Latest News
|^| Home -> Pangthi -> ആ​ഗമനവഴിയിൽ -> ഭൂമിയിലെ മാലാഖമാര്‍

ഭൂമിയിലെ മാലാഖമാര്‍

Sathyadeepam

ആ​ഗമനവഴിയിൽ

സുജമോള്‍ ജോസ്

വാഗ്ദാനങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമായി ദൈവകുമാരന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചതിന്‍റെ ഓര്‍മ്മപുതുക്കല്‍ കാലമാണ് ഇനി നമുക്കു മുന്‍പിലുള്ളത്. പ്രാര്‍ത്ഥനയും ഉപവാസവും പ്രായശ്ചിത്തവും പരിത്യാഗവുമായി കഴിച്ചുകൂട്ടുന്ന പുണ്യദിനങ്ങള്‍.

തിരുപ്പിറവിയെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് നസറത്തിലെ കന്യകയുടെ അടുത്തേയ്ക്ക് ദൈവത്താല്‍ അയയ്ക്കപ്പെടുന്ന ഗബ്രിയേല്‍ ദൂതനാണ്. മംഗളവാര്‍ത്ത അറിയിക്കുന്നതോടൊപ്പം ഭയപ്പെടേണ്ടെന്ന് പറഞ്ഞ് മറിയത്തെ സമാധാനിപ്പിക്കാനും ദൂതന്‍ ശ്രദ്ധിക്കുന്നുണ്ട്. ഗര്‍ഭിണിയായ മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ തയ്യാറായി നില്ക്കുന്ന ജോസഫിന്‍റെ സ്വപ്നത്തിലേയ്ക്കും ദൂതന്‍ കടന്നുചെല്ലുന്നുണ്ട്. അതോടെ ജോസഫിന്‍റെ ഭയാശങ്കകളും ഇല്ലാതാകുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ചുറ്റുമുള്ള എല്ലാവര്‍ക്കും മംഗളവാര്‍ത്തയേകുന്ന നല്ല മാലാഖമാരാകാന്‍ നമ്മെത്തന്നെ ഒരുക്കേണ്ട കാലഘട്ടം കൂടിയാണിത്. മത്സ്യവും മാംസവും വര്‍ജ്ജിച്ച് ദിവസവും ദിവ്യബലിയര്‍പ്പിച്ച്, പ്രാര്‍ത്ഥിച്ച്, ത്യാഗങ്ങള്‍ അനുഷ്ഠിച്ച് രക്ഷകനെ വരവേല്ക്കാന്‍ നാം ഒരുങ്ങുന്നു. എന്നാല്‍ പലപ്പോഴും സദ് വാര്‍ത്തയോതുന്ന സമാശ്വസിപ്പിക്കുന്ന കരുണയുടെ ദൂതന്മാരാകാന്‍ നാം തുനിയുന്നില്ല. മുന്‍പില്‍ നില്‍ക്കുന്ന ഭിക്ഷക്കാരന്‍റെ കണ്ണുകളിലേയ്ക്ക് സ്നേഹത്തോടെ നോക്കി പുഞ്ചിരിതൂകി അവനുവേണ്ടത് നല്കുന്ന ഫ്രാന്‍സിസ് പാപ്പയില്‍ നമുക്ക് കാണാന്‍ കഴിയുന്നത് മംഗളവാര്‍ത്തയായി തീരുന്ന മാലാഖയെയാണ്. ഇത്തരം മാലാഖമാര്‍ കുടുംബത്തിലുണ്ടായെങ്കിലേ നമ്മുടെ കുടുംബത്തിലേയ്ക്ക് രക്ഷകന് കടന്നുവരാന്‍ കഴിയുകയുള്ളൂ. അപ്പന് മംഗളവാര്‍ത്തയോതിനല്കുന്ന അമ്മ മാലാഖയും അമ്മയുടേയും മക്കളുടെയും ഭയാശങ്കകളകറ്റുന്ന അപ്പന്‍മാലാഖയും കുടുംബത്തില്‍ സന്തോഷം വിതറുന്ന മക്കള്‍മാലാഖമാരും ആയിത്തീരുവാന്‍ ഈ പുണ്യനാളുകളില്‍ നമുക്കു കഴിയണം. നോമ്പിന്‍റെ നാളുകളില്‍ ആരുടെയും കുറ്റം പറയാതിരിക്കാന്‍ പരിശീലിപ്പിച്ച ഒരമ്മയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഇരുപത്തിയഞ്ച് നോമ്പിന്‍റെ നാളുകളിലൊന്നില്‍ ആ അമ്മയുടെ മക്കളില്‍ ഒരാള്‍ക്ക് മറ്റൊരു വ്യക്തിയില്‍ നിന്നും വേദനിപ്പിക്കുന്ന വലിയൊരു അനുഭവമുണ്ടായി. തനിക്ക് കൊടിയ വേദനയും ദുഃഖവും സമ്മാനിച്ച ആ വ്യക്തിയെക്കുറിച്ച് മോശമായി ഒരു വാക്കുപോലും പറയാതിരുന്ന ആ മകന്‍ കൂട്ടുകാരെ അതിശയിപ്പിച്ചു. ഒടുവില്‍ ചോദിച്ചപ്പോഴാണ് അറിഞ്ഞത് ആ മകന്‍ അത്തരം ഒരു നോയമ്പിലാണെന്ന്. വീട്ടില്‍ എല്ലാ നോമ്പിനൊപ്പവും അമ്മ നല്കിയ പരിശീലനം. ക്രമേണ ഈ നന്മ ജീവിതത്തിന്‍റെതന്നെ ഭാഗമായിത്തീര്‍ന്നു. അങ്ങനെ ആ മക്കള്‍ കരുണയുടെ മാലാഖമാരായിത്തീര്‍ന്നു. ആ അമ്മ നന്മ പരിശീലിപ്പിച്ച മാലാഖയും.

നമ്മുടെ ഒരു നോക്കിനായി, സ്നേഹത്തോടെയുള്ള ഒരു വാക്കിനായി… ഒരു ചേര്‍ത്തണയ്ക്കലിനായി കാത്തിരിക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അവരെ കണ്ടെത്തുവാനും മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ദൈവമയച്ച ദൂതന്മാരാണ് നമ്മളെന്ന് നാം തിരിച്ചറിയണം. ഒരു ജൂത പഴമൊഴിയുണ്ട് “ദൈവത്തിന് എല്ലായിടത്തും എത്തിച്ചേരാന്‍ സാധിക്കാത്തതുകൊണ്ട് അവിടുന്ന് അമ്മയെ സൃഷ്ടിച്ചുവെന്ന്.” അല്പം ഭേദഗതിയോടെ നമുക്കും പറയാം എന്‍റെ അയല്‍ക്കാരന്‍ കഞ്ഞിവച്ചോ എന്ന് വന്നു നോക്കാന്‍ ദൈവത്തിന് സാധിക്കാത്തതുകൊണ്ട് ദൈവമെന്നെ അവന്‍റെ അയല്‍ക്കാരനാക്കി. എന്‍റെ വീട്ടിലുള്ളവരുടെ കണ്ണുനീരു തുടയ്ക്കാന്‍ ദൈവത്തിന് എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട് അവന്‍ എനിക്ക് കരങ്ങള്‍ നല്കി. അങ്ങനെ ഞാനല്ല എന്നില്‍ ക്രിസ്തുവാണ് ജീവിക്കുന്നതെന്ന് പറഞ്ഞ പൗലോസ് ശ്ലീഹായേപ്പോലെ നമുക്കും പറയാന്‍ സാധിക്കണം ക്രിസ്തു എന്നിലുണ്ടെന്ന്. കരുണയായ് അവതരിച്ചുകൊണ്ട് അവന്‍ നമ്മെയും വിളിക്കുന്നത് അതിനാണ്. കരുണയുടെ മാലാഖമാരാകാന്‍, കരുണയുടെ അവതാരങ്ങളാകാന്‍.

Leave a Comment

*
*