അടിത്തറ ബലപ്പെടുത്തുക

അടിത്തറ ബലപ്പെടുത്തുക

ഫാ. വര്‍ഗ്ഗീസ് പെരുമായന്‍

നോമ്പിലെ നാലാമത്തെ ആഗ്രഹം ഇതാണ്: "ചെറിയ
കാറ്റില്‍ പ്പോലും ആടിയുലയുന്ന എന്‍റെ ജീവിതഭവനത്തിന്‍റെ
വിശ്വാസ അടിത്തറ ബലപ്പെടുത്തുക."

തന്‍റെ വചനം ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറപ്പുറത്തു ഭവനം പണിതവനു സദൃശനാണെന്നും എന്നാല്‍ വചനം ശ്രവിക്കുക മാത്രം ചെയ്യുന്നവന്‍ മണല്‍പ്പുറത്തു ഭവനം പണിതവനെപ്പോലെയാണെന്നും യേശു പഠിപ്പിച്ചു (മത്താ. 7:24-27). പാറപ്പുറത്തു പണിത ഭവനം വെള്ളപ്പൊക്കത്തെയും കൊടുങ്കാറ്റിനെയും അതിജീവി ച്ചപ്പോള്‍ മണല്‍പ്പുറത്തു നിര്‍മിച്ചതിന്‍റെ വീഴ്ച വലുതായിരുന്നു. ജീവിതഭവനത്തിന്‍റെ അടിത്തറ പണിതതു മണല്‍പ്പുറത്താണെന്നു തിരിച്ചറിയുന്നതു വളരെ വൈകിയാണെങ്കിലോ? ദാമ്പത്യബന്ധവും സമര്‍പ്പിതജീവിതവുമെല്ലാം വളരെ ദുര്‍ബലമായ അടിസ്ഥാനത്തിന്മേലാണു പണിതുയര്‍ത്തിയതെന്നു മനസ്സിലാക്കുന്നതു വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കാം. നിരാശപ്പെടേണ്ടതില്ലെന്നാണു ലോകാത്ഭുതങ്ങളിലൊന്നായ പിസ ഗോപുരത്തിന്‍റെ ചരിത്രം പഠിപ്പിക്കുന്നത്.
ഇറ്റാലിയന്‍ പട്ടണമായ പിസായിലെ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ മണിമാളികയാണു ലോകപ്രസിദ്ധമായ ചെരിയുന്ന പിസാഗോപുരം. അടിത്തറയുടെ നിര്‍മാണത്തില്‍ വന്ന പിഴവാണു ഗോപുരം ചെരിയാന്‍ ഇടവരുത്തിയത്. ബലക്കുറവുള്ള മണ്ണില്‍ വേണ്ടത്ര ആഴത്തിലായിരുന്നില്ല ഗോപുരത്തിന്‍റെ അടിത്തറ നിര്‍മിച്ചത്. ചെരിവ് അപകടകരമായപ്പോള്‍ ലോകപ്രസിദ്ധരായ എന്‍ജിനീയര്‍മാരുടെ സംഘം 20 വര്‍ഷത്തെ പഠനത്തിനുശേഷം ഗോപുരത്തിന്‍റെ അടിത്തറ ബലപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടത്തി. വളരെ വിദഗ്ദ്ധമായി അടിത്തറയില്‍ നടത്തിയ ഇടപെടലിന്‍റെ ഫലമായി ഗോപുരത്തിന്‍റെ ചെരിവു കുറച്ചെങ്കിലും നിവര്‍ത്താനും ഭാവിയില്‍ ചെരിയുന്നതു തടയാനും അവര്‍ക്കു സാധിച്ചു. പിസാഗോപുരം ലോകാത്ഭുതങ്ങളിലൊന്നായി തുടരുന്നു.
രോഗത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പരാജയത്തിന്‍റെയുമെല്ലാം രൂപത്തില്‍ വരുന്ന വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലുമാണു നമ്മുടെ ദൈവ-മനുഷ്യബന്ധങ്ങളുടെ അടിത്തറയുടെ ബലം പരിശോധിക്കപ്പെടുന്നത്. കയ്പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ തക്ക വിശ്വാസത്തിന്‍റെ ആഴം ജീവിതത്തിന്‍റെ അടിത്തറയ്ക്ക് ഇല്ലാത്തതുപോലെ അനുഭവപ്പെട്ടേക്കാം. "ദൈവം ത ന്നു; ദൈവം എടുത്തു; ദൈവത്തിന്‍റെ നാമം മഹത്ത്വപ്പെടട്ടെ" (ജോബ് 1:21) എന്ന ജോബിന്‍റെ മനോഭാവം സ്വന്തമാക്കണമെങ്കില്‍ ജീവിതത്തിനു ശക്തിയുള്ള വിശ്വാസ അടിത്തറ തന്നെ വേണം. വി. പൗലോസ് ശ്ലീഹായെപ്പോലെ ഏതു സാഹചര്യത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ സാധിക്കണമെങ്കില്‍" (ഫിലി. 4:11-12) ആത്മീയജീവിതത്തിന് ഉറച്ച അടിസ്ഥാനം ആവശ്യമാണ്. അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും സുഖഭോഗങ്ങളുടെയുമെല്ലാം മണല്‍പ്പുറത്തു നിര്‍മിച്ച അടിത്തറ, ചെറിയ കാറ്റില്‍പോലും നമ്മുടെ ജീവിതഭവനം തകരാന്‍ കാരണമാകാം.
നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാനം മണലിലാണ് എന്നു തിരിച്ചറിയുമ്പോള്‍ യേശുവിനോടു കൂടുതല്‍ അടുത്ത് അടിത്തറ ബ ലപ്പെടുത്തുകയാണു വേണ്ടത്. ഗോപുരം നിര്‍മിച്ചതിനേക്കാള്‍ ശ്രമകരമായിരിക്കാം ഈ അടിത്തറ ബലപ്പെടുത്തല്‍ പ്രക്രിയ എന്നതും മറക്കരുത്. "പുകഞ്ഞ തിരി കെടുത്തുകയോ ചതഞ്ഞ ഞാങ്കണ ഒടിക്കുകയോ" ഇല്ലാത്ത യേശു (മത്താ. 12:20) ഏതു ദുര്‍ബലമായ ജീവിതാടിത്തറയും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ഉറപ്പാണ്. മഗ്ദലേന മറിയത്തില്‍ നിന്ന് ഏഴു ദുഷ്ടാത്മാക്കളെയാണ് അവന്‍ പുറത്താക്കിയത് (ലൂക്കാ 8:3).
നോമ്പിലെ നാലാമത്തെ ആഗ്രഹം ഇതാണ്: "ചെറിയ കാറ്റില്‍പ്പോലും ആടിയുലയുന്ന എന്‍റെ ജീവിതഭവനത്തിന്‍റെ വിശ്വാസ അടിത്തറ ബലപ്പെടുത്തുക."
യേശുവേ, ജീവിതയാത്രയ്ക്കിടയില്‍ നേരിടേണ്ടിവരുന്ന കാറ്റും വെളളപ്പൊക്കവുമെല്ലാം എന്‍റെ വിശ്വാസഅടിത്തറ എത്രയോ ദുര്‍ബലമാണെന്നു വെളിപ്പെടുത്തിത്തരുന്നു. നീയുമായുള്ള ആഴമായ ബന്ധത്തിലൂടെ എന്‍റെ ജീവിതഅടിത്തറയെ ബലപ്പെടുത്തുവാന്‍ സഹായിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org