“ആധിയില്‍ നിന്നും വ്യാധിയില്‍ നിന്നും മോദിയില്‍ നിന്നും രക്ഷിക്കണേ”

“ആധിയില്‍ നിന്നും വ്യാധിയില്‍ നിന്നും മോദിയില്‍ നിന്നും രക്ഷിക്കണേ”

"സത്യം അറിയുക, സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന യേശു വചനം ഇത്രയേറെ ശരിയായ കാലമില്ല. സത്യം അറിഞ്ഞാല്‍ പോരാ, അത് വിളിച്ചു പറയാനുള്ള നിര്‍ഭയത്വം ഉണ്ടാവുകയും വേണം. ചിലപ്പോള്‍ പറയുന്നയാള്‍ ഒറ്റപ്പെടാം, അഥവാ ഒരു ചെറിയ ന്യൂനപക്ഷത്തിന്‍റെ ഭാഗമാകാം, ജനപ്രിയത നഷ്ടപ്പെടാം, അപ്പോഴൊക്കെ 'ഏക്ലാ ചലോരെ' (ഒറ്റയ്ക്കു പോവുക) എന്ന ഗാന്ധിജി ഉദ്ധരിക്കാറുള്ള ടാഗോര്‍ ഗീതം ഓര്‍മിക്കുക." സച്ചിദാനന്ദന്‍റേതാണ് ഈ വാക്കുകള്‍. ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്ന മോദി ശൈലിയിലും മറ്റു ഏകാധിപത്യ പ്രവണതകളിലും ഒരു ശരാശരി ഇന്ത്യക്കാരന്‍ കാണിക്കേണ്ട നിര്‍ഭയത്വത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. മോദി സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പല വാരികകളിലും പത്രങ്ങളിലും സര്‍ക്കാരിന്‍റെ നയത്തെക്കുറിച്ചും അജണ്ടയെക്കുറിച്ചുമൊക്കെ ലേഖനങ്ങള്‍ വന്നെങ്കിലും മാതൃഭൂമി ആഴ്ചപതിപ്പില്‍ 'സച്ചിദാനന്ദന്‍റെ മോദി റിവ്യു'വിലുള്ള ആശയങ്ങള്‍ കുറിക്കു കൊള്ളുന്നതും ആഴമേറിയതുമാണെന്നതിനു തര്‍ക്കമില്ല.

ഇന്ത്യ മഹാരാജ്യം മറ്റുള്ള രാജ്യങ്ങളുടെ മുമ്പില്‍ എന്നും തലയുയര്‍ത്തി നിന്നത് ഇന്ത്യയുടെ സാമ്പത്തിക ശക്തിയിലോ, ആണവശക്തിയിലോ അല്ല, മറിച്ച് ജനാധിപത്യമൂല്യങ്ങളിലും മതനിരപേക്ഷ നിലപാടുകളിലുമാണ്. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന ഒരു വലിയ റിപ്പബ്ളിക്ക് എന്നതായിരുന്നു ഇന്ത്യക്കാര്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സഹായിച്ച പിടിവള്ളി. മോദി സര്‍ക്കാര്‍ ആ പിടിവള്ളിയാണ് മുറിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ട് എല്ലാം വികസനത്തിനും നന്മയ്ക്കും വേണ്ടിയാണെന്ന് പറഞ്ഞു ഫലിപ്പിച്ച് സാധാരണക്കാരായ ഇന്ത്യക്കാരെ പറ്റിച്ചുകൊണ്ടിരിക്കുന്നു. പാക്കിസ്ഥാനെ പോലുള്ള വര്‍ഗീയ രാഷ്ട്ര ങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ വര്‍ഗീയതയുടെ മുഖം മൂടിയണിഞ്ഞാണ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തെ ഭരിച്ച് തകര്‍ത്തുകൊണ്ടിരിക്കുന്നത്.

സച്ചിദാനന്ദന്‍ പറയുന്നത് ഇവിടെ ഇന്നുള്ളത് ജനാധിപത്യ സര്‍ക്കാരല്ല, മറിച്ച് പഴയ ഫാസിസത്തെ പോലും വെല്ലുന്ന 'സമാഗ്രാധിപത്യപരമായ ജനകീയത' അഥോറിറ്റേറിയന്‍ പോപ്പുലിസം) പോലുള്ള സങ്കല്പനമാണിത്. ഇതിന്‍റെ പ്രത്യേകതകളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങള്‍' എന്ന സംജ്ഞ സ്വന്തം ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രം ഉപയോഗിക്കുക, വൈവിധ്യത്തെ ഭയപ്പെടുക, ബുദ്ധിജീവികളെ സംശയിക്കുക, സ്വന്തം എളിയ ജനനത്തെ, അത് നേരായാലും നുണയായാലും, പ്രചാരണായുധമാക്കി താന്‍ സാമാന്യ ജനതയുടെ പ്രതിനിധിയാണെന്നു വരുത്തുക, അധികാരത്തില്‍ ഇരിക്കുമ്പോള്‍ പോലും താന്‍ (തങ്ങള്‍) ഒരു ഇരയാണെന്ന് (ഇരകളാണെന്നു) ഭാവിക്കുക, മഹാഭൂരിപക്ഷം ആയിരിക്കുമ്പോഴും തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷമാണെന്ന് ഭാവിക്കുക, ഒരൊറ്റയാളെ മാത്രം നേതാവായി എടുത്തു കാട്ടുക, ജനങ്ങള്‍ക്കോ വിമര്‍ശകര്‍ക്കോ സംസാരിക്കാന്‍ അവസരം നല്കാതെ എല്ലായ്പ്പോഴും ഏകപക്ഷീയമായി സംസാരിച്ചുകൊണ്ടിരിക്കുക. നയപരമായ വെല്ലുവിളികളെ ലളിതവത്കരിക്കുക, ഗൂഢാലോചനാസിദ്ധാന്തങ്ങളില്‍ വിശ്വസിക്കുക, ഭരണകൂടത്തിലും പൊതു സ്ഥാപനങ്ങളിലും അധിനിവേശം നടത്തുക, ജനങ്ങളെ എല്ലായ്പ്പോഴും അപേക്ഷകരാക്കുന്ന തരത്തിലുള്ള ആശ്രിതത്വം വളര്‍ത്തുക, പൗരസമൂഹത്തിലെ പ്രതിഷേധങ്ങളെയും പ്രതിപക്ഷ സ്ഥാപനങ്ങളെയും നിര്‍വീര്യമാക്കുക, സ്വകാര്യജീവിതം അസാധ്യമാക്കുമാറ് നിരീക്ഷണം ശക്തമാക്കുക, യുദ്ധാവസ്ഥ സൃഷ്ടിക്കുക, ദേശത്തെ സങ്കുചിതമായി നിര്‍വചിച്ച് ഒരു വിഭാഗത്തെ ദേശദ്രോഹികളായി കാണിക്കുക, ഇവയെല്ലാം ഈ പ്രവണതയുടെ ലക്ഷണങ്ങളാണ്". മേല്‍പറഞ്ഞതൊക്കെ ഇന്ന് മോദി സര്‍ക്കാരിന്‍റെ നേതൃത്വത്തിലും സംഘ്പരിവാറിന്‍റെ പ്രവര്‍ത്തനങ്ങളിലും നടക്കുന്നുണ്ടെന്ന് അറിയാന്‍ എല്ലാ ദിവസത്തെയും വാര്‍ത്തകള്‍ പരതിയാല്‍ മാത്രം മതി.

യു.പി. സര്‍ക്കാര്‍ കൂടി ബി.ജെ.പിക്കു ലഭിച്ചതിനാല്‍ ഇപ്പോള്‍ കേന്ദ്രത്തിന്‍റെ ഹുങ്ക് കൂടിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ രാജ്യത്തിന്‍റെ മതേതര സ്വഭാവം തകര്‍ക്കാനും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുവാനുമുള്ള ധാരാളം കര്‍മ്മപരിപാടികള്‍ സംഘ്പരിവാര്‍ തലങ്ങും വിലങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഏകീകൃത ഹിന്ദു സാമൂഹിക രാഷ്ട്രീയ സ്വത്വനിര്‍മിതിയാണ് മോദി സര്‍ക്കാരിന്‍റെയും സംഘ്പരിവാറിന്‍റെയും ആത്യന്തിക ലക്ഷ്യം. അതിനുവേണ്ടി അധികാരത്തിന്‍റെ എല്ലാ പഴുതുകളും അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. സംഘ്പരിവാറിന്‍റെയും ഹിന്ദുത്വവാദികളുടെയും പിന്തുണയുള്ളവരാണ് എല്ലായിടത്തും തലപ്പത്തു വരുന്നത്. ഏറ്റവും ഒടുവില്‍ എന്‍.ഡി.എ.യുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി പോലും അങ്ങനെ നിശ്ചയിക്കപ്പെടുകയാണ്. ഇത് രാജ്യത്തിന്‍റെ ജനാധിപത്യമൂല്യങ്ങളെ മുഴുവനായും മാറ്റിയെടുക്കാന്‍ വേണ്ടിയുള്ള ഏകമത രാഷ്ട്രനിര്‍മിതിയിലാണ് ഇവരുടെ കണ്ണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ പൗരന്മാരും സന്ധിയില്ലാ സമരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വര്‍ഗീയതയും ഫാസിസവും ഇന്ത്യമഹാരാജ്യത്തിലെ ജനാധിപത്യ വിഹായസ്സില്‍ ഇടിയും മിന്നലും സൃഷ്ടിച്ച് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. സച്ചിദാനന്ദന്‍ പറയുന്നു, "ജനാധിപത്യമെന്നത് ഒരു വര്‍ഗത്തിന്‍റെയോ മതത്തിന്‍റെയോ ആധിപത്യമല്ല; ജനങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയും അവ മുകളില്‍ നിന്ന് അടിയിലേക്ക് വരുന്നതിനു പകരം അടിയില്‍നിന്ന് മുകളിലേയ്ക്ക് പോവുകയും നേതാക്കള്‍ ജനങ്ങളില്‍ നിന്നു തന്നെ സൃഷ്ടിക്കപ്പെടുകയും അതുകൊണ്ടു തന്നെ ഭരണ സംവിധാനം ജനങ്ങളെ ശത്രുക്കളായി കാണാതിരിക്കുകയും ചെയ്യുന്ന, ഏറ്റവും അടിത്തട്ടിലുള്ളവരുടെ ക്ഷേമം ഉറപ്പാക്കുന്ന വ്യവസ്ഥിതിയാണ്." ഇത്തരത്തിലുള്ള ജനാധിപത്യത്തിനായി ഇനിയും ഏറെ വര്‍ഷങ്ങള്‍ ഇന്ത്യ കാത്തിരിക്കണം.

ഫുള്‍സ്റ്റോപ്പ്: പ്രതിപക്ഷവും മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതാന്ത്ര്യവും ഇല്ലാത്ത വ്യവസ്ഥിതികളില്‍ ഭരണകൂടത്തിനു അതിന്‍റെ തെറ്റുകള്‍ മനസ്സിലാക്കനും തിരുത്താനും കഴിയാതെ ക്രമേണ അത് ജനതയില്‍ നിന്നു തന്നെ അകന്നുപോകും.
– റോസാ ലക്സംബര്‍ഗ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org