Latest News
|^| Home -> Pangthi -> ആ​ഗമനവഴിയിൽ -> വി.യൗസേപ്പ്: വിവേകമുള്ള കാവല്‍ക്കാരന്‍

വി.യൗസേപ്പ്: വിവേകമുള്ള കാവല്‍ക്കാരന്‍

Sathyadeepam

സുജമോള്‍ ജോസ്

നമ്മിലെ രക്ഷകന്‍റെ പുതുപിറവിക്കായി ഇനിയും ഒരുക്കേണ്ട നമ്മിലെ പുല്‍ക്കൂടുകളെക്കുറിച്ച്…

തിരുക്കുടുംബത്തിന്‍റെ വിവേകമുള്ള കാവല്‍ക്കാരനായ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചു ധ്യാനിക്കുന്നത് കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കി മാറ്റാനുള്ള ഒരുക്കത്തിന്‍റെ നാളുകളെ കൂടുതല്‍ ധന്യമാക്കും. തന്‍റെ പ്രിയകുമാരനെ ഭൂമിയില്‍ വളര്‍ത്താനും സംരക്ഷിക്കുവാനുമായി ദൈവപിതാവ് തിരഞ്ഞെടുത്തത് ദാവീദിന്‍റെ വംശപരമ്പരയില്‍പെട്ട ജോസഫിനെയാണ്. മറിയത്തെയും ഉണ്ണിയേശുവിനേയും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും പരിപാലിക്കുവാനും ജോസഫിന് കഴിയും എന്നറിയാവുന്നതുകൊണ്ടാണ് ദൈവം ഈ തിരഞ്ഞെടുപ്പ് നടത്തിയത്. വിശുദ്ധഗ്രന്ഥത്തില്‍ ചുരുക്കം ചില ഇടങ്ങളില്‍ മാത്രമാണ് യൗസേപ്പിതാവിനെകുറിച്ച് പരാമര്‍ശമുള്ളത്. എന്നാല്‍ അവിടെയെല്ലാം നമുക്ക് യൗസേപ്പിതാവിന് മറിയത്തോടും ഉണ്ണിയേശുവിനോടുമുള്ള കരുതല്‍ കാണാന്‍ കഴിയും. “ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അ വളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” (മത്താ 1:19). എന്നാല്‍ ആ സാഹചര്യത്തിലും ജോസഫ് മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെട്ടില്ല. നീതിമാന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനുള്ള കാരണവും ഇതുതന്നെയാവണം. ഒരു സ്ത്രീ യുടെ അഭിമാനത്തെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്ന ജോസഫിന്‍റെ മനോഭാവം നമുക്കുണ്ടായിരുന്നെങ്കില്‍ സ്ത്രീശാക്തീകരണത്തിനുള്ള മുറവിളികള്‍ ഇന്ന് ഇത്രയധികം ഉയരുമായിരുന്നില്ല. സ്വന്തം സല്‍പേര് നിലനിര്‍ത്താന്‍ ആരെയും എങ്ങനെയും ചവിട്ടിയരയ്ക്കുന്ന ഈ കാലഘട്ടത്തില്‍ യൗസേപ്പിതാവിന്‍റെ ഈ കരുതല്‍ ഏറെ പ്രസക്തമാണ്. സ്ത്രീകളോടുള്ള നമ്മുടെ സമീപനം കൂടുതല്‍ മാന്യതയുള്ളതാക്കുവാനും കുടുംബത്തിലും അയല്‍പക്കത്തുമുള്ളവരോട് കരുതല്‍ കാണിക്കാനും നമുക്കീനാളുകളില്‍ ശ്രദ്ധപുലര്‍ത്താം.

ദൈവദൂതന്‍ സ്വപ്നത്തില്‍ ജോസഫിനരികിലെത്തി അറിയിക്കുമ്പോള്‍. ആ ദൈവീകദൂതിനോട് ജോസഫ് പ്രതികരിച്ചതെങ്ങനെയെന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്. “ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്ന് കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്‍റെ ഭാര്യയെ സ്വീകരിച്ചു. അവന്‍ ശിശുവിന് യേശു എന്ന് പേരിട്ടു” (മത്താ. 1:24-25). ദൂതന്‍റെ വാക്കുകളെ കണ്ണടച്ചു വിശ്വസിച്ച് കണ്ണു തുറന്ന് പ്രാവര്‍ത്തികമാക്കുകയാണ് ജോസഫ് ചെയ്തത്. യൗസേപ്പിതാവിനെപ്പോലെ വിശ്വസിക്കാനും അനുസരിക്കാനും നമ്മളും തയ്യാറാകണം. അങ്ങനെ തിരുപ്പിറവിയുടെ ചൈതന്യം നമ്മുടെ കുടുംബങ്ങളില്‍ വിളങ്ങണം. അനുസരണയോടെയും പരസ്പര ബഹുമാനത്തോടെയും നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കാന്‍ ഈ ആഗമനകാലത്ത് നമുക്ക് സാധിക്കണം.

തിരുപ്പിറവിക്കുശേഷം ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേയ്ക്ക് പലായനം ചെയ്യാന്‍ ദൂതന്‍ ജോസഫിനോട് ആവശ്യപ്പെട്ടു. അപ്പോഴും എന്തിനെന്നോ എങ്ങനെയെന്നോ ജോസഫ് ചോദിക്കുന്നില്ല. “അവന്‍ ഉണര്‍ന്ന് ശിശുവിനേയും അമ്മയേയും കൂട്ടി ആ രാത്രിതന്നെ ഈജിപ്തിലേയ്ക്ക് പോയി” (മത്താ. 2:14) എന്നാണ് വചനം. ആ രാത്രി തന്നെ ഉണര്‍ന്ന് ഈജിപ്തിലേയ്ക്ക് പോയി എന്നു പറയുമ്പോള്‍ ദൈവത്തിന്‍റെ വാക്കുകളെ ജോസഫ് എത്രമാത്രം വിലമതിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ദൈവം തന്നെ ഭരമേല്‍പ്പിച്ചവരുടെ രക്ഷയ്ക്ക് ജോസഫ് നല്കുന്ന പ്രാധാന്യം നാം മാതൃകയാക്കേണ്ടതുണ്ട്. ദൈവം നമ്മെയും പല ഉത്തരവാദിത്വങ്ങളും നിയോഗങ്ങളും ഭരമേല്പിച്ചിട്ടുണ്ട്. വീട്ടിലും ജോലിസ്ഥലത്തും വിദ്യാലയത്തിലുമെല്ലാം ഈ ഉത്തരവാദിത്വം അതിന്‍റെ പൂര്‍ണ്ണതയില്‍ നിറവേറ്റാന്‍ നമുക്കും കടമയുണ്ട്.

കുടുംബത്തിലും ഇടവകയിലും സമൂഹത്തിലും ഞാന്‍ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കുവാനും ഈ ആഗമനകാല നാളുകളില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവനും ഫീസടയ്ക്കാതെ ക്ലാസിനുവെളിയില്‍ നില്ക്കുന്ന കുട്ടിയും ചികിത്സിക്കാന്‍ പണമില്ലാതെ വേദന തിന്നുന്ന രോഗിയും മക്കളുപേക്ഷിച്ച വൃദ്ധമാതാപിതാക്കളും അമ്മത്തൊട്ടിലില്‍ വലിച്ചെറിയപ്പെടുന്ന കുരുന്നുകളും എല്ലാം എന്‍റെ കൂടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിലേയ്ക്ക് നാം ഓരോരുത്തരും എത്തിച്ചേരാന്‍ കൂടിയുള്ളതാവണം ഈ ആഗമനകാലം. യൗസേപ്പിതാവിന്‍റെ വാത്സല്യത്തോടെ, കരുതലോടെ, കരുണയോടെ നമുക്കും അപരന്‍റെ കാവല്‍ക്കാരാകാം. നീതിയുടെ പാതയിലൂടെ നമുക്കും പുല്‍ക്കൂട്ടിലേയ്ക്ക് നടന്നടുക്കാം.

Leave a Comment

*
*