അടഞ്ഞ ദേവാലയങ്ങളും ഉടയാത്ത വിശ്വാസവും

അടഞ്ഞ ദേവാലയങ്ങളും ഉടയാത്ത വിശ്വാസവും

ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. വിശ്വാസികള്‍ കടുത്ത പ്രതിസന്ധിയിലാണ് എന്നു തോന്നുംവിധമാണ് ന മ്മുടെ നാട്ടില്‍ ചിലര്‍ നടത്തുന്ന പ്രചാരവേലകള്‍. കള്ളുഷാപ്പുകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാം എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. കള്ളുഷാപ്പിനെയും ആരാധനാലയത്തെയും ഒരേ തട്ടില്‍ കാണുന്നവരോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല. അതേപോലെതന്നെ മറ്റു മതവിഭാഗങ്ങളുമായി നമ്മെ തുലനം ചെയ്തു കാണുന്നവരോടും. മറ്റു മതസ്ഥരുടെ ആരാധനാ ക്രമമോ രീതിയോ വിശ്വാസികളുടെ പങ്കാ ളിത്തമോ അല്ലല്ലോ നമ്മുടേത്. ദേവാലയം തുറന്നാലും ബലിയില്‍ എല്ലാവര്‍ക്കും പങ്കുചേരാന്‍ സാധ്യമല്ല. പത്തു വയസ്സില്‍ താഴെയുള്ളവരും അറുപതു വയസ്സില്‍ മേലുള്ളവരും പങ്കെടുത്തു കൂടി. അപ്പോള്‍ കുട്ടികളുള്ള മാതാപിതാക്കളും അറുപതിനു മുകളില്‍ പ്രായമുള്ളവരുടെ മക്കളും ദേവാലയത്തില്‍ പോകുന്നതും അപകടമല്ലേ? സാമൂഹ്യ വ്യാപനത്തിനെതിരായി നിലപാടെടുക്കുന്നത് സഹോദരനു കാവലാകലാണ് എന്ന ബോധം നഷ്ടപ്പെട്ടവര്‍ തങ്ങള്‍ക്ക് ആരാധനയാണ് പ്രധാനം എന്നു പറയുന്നത് എത്ര ദയനീയമാണ്. രോഗ വ്യാപന സാദ്ധ്യതയും രോഗഭയം വിതറുന്ന സാമൂഹിക സാഹചര്യങ്ങളും കണക്കിലെടുക്കാതെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന വാദം ആചാരാനുഷ്ഠാനമില്ലെങ്കില്‍ വിശ്വാസജീവിതമില്ല എന്ന ശങ്കയില്‍നിന്ന് ഉയരുന്നതാണ്.

പക്ഷെ അതു ക്രിസ്തുവിനെ നിരാകരിക്കില്ല. സഭയെ തള്ളിമാറ്റില്ല. കൂടുതല്‍ നവീകരിക്കപ്പെട്ടതും മൂല്യബോധവും ജീവാര്‍പ്പണവും ഉയര്‍ത്തിപ്പിടിക്കുന്ന സഭയുടെ പുത്തന്‍കാലമാണത്.

കോവിഡ് കാലം സഭയുടെ കൂട്ടായ്മയുടെ ജീവിതം ഭൗതികമായി നിഷേധിക്കുമ്പോള്‍, നേരിടുന്ന തടസ്സത്തെക്കുറിച്ച് എന്നതിനെക്കാള്‍ അതിനു മുമ്പുള്ള കൂട്ടായ്മയുടെ ജീവിതത്തെ പരിശോധിക്കുകയല്ലേ വേണ്ടത്. ഇപ്പോള്‍ കൂട്ടായ്മ സാധ്യമല്ല. അതുകൊണ്ട് ബാഹ്യബന്ധങ്ങള്‍ സാധ്യമല്ല. പക്ഷെ, ഇതിനുമുമ്പ് സമ്പര്‍ക്കവിലക്ക് ഇല്ലാതിരുന്ന നാളുകളില്‍ എന്തായിരുന്നു നമ്മുടെ കൂട്ടായ്മയുടെ ജീവിതം. കുര്‍ബാനയ്ക്കും ഭക്താഭ്യാസ ങ്ങള്‍ക്കും നവനാളുകള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും ആള്‍ക്കൂട്ടമായി മാറുന്ന നാം സാഹോദര്യത്തിലൂന്നിയ സഭാക്കൂട്ടായ്മയുടെ ജീവിതമാണോ നയിച്ചിരുന്നത്?

പണ്ടുകാലങ്ങളില്‍ അറിവും സാങ്കേതികത്വവും ഒക്കെ വളരുന്നതിനു മുമ്പ് ആഴ്ചയില്‍ ഒന്നിച്ചു കൂടുന്നതിനെക്കാള്‍ ദൃഢമായ ഒരു കൂട്ടായ്മയുണ്ടായിരുന്നു സഭാജീവിതത്തിന്. അതിന്റെ പ്രതിഫലനമായിരുന്നു ഞായറാഴ്ചയര്‍പ്പണങ്ങളില്‍ പ്രകടമായിരുന്നത്. അന്ന് പുരോഹിതന്‍ കേവലം ബലിയര്‍പ്പകനായിരുന്നില്ല. അജപാലകനായിരുന്നു. ഭവന സന്ദര്‍ശനവും അജപാലനസ്വാധീനവും നമ്മുടെ സഭാക്കൂട്ടായ്മയുടെ ജീവനാഡിയായിരുന്നു. പിന്നെപിന്നെ കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. അവ ആയിരങ്ങള്‍ കടന്നു. പുരോഹിതന് വീടുകളില്‍ എത്തിപ്പെടുക അസാദ്ധ്യമായി. അജപാലനം ഓഫീസ് കാര്യനിര്‍വ്വഹണവും കാര്‍മ്മികത്വവും മാത്രമായി ചുരുങ്ങി. കുടുംബങ്ങള്‍ സുതാര്യത നഷ്ടപ്പെട്ട് ഒളി സങ്കേതങ്ങളും ലോകരാജ്യത്തിന്റെ സാമന്തരാജ്യങ്ങളുമായി മാറി. കുടുംബക്കൂട്ടായ്മകളും സംഘടനകളും പോലും കേവലം വിശ്വാസത്തിന്റെ മുഖംമൂടിയണിഞ്ഞ മറകളായി പരിണമിച്ചു. ഇതല്ലേ കോവിഡിനു മുന്‍പുള്ള നമ്മുടെ സ്ഥിതി?

മരവിപ്പായി നമ്മെ കീഴ്‌പ്പെടുത്തിയ വിശ്വാസത്യാഗത്തിന്റെ ഈ സ്ഥിതിയില്‍നിന്നും പുറത്തുകടക്കാന്‍ ദൈവം നല്‍കിയ അവസരമാണ് കോവിഡ് തീര്‍ക്കുന്ന വിലക്കുകള്‍. കേവലാചാരങ്ങളില്‍ കുടുങ്ങിയ സഭാജീവിതത്തെ സുഖപ്പെടുത്താന്‍, മറയായി ഉപയോഗിച്ചിരുന്ന ആരാധനയുടെ ആചാരാഘോഷങ്ങളെ താല്‍ക്കാലികമായി അവിടുന്ന് തടസ്സപ്പെടുത്തി.

അതിലൂടെ സഭാജീവിതം കൂടുതല്‍ ഊഷ്മളമായി പുതുക്കിപ്പണിയാന്‍ നമുക്ക് യേശുക്രിസ്തുവില്‍ കഴിയണം. മനുഷ്യജീവിതത്തെ നാനാപ്രകാരങ്ങളില്‍ പരിമിതപ്പെടുത്തുന്ന ഈ ജീവിതസാഹചര്യം പൗരോഹിത്യവും സഭാക്കൂട്ടായ്മയും തമ്മിലുള്ള ബന്ധത്തിന് പുത്തന്‍ സാദ്ധ്യതകളാണ് മുന്നിലുയര്‍ത്തുന്നത്.

ഒറ്റപ്പെട്ടുപോകുന്ന ഈ ജീവിതസാഹചര്യം നമ്മെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളവരായി മാറാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. വീടടച്ച് അതിനകത്ത് ഇരിക്കേണ്ടിവന്നപ്പോഴാണ് കുടുംബങ്ങള്‍ സജീവമായത്.

അങ്ങനെ കുടുംബങ്ങള്‍ വീടിനകത്ത് അടയ്ക്കപ്പെട്ടപ്പോഴാണ് പള്ളിമുറികളില്‍ ഒറ്റപ്പെട്ടു പോയ പുരാഹിതന്‍ വിശ്വാസികളുടെ ഹൃദയത്തില്‍ നൊമ്പരമുണര്‍ത്തിയത്. തങ്ങള്‍ക്കുവേണ്ടി വീടും കുടുംബബന്ധങ്ങളും കൈവിട്ടുപോന്ന അവരുടെ ഒറ്റപ്പെടല്‍ വെറുമൊരു നൊമ്പരമല്ല, ക്രിസ്തുവിനെ അടയാളപ്പെടുത്തുന്ന തിരുമുറിവുകളായി പതിയുകയായിരുന്നു. ക്രിസ്തുവിന്റെ ജീവാര്‍പ്പണത്തിന്റെ ഓര്‍മ്മപുതുക്കലുകളായി അവ നമ്മുടെ മുന്നിലുണ്ട്. തിരുസഭയുടെ ഏറ്റവും പ്രകാശമാനമായ മുഖം തന്നെയാണത്.

ഓണ്‍ലൈന്‍ കുര്‍ബാനയുടെ വൈകാരികാനുഭൂതികൊണ്ട് വിശ്വാസികളുടെ ആത്മാര്‍പ്പണ ത്വരയെ കെടുത്തുന്നതിനു പകരം തങ്ങളുടെ സമര്‍പ്പിത ജീവിതത്തിന്റെ ഉലയില്‍ കാച്ചിയെടുത്ത ഹൃദയസ്പര്‍ശിയായ ഒരു വാക്ക് തങ്ങളുടെ കൈവശമുള്ളത് പുരോഹിതരില്‍ പലരും മറന്നു പോയി.

അങ്ങനെയൊരു ആശ്വാസവാക്ക് വിശ്വാസിയുടെ ഹൃദയത്തില്‍ തീകോരിയിടും. അവര്‍ക്കിടയില്‍ വളരുന്ന ബന്ധം എത്ര ഹൃദയപരമായിരിക്കും? അപ്പോഴാണ് തങ്ങള്‍ക്കു വേണ്ടി സ്വയം ഒറ്റപ്പെട്ട പുരോഹിതന്റെ ജീവിതത്തെക്കുറിച്ച് വിശ്വാസി ചിന്തിക്കുക. അയാളും കുടുംബവും ക്രിസ്തുവിനെ പുരോഹിതനില്‍ കണ്ടുമുട്ടും. ഇത് വിശ്വാസിയില്‍നിന്ന് പുരോഹിതന്‍ അഭിലഷിച്ചേക്കാം. പക്ഷെ, മലമുകളില്‍നിന്നെ അരുവിയൊഴുകൂ എന്ന കാര്യം ഓര്‍ക്കുക.

മറ്റൊന്ന് കുര്‍ബാനയെക്കുറിച്ചാണ്. കുര്‍ബാന നിന്നുപോയി എന്നാണ് പലരുടേയും വിഷമവും വിഷം വമിപ്പിക്കലും. കുര്‍ബാന മറ്റു മതങ്ങളുടെ ആരാധനാചാരങ്ങള്‍ എന്ന പോലെ കണ്ടാല്‍ അങ്ങനെയേ തോന്നു. എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി ക്രിസ്തുവില്‍ ശുശ്രൂഷാ പൗരോഹിത്യത്തിന്റെ ബലിമേശയിലേക്ക് വിളിക്കപ്പെട്ടവരും ജീവിതമര്‍പ്പിച്ചവരുമായ പുരോഹിതരിലൂടെ അത് നിരന്തരമായി സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

കുര്‍ബാന, സുവിശേഷപ്രവര്‍ത്തനം, കാരുണ്യപ്രവൃത്തികള്‍ എന്നിവയെ ഒരേ നിലയില്‍ കാണുകയും ജീവാര്‍പ്പണത്തിന്റെ വേദിയും അനുഭവതലവുമായി മനസ്സിലാക്കുകയും ചെയ്യുന്ന നമ്മള്‍ ഇങ്ങനെ കുര്‍ബാനയെ ചെറുതായി കാണരുതായിരുന്നു. കുര്‍ബാനയുടെ അനു ഭവതലത്തെ ഓണ്‍ലൈന്‍ വൈകാരികതയ്ക്ക് അടിമപ്പെടുത്തരുതായിരുന്നു. ദീര്‍ഘകാലത്തെ അകലം സൃഷ്ടിക്കുന്നതിനെക്കാള്‍ വിശുദ്ധ കുര്‍ബാനയില്‍ നിന്നും ആരാധനയുടെ സജീവതയില്‍ നിന്നും അത് വിമുഖതയ്ക്ക് കാരണമാകുമെന്ന് അറിയാതെ പോയത് ദൗര്‍ഭാഗ്യകരം തന്നെ.

ചരിത്രത്തില്‍ പൂര്‍ത്തിയായ യേശുസംഭവത്തെ ഒരു ഓര്‍മ്മ മാത്രമായി കരുതിയാല്‍ അതിലൊരിക്കലും നമുക്കു പങ്കില്ല. നമുക്ക് പങ്കില്ലാത്തതൊന്നും നമ്മുടെ അനുഭവമാകില്ല. അവിടെയാണ് കാണപ്പെടുന്ന അടയാളങ്ങളിലൂടെ ദൈവകൃപയുടെ സന്നിഹിതമാക്കല്‍ യാഥാര്‍ത്ഥ്യമാകുന്ന കൗദാശികമായ കുര്‍ബാന. കൗദാശികാര്‍പ്പണമാകട്ടെ ജീവിതബലിയാകുന്ന കുര്‍ബാനയെ ക്രിസ്തുയാഗത്തിന്റെ പരിപൂര്‍ണ്ണതയിലേക്ക് കൂട്ടിച്ചേര്‍ത്ത് നമ്മെത്തന്നെ യാഗവും ആരാധനയുമാക്കുന്നു.

വര്‍ത്തമാനകാല പരിതസ്ഥിതികള്‍ കുര്‍ബാനയുടെ വൈകാരികതലം നഷ്ടമാക്കിയിട്ടുണ്ട്. അതു തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളല്ല, ഇല്ലായ്മയുടെ നീറ്റലാണ് ഗുണകരം. ഭൗതികമായ അര്‍പ്പണത്തിന്റെ അടയാളങ്ങളില്‍ നിന്ന് അകന്നിരിക്കുമ്പോഴും നമുക്ക് പകരം നമുക്കു വേണ്ടി ജീവിതം നഷ്ടമാക്കിയ പുരോഹിതന്‍ ബലി മേശയിലുണ്ട്. ദൈവത്തിനും ദൈവജനത്തിനുമിടയില്‍ ജീവാര്‍പ്പണമാകുന്ന ഉപേക്ഷകള്‍ കൊണ്ട് പാലം പണിയുന്ന ക്രിസ്തുവിന്റെ പൗരോഹിത്യത്തിലെ പങ്കുകാര്‍. അങ്ങനെ നാമിപ്പോഴും ബലിമേശയിലാണ്. നമ്മുടെ ജീവിതത്തിന്റെ ക്ലേശങ്ങളും സങ്കടങ്ങളും ബലഹീനതകളും പരാധീനതകളും പരിമിതികളും കുറവുകളും നന്മകളും അവരുടെ ജീവിത സമര്‍പ്പണം വഴിയായി ക്രിസ്തുവിന്റെ ജീവാര്‍പ്പണത്തോടു ചേരുന്നതാണ് കുര്‍ബാനയെന്ന സത്യം ഈ വിപ്രവാസത്തിന്റെ നാളുകളെ കൂടുതല്‍ തീഷ്ണതരമാക്കി മാറ്റുകയാണ് വേണ്ടത്. തുറക്കപ്പെടേണ്ടത് ആരാധനാലയങ്ങളല്ല. ഹൃദയമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org