അഭയകൂടാരങ്ങള്‍ പൊളിച്ചെറിയപ്പെടുമ്പോള്‍

അഭയകൂടാരങ്ങള്‍ പൊളിച്ചെറിയപ്പെടുമ്പോള്‍

മനുഷ്യാവകാശങ്ങളിലെ 13-ാം
അനുച്ഛേദം ലോകത്തിലെ പൗരന്മാര്‍ക്ക് അനുവദിച്ചു നല്‍കുന്ന വളരെ പ്രധാനമായ ഒരു അവകാശമാണ് സഞ്ചാര സ്വാതന്ത്ര്യം. അതു നിഷേധിക്കാന്‍ ഒരു ഭരണാധികാരിക്കും അധികാരമില്ല. എന്നാല്‍ അമേരിക്കയിലെ പുതിയ പ്രസിഡന്‍റ് ശ്രീ ഡൊണാള്‍ഡ് ട്രംപ് ഒറ്റയടിക്ക് ഏഴു മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നു. മാത്രമല്ല രാജ്യസുരക്ഷയാണു വിഷയമെന്നദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകാലം മുതല്‍ക്കേ ട്രംപ് ഒരു വിവാദ പുരുഷനാണ്. തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. ലോകത്തിലെ ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന രാഷ്ട്രമെന്ന നിലയില്‍ അമേരിക്കയ്ക്ക് ഒരു ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. അമേരിക്കയുടെ പൈതൃകം, നിയമവ്യവസ്ഥ എന്നിവ പരിഗണിക്കേണ്ടതാണ്. ജാതി പറഞ്ഞും മതം പറഞ്ഞും വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നത് അമേരിക്കയ്ക്കെന്നല്ല ഒരു രാജ്യത്തിനും ഭൂഷണമല്ല. ഭീകരപ്രവര്‍ത്തനങ്ങളാണു വിഷയമെങ്കില്‍ ഭീകരരെ നേരിടേണ്ട രീതിയില്‍ നേരിടണം. ചില മതക്കാരെല്ലാം ഭീകരരാണെന്ന ധ്വനി പരത്തുന്നതു ശരിയല്ല, മാത്രമല്ല, അങ്ങനെയല്ല പ്രശ്നങ്ങളെ നേരിടേണ്ടത്. തിരിച്ചടിയുണ്ടായാല്‍ കാര്യങ്ങള്‍ വഷളാകും. മാത്രമല്ല ലോകം മുഴുവന്‍ അരാജകത്വവും ഭീതിയും കടത്തിവിട്ടാല്‍ ജീവിതംതന്നെ ദുസ്സഹമാകും. അമേരിക്കയെന്നല്ല ഒരു രാജ്യവും ഇത്തരം നടപടികള്‍ സ്വീകരിച്ചു കൂടാത്തതാണ്. സഞ്ചാര സ്വാതന്ത്ര്യം മനുഷ്യരുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാന്‍ ശ്രമിക്കുന്നതാരായാലും തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. മാത്രമല്ല അഭയാര്‍ത്ഥികള്‍ക്കെതിരെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് മനുഷ്യത്വപരമല്ല. ലോകനേതാക്കള്‍ വാക്കു പാലിക്കാത്തവരും നിയമങ്ങള്‍ക്കു വിലകല്പിക്കാത്തവരുമായാല്‍ നമ്മളെങ്ങനെ ജീവിച്ചിരിക്കും.
വിലക്ക് പ്രാബല്യത്തിലായതോടെ യു.എസ്. വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പം വ്യാപകമായി, വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒട്ടേറെപ്പേരെ വിമാനത്താവളങ്ങളില്‍ തടഞ്ഞുവച്ചു. ആപ്പിള്‍, ഗൂഗിള്‍, ഫേയ്സ്ബുക്ക് തുടങ്ങിയ അമേരിക്കന്‍ കോര്‍പൊറേറ്റുകള്‍ അവരുടെ കമ്പനികളിലെ ഉദ്യോഗസ്ഥരോടു പ്രതികരിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നിയമ വിരുദ്ധമായ നടപടിയായതുകൊണ്ട് യു. എസ്. കോടതി ഭാഗികമായി തടഞ്ഞിരിക്കുകയാണ്. അംഗീകരിച്ച അഭയാര്‍ത്ഥികളേയും അപേക്ഷകളുള്ള വ്യക്തികളേയും സാധുവായ വിസകളുള്ളവരേയും പുറത്താക്കുന്നതു താല്‍ക്കാലികമായി തടഞ്ഞാണ് യു.എസ്. ജില്ലാ ജഡ്ജി ആന്‍ ഡോണലി ന്യൂയോര്‍ക്കില്‍ അടിയന്തിരവിധി പ്രഖ്യാപിച്ചത്. യു.എസ്. അഭയാര്‍ത്ഥി പ്രവേശന പദ്ധതിയുടെ ഭാഗമായി യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍റ് ഇമിഗ്രേഷന്‍ സര്‍വീസസ് അംഗീകരിച്ച് അഭയാര്‍ത്ഥി അപേക്ഷകളുള്ള വ്യക്തികളേയും സാധുവാ യ താമസ-സന്ദര്‍ശക വീസകള്‍ കൈവശമുള്ളവരേയും ഇറാന്‍, ഇറാഖ്, സിരിയ, സൂഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് യു.എസ്സില്‍ പ്രവേശിക്കാന്‍ നിയമാനുവാദമുള്ളവരേയും രാജ്യത്തുനിന്നു പുറത്താക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. ട്രംപ് അറ്റോര്‍ണി ജനറലിനോട് വിശദീകരണം തേടിയിട്ടുമുണ്ട്.
ഹിന്ദുക്കളല്ലാത്തവരെല്ലാം രാ ജ്യം വിട്ടുപോകണമെന്ന ചില വിടുവായത്വം നമ്മളും പറയാറുണ്ട്. എത്ര തെറ്റായ സംസാരമാണത് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഭൂമിയില്‍ ജന്മം കിട്ടിയ എല്ലാവര്‍ക്കും ഇവിടെ ജീവിക്കാനും സഞ്ചരിക്കാനുമെല്ലാം അവകാശമുണ്ട്. വസുധൈവ കുടുംബകം, അതിഥി ദേവോഭവ എന്നൊക്കെ പറയുന്ന നമ്മുടെ കാഴ്ചപ്പാടുകള്‍ക്കു ലോകം ചെവികൊടുക്കുന്ന കാലം വരുമെന്നു നമുക്കു പ്രതീക്ഷിക്കാം. മനുഷ്യ സ്വാതന്ത്ര്യത്തിനുമേലും മനുഷ്യാവകാശങ്ങള്‍ക്കുമേലും കുതിരകയറുന്ന ഭരണാധികാരികള്‍ കുറഞ്ഞുവരേണ്ട കാലമാണിത്. കേറിക്കിടക്കാന്‍ കൂരയില്ലാത്തവരും സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്തവരുമെല്ലാം ജീവിക്കാന്‍ അവകാശമുള്ളവരാണ്. ലോകത്തൊരിടത്തും അഭയകൂടാരങ്ങള്‍ പൊളിച്ചെറിയപ്പെടരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org