ആര്‍ച്ചുബിഷപ് എബ്രാഹം വിരുതുകുളങ്ങര: ഇത്ര ചെറുതാകാന്‍ എത്ര വളരേണം?

ആര്‍ച്ചുബിഷപ് എബ്രാഹം വിരുതുകുളങ്ങര: ഇത്ര ചെറുതാകാന്‍ എത്ര വളരേണം?

മനോജ് സണ്ണി
ഫോര്‍മേഷന്‍ കോഓര്‍ഡിനേറ്റര്‍ ജീസസ് യൂത്ത് ഇന്‍റര്‍നാഷണല്‍

പത്തു വര്‍ഷം മുമ്പ് ആര്‍ച്ചുബിഷപ് എബ്രാഹം വിരുതുകുളങ്ങരയെ നാഗ്പൂരില്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ പ്രസിദ്ധമായ ഒരു ഭക്തിഗാനത്തിന്‍റെ ഈരടികളാണ് ഞാന്‍ സ്വയം ചോദിച്ചത് – ഇത്ര ചെറുതാകാന്‍ എത്ര വളരേണം? അങ്ങയെപ്പോലെ ഇത്ര സ്നേഹിക്കുവാന്‍ എന്തു ചെയ്യണം?

പിന്നീട് 2017 ല്‍ അദ്ദേഹത്തിന്‍റെ മെത്രാഭിഷേകത്തിന്‍റെ റൂബി ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനിടയായി. ഒരു മെത്രാനായി 41 വര്‍ഷം സേവനം ചെയ്ത ആദ്യത്തെ ഭാരതീയനാണ് അദ്ദേഹം. ആഗോളസഭയില്‍ തന്നെ ഈ ബഹുമതി ആര്‍ജിക്കാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. 34-ാം വയസ്സിലാണ് ഖാണ്ഡുവാ ബിഷപ്പായി അദ്ദേഹം അഭിഷിക്തനായത്. 21 വര്‍ഷങ്ങള്‍ക്കു ശേഷം 1998 ല്‍ നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെട്ട വാര്‍ത്ത നമ്മെയെല്ലാവരേയും ഞെട്ടിച്ചു. 14 വര്‍ഷം മുമ്പ് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാകുകയും ഹൃദയശസ്ത്രക്രിയക്കു വിധേയനാകുകയും ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. അതിനുശേഷം അദ്ദേഹം പറയുമായിരുന്നു, "ഇനി എന്നെ ഹൃദയമില്ലാത്തവന്‍ എന്നു വിളിക്കാന്‍ ആര്‍ക്കും പറ്റില്ല." ജീവിതത്തിന്‍റെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിലും നര്‍മ്മബോധം കൈവിടാത്ത ഒരാളായിരുന്നു അദ്ദേഹം. നമുക്കെല്ലാം ഈ മരണം പൊടുന്നനെയുള്ളതായി തോന്നുന്നുണ്ടെങ്കിലും വിരുതുകുളങ്ങര പിതാവ് തന്‍റെ ഗുരുവിനെ സ്വീകരിക്കാന്‍ സദാ തയ്യാറായിരുന്നു എന്നതു തീര്‍ച്ചയാണ്.

സാന്നിദ്ധ്യത്തിന്‍റെ ഒരു അപ്പസ്തോലനായിരുന്നു അദ്ദേഹം. എപ്പോഴും തന്‍റെ ജനങ്ങളോടൊപ്പമായിരിക്കാന്‍ അദ്ദേഹം നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു. ജീസസ് യൂത്തുകാരായ യുവാക്കളുടെ വിവാഹങ്ങള്‍ ആശീര്‍വദിക്കുന്നതിനു രാജ്യത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം അദ്ദേഹം ചെന്നെത്തുന്നതു കണ്ടിട്ടുണ്ട്. യുവജനസമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്നേഹവും കരുതലും നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സമ്മേളനഹാള്‍ മുതല്‍ അടുക്കള വരെ എല്ലായിടത്തും അദ്ദേഹമെത്തും. വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള മാതാപിതാക്കളോടും കുഞ്ഞുങ്ങളോടും വീട്ടുവേലക്കാരോടും ഡ്രൈവര്‍മാരോടുമെല്ലാം അദ്ദേഹം ഇടപെടുന്നത് വിസ്മയകരമായ വിധത്തിലാണ്. പോകുന്നിടങ്ങളിലെല്ലാം ആഹ്ലാദത്തിന്‍റെ സുനാമി അഴിച്ചുവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

മെത്രാനായി 41 വര്‍ഷമായപ്പോഴും തികഞ്ഞ ഒരു ദൈവമനുഷ്യനായി തികഞ്ഞ ലാളിത്യത്തിലും എളിമയിലും ജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1983 ല്‍ വിരുതുകുളങ്ങര പിതാവിനെ ആദ്യമായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു. ഞാനും എന്‍റെ പിതാവും കൂടി ഖാണ്ഡുവാ വഴി യാത്ര ചെയ്യുകയായിരുന്നു. എന്‍റെ പിതാവിനു വിരുതുകുളങ്ങര പിതാവിനെ വ്യക്തിപരമായി പരിചയമുണ്ടായിരുന്നു. അതുകൊണ്ട് ബിഷപ്പിനെ കണ്ടിട്ടു പോകാമെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്സ് ഹൗസിലെത്തിയപ്പോള്‍ ബിഷപ് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കാത്തിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ ഒരു പുരോഹിതന്‍ സൈക്കിള്‍ ചവിട്ടി വിയര്‍ത്തൊലിച്ചു, ളോഹയില്‍ മണ്ണും പൊടിയുമായി കയറി വരുന്നതു കണ്ട് എന്‍റെ പിതാവ് ചാടിയെണീറ്റു, ഇതാണു ബിഷപ് എന്നെന്നോടു പറയുകയും ചെയ്തു. ഞാന്‍ അമ്പരന്നു. ഒരു മിഷണറി ബിഷപ്പിനെ ഞാനാദ്യമായി കാണുകയായിരുന്നു. ആടുകളുടെ ഗന്ധമുള്ള ഒരു യഥാര്‍ത്ഥ ഇടയനായിരുന്നു അദ്ദേഹം. ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നാം കാണുന്നതു പോലുള്ള ഒരിടയന്‍.

യുവജനങ്ങളെ പ്രത്യേകമായി ഇഷ്ടപ്പെട്ട അദ്ദേഹം സി ബി സി ഐ യുടെ യുവജനകമ്മീഷന്‍റെ ആദ്യത്തെ അദ്ധ്യക്ഷനാകുകയും ചെയ്തു. മെത്രാന്‍ സംഘവും തുടര്‍ന്നു പരി. സിംഹാസനവും ജീസസ് യൂത്തിനു വേണ്ടി നിയമിച്ച ആദ്യത്തെ എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറും അദ്ദേഹം തന്നെ. യുവജനങ്ങള്‍ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. യുവജന പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പ്രത്യേക മുറിയില്‍ പോയിരുന്നു ഭക്ഷണം കഴിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. യുവജനങ്ങള്‍ക്കൊപ്പം വരി നിന്ന് അവര്‍ കഴിക്കുന്ന ഭക്ഷണം തന്നെ അദ്ദേഹവും കഴിച്ചു പോന്നു. അദ്ദേഹത്തോടൊപ്പം നിന്നു സെല്‍ഫിയെടുക്കാത്ത ഒരു ജീസസ് യൂത്തിനെ കണ്ടുകിട്ടുക ബുദ്ധിമുട്ടായിരിക്കും. ആഗോള യുവജനദിനാഘോഷ പരിപാടികളില്‍ അദ്ദേഹം സ്ഥിരമായി പങ്കെടുത്തു പോന്നു. മിനിമം സൗകര്യങ്ങള്‍ കൊണ്ട് അദ്ദേഹം തൃപ്തിപ്പെടും. സദാ യുവജനങ്ങള്‍ക്കൊപ്പമായിരിക്കുക എന്നതിനായിരുന്നു പ്രധാന്യം.

ബന്ധങ്ങളെ ആഴത്തില്‍ വില മതിച്ചിരുന്ന, അനേകം കുടുംബങ്ങളില്‍ അംഗം പോലെ കഴിഞ്ഞിരുന്ന ആളായിരുന്നു ആര്‍ച്ചുബിഷപ് എബ്രാഹം വിരുതുകുളങ്ങര.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org