന്ന സിയോന്‍ താഴ്വരയാണ്. രോഗത്തിനു മുമ്പുണ്ടായിരുന്നതുപോലെയല്ല രോഗത്തിനുശേഷമുള്ള ജീവിതം. വിശുദ്ധീകരിക്കപ്പെട്ട പുതുജീവിതമാണത്. ദൈവം വ്യക്തിയുടെ ജീവിതത്തോടു ചേര്‍ന്നുനില്ക്കുന്നുവെന്നു കൃത്യമായും ബോദ്ധ്യപ്പെടുന്ന ജീവിതമാണത്. ദൈവാനുഭവങ്ങളിലൂടെ മുന്നേറിയ രോഗി സമ്പൂര്‍ണമായും സുഖപ്പെടുന്നു; ശാരീരികമായി മാത്രമല്ല ആത്മീയമായും.

രോഗം മനുഷ്യനു പകരുന്ന അനുഭവങ്ങളുടെ കാഠിന്യം എനിക്കിപ്പോള്‍ അറിയാം. വേദനിക്കുന്ന മനുഷ്യരെ ആത്മാര്‍ത്ഥമായി ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതു മറ്റു മനുഷ്യരുടെ കടമയാണ്. നല്ലിടയനെയാണ് അവര്‍ മാതൃകയാക്കേണ്ടത്. മറ്റൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ കരയുന്നവര്‍ക്കുവേണ്ടി ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യാം.

തിന്മയുടെ ശക്തികള്‍ മനുഷ്യ രെ കീഴ്പ്പെടുത്താന്‍ കാണിക്കുന്ന ഉത്സാഹം ബോദ്ധ്യപ്പെടുന്ന സമയമാണു രോഗകാലം. പൂര്‍ണമായും ദൈവത്തില്‍ ആശ്രയിച്ചു മാത്രമേ ഈ കടുത്ത പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയൂ. വിശ്വാസസത്യങ്ങളെ ചോദ്യം ചെയ്യുന്ന രീതി പിശാച് അവലംബിക്കും. അടിസ്ഥാനരഹിതമായ ഭയം ഉയര്‍ത്തിക്കൊണ്ടാവും ചിലപ്പോള്‍ വരിക. ‘പരിശുദ്ധാത്മാവേ ശക്തിപ്പെടുത്തണേ’ എന്നു ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്രത്തോളം പ്രാര്‍ത്ഥിക്കാമോ അത്രയും നല്ലതാണ്. ഇപ്പോള്‍ ദൈവവുമായി നേരിട്ടു സംഭാഷണം നടത്തുന്ന തലത്തിലുള്ള ഊഷ്മളതയും സ്വകാര്യതയും പ്രാര്‍ത്ഥനയ്ക്കു കൈവന്നിരിക്കുന്നു. ഈ സംഭാഷണങ്ങളുടെ ഒടുവില്‍ വിശുദ്ധ ഗ്രന്ഥത്തിലൂടെ ദൈവത്തിന്‍റെ മനസ്സു വായിച്ചെടുക്കാനാകും. പ്രാര്‍ത്ഥനയോടൊപ്പം വിശുദ്ധ ഗ്രന്ഥത്തെ മുറുകെപ്പിടിക്കണം. കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ വിശുദ്ധ ഗ്രന്ഥം വായിക്കുകയും അതേപ്പറ്റി ചിന്തിക്കുകയും വേണം. മനുഷ്യന്‍റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടികള്‍ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. വിശുദ്ധ ഗ്രന്ഥത്തിലധിഷ്ഠിതമായ ജീവിതം രോഗത്തിന്‍റെ ദാനമാണ്.
ഇനിയുള്ള ജീവിതത്തില്‍ ദൈവത്തെ എങ്ങനെയെല്ലാം ഉദ്ഘോഷിക്കാം, സേവിക്കാം, സ്നേഹിക്കാം എന്നതിനെക്കുറിച്ചു സര്‍ഗാത്മകമായി ചിന്തിക്കാന്‍ രോഗം വഴിയൊരുക്കി.

“എന്നാല്‍ പത്രോസ് മറ്റു പതിനൊന്നു പേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു: യഹൂദ ജനങ്ങളേ, ജെറുസലേമില്‍ വസിക്കുന്നവരേ, ഇതു മനസ്സിലാക്കുവിന്‍. എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍. നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരിപിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്‍റെ മൂന്നാം മണിക്കൂറല്ലേ ആയിട്ടുള്ളൂ? മരിച്ച ജോയേല്‍ പ്രവാചകന്‍ പറഞ്ഞതാണിത്: ദൈവം അരുളിച്ചെയുന്നു, അവസാന ദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പു ത്രിമാരും പ്രവചിക്കും. നിങ്ങളുടെ യുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും. എല്ലാ ദാസന്മാരുടെയും ദാസികളുടെയും മേല്‍ ഞാന്‍ എന്‍റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും. ആകാശത്തില്‍ അത്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കും – രക്തവും അഗ്നിയും ധൂമപടലവും. കര്‍ത്താവിന്‍റെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ്, സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും” (അപ്പ. പ്രവ. 2:14-21).
പരിശുദ്ധാത്മാവില്‍ നിറഞ്ഞു കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന മനുഷ്യരെ ദുഷ്ടശക്തികള്‍ക്കൊന്നും കീഴ്പ്പെടുത്താനാകില്ല. അവര്‍ ഭൂമിയിലെ സ്വര്‍ഗദൂതന്മാരാണ്. സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും കരുണയുടെയും ദൂതന്മാര്‍.

ദൈവാനുഗ്രഹത്താല്‍ രോഗം വരാതിരിക്കട്ടെ. വന്നാലോ, അതു ദൈവാനുഗ്രഹമായി കരുതുകയും ദൈവത്തിങ്കലേക്കു കൂടുതല്‍ കൂടുതല്‍ അടുക്കുകയും വേണം. ദൈവത്തെ സ്വന്തമാക്കാനുള്ള അവസരമായി അതിനെ കാണണം. സ്വര്‍ഗത്തില്‍ മാത്രമല്ല ഭൂമിയിലും ദൈവത്തെ സ്വന്തമാക്കാന്‍ കഴിയുന്നതു പരമഭാഗ്യമല്ലേ! പന്തക്കുസ്താ തിരുനാളിന്‍റെ ആശംസകള്‍!

Leave a Comment

*
*