ആഗമനകാലം ദൈവത്തിന്റെ അടുപ്പം അനുസ്മരിക്കാനുള്ള സമയം

ആഗമനകാലം ദൈവത്തിന്റെ അടുപ്പം അനുസ്മരിക്കാനുള്ള സമയം

നമ്മുടെ ഇടയില്‍ വസിക്കാന്‍ ഇറങ്ങി വന്ന ദൈവത്തിനു നമ്മോടുള്ള അടുപ്പം അനുസ്മരിക്കാനുള്ള കാലമാണ് ആഗമനകാലം. "കര്‍ത്താവേ, കടന്നു വരേണമേ" എന്ന പരമ്പരാഗത പ്രാര്‍ത്ഥന എല്ലാ ദിവസത്തിന്റേയും തുടക്കത്തില്‍ നമുക്കു ചൊല്ലാവുന്നതാണ്. ഇടയ്ക്കിടെ ആവര്‍ത്തിക്കുകയും ചെയ്യാം. നമ്മുടെ യോഗങ്ങളും പഠനങ്ങളും ജോലിയും തുടങ്ങുന്നതിനു മുമ്പ്, തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ്, അനുദിന ജീവിതത്തിലെ എല്ലാ സുപ്രധാന നിമിഷങ്ങളിലും നമുക്കു പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, കടന്നു വരേണമേ.

ദൈവത്തിന്റെ അടുപ്പത്തിനൊപ്പം നമ്മുടെ ജാഗരൂകതയുടെയും കാലമാണ് ആഗമനകാലം. നാം ജാഗരൂകരായിരിക്കുക പ്രധാനമാണ്. കാരണം, ആയിരം കാര്യങ്ങളില്‍ ആണ്ടുമുങ്ങി, ദൈവത്തെ ശ്രദ്ധിക്കാതിരിക്കുക എന്നതാണ് ജീവിതത്തില്‍ നാം വരുത്തുന്ന വലിയൊരു പിഴവ്. ഞാന്‍ ശ്രദ്ധിക്കാതെ യേശു എന്റെ അരികിലൂടെ കടന്നുപോകും എന്നു താന്‍ ഭയപ്പെടുന്നുവെന്നു വി. അഗസ്റ്റിന്‍ എഴുതിയിട്ടുണ്ട്. നിസ്സാരമായ അനേകം കാര്യങ്ങള്‍ കൊണ്ടു ശ്രദ്ധ വ്യതിചലിച്ചിരിക്കുന്ന നാം സുപ്രധാനമായവയെ കാണാതിരിക്കുകയെന്ന അപകടം പേറുന്നു. അതുകൊണ്ട് കര്‍ത്താവ് നമ്മോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു, ജാഗരൂകരായിരിക്കുക.
ഇപ്പോള്‍ രാത്രിയാണ് എന്നും ഇതിനര്‍ത്ഥമുണ്ട്. വിശാലമായ പകല്‍വെളിച്ചത്തിലല്ല നാമിപ്പോള്‍ കഴിയുന്നത്. മറിച്ച് അന്ധകാരത്തില്‍ ഒരു പ്രഭാതത്തെ കാത്തിരിക്കുകയാണു നാം. പകല്‍ വെളിച്ചം വരികയും നാം കര്‍ത്താവിനെ കാണുകയും ചെയ്യും. നിരാശരാകാതിരിക്കുക. പകല്‍ വരികയും രാത്രിയുടെ നിഴലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. നിരാശയ്ക്കു കീഴ്‌പ്പെടാതെ അവന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുക.

(സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ച ദിവ്യബലിക്കിടയില്‍ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org