ആഘോഷത്തില്‍ ചലനമറ്റ കാലം

ആഘോഷത്തില്‍ ചലനമറ്റ കാലം

ആഘോഷത്തിന്റെ വരവിലാണു സമയം ആഘോഷത്തിലാകുന്നത്. അവിടെ സമയം കാഴ്ചവയ്പിലാണ്. അതു സമയത്തിന്റെ ഒഴുക്കു പിടിച്ചുനിര്‍ത്തുന്നു. സമയം തങ്ങിനില്ക്കുന്നു, ഒഴുകാതെ. സമയം കണക്കാക്കല്‍ വെടിയുന്നു. ഈ സമയത്തിന്റെ തങ്ങലിലൂടെ മാത്രമായിരിക്കും പരിമിതമായി നമുക്കു നിത്യതയുമായി ബന്ധപ്പെടാന്‍ കഴിയുന്നത്.

സൗന്ദര്യബോധത്തില്‍ ഉപയോഗത്തിന്റെയും ഉപാധികളുടെയും ലോകത്തില്‍നിന്നു പുറത്തുപോകുന്നു. ഉപയോഗിച്ചുതള്ളുന്ന അനുദിനവ്യാപാരത്തില്‍നിന്നു പുറപ്പെട്ടുപോയത് അനുഭവിക്കുന്നതു സൗന്ദര്യത്തിലാണ്. മിഥ്യകള്‍ സ്വാഭാവികമായും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉണ്ടാകും. എല്ലാ മിഥ്യകള്‍ക്കുമപ്പുറം മനുഷ്യന്‍ അനിവാര്യതയുടെ അഭാവങ്ങള്‍ അനുഭവിക്കുന്നു. ഞാന്‍ എന്റെതന്നെ സത്യത്തെ അന്വേഷിച്ചാണു വീടു കണ്ടെത്തുന്നത്. സത്യവും വ്യത്യസ്തവുമായി ഞാന്‍ അംഗീകരിച്ചതില്‍ വീടണയുന്നു. അതു ബുദ്ധിപരമോ യുക്ത്യാധിഷ്ഠിതമോ അല്ലെന്നു തോന്നിയേക്കാം. പക്ഷേ, വ്യവസ്ഥകളില്ലാത്ത വിശ്വാസം യുക്തിയുടെയും മനുഷ്യമഹത്ത്വത്തിന്റെയും കാര്യത്തില്‍ കാണിക്കുന്നു. ഈ വീട്ടില്‍ വിരുന്നു വരുന്നുണ്ടോ? ആഘോഷമാണു വിരുന്നുകാരനായി വരുന്നത്.

സമയത്തിന്റെ തങ്ങിനില്ക്കല്‍ ഉണ്ടാകുന്നത് ആഘോഷം പടികയറി വരുന്നതിലാണ്. വിരുന്നുകാരന്‍ വല്ലപ്പോഴും വരുന്നവനാണ്. അവന്‍ വരുമ്പോള്‍ വിളമ്പലിന്റെ പാത്രങ്ങള്‍ മാറുന്നു. വിരുന്നുകാര്‍ക്കു മാത്രമായി സൂക്ഷിക്കുന്ന വിലപിടിച്ച പാത്രങ്ങള്‍ പ്രത്യക്ഷമാകുന്നു. പാകം ചെയ്യല്‍ വിരുന്നിന്റെ പ്രധാന പരിപാടിയാകുന്നു. മിതത്വം നാടു വിടുന്നു. എല്ലാം അധികത്തില്‍ കടന്ന് ആഘോഷിക്കുന്നു. പാട്ടും ആട്ടവും ചിരിയും വര്‍ത്തമാനവും സമയത്തെ പിടിച്ചുനിര്‍ത്തുന്നതായി അറിയുന്നു. സമയം പോകുന്നത് അറിയുന്നേയില്ല. ലോകം എങ്ങനെയായിരിക്കുന്നു എന്നതല്ല ആഘോഷത്തിന്റെ കാരണം. ലോകം ഉണ്ടാക്കുന്ന വെളിപാടിലാണ് ആഘോഷം. തന്നെത്തന്നെ മറന്നു മറ്റൊന്നില്‍ നിര്‍ലീനമാകുമ്പോള്‍ നാം കലയിലും കളിയിലും അനുഷ്ഠാനത്തിലും സൗന്ദര്യാനുഭവത്തിലുമാണ്. സമയം തങ്ങിനില്ക്കുന്നു എന്നത് എന്താണ് അര്‍ത്ഥമാക്കുക? സത്യത്തില്‍ സമയത്തിന്റെ സത്യമാണു വെളിവാകുന്നത്. അതു ചരിത്രത്തിന്റെ ഒഴുക്കു നിലച്ചതല്ല. അതാണു ശരിയായ സമയം. ഈ സമയമാണു വെളിപാടിന്റെ നേരം. കടന്നുപോകുന്ന സമയത്തില്‍നിന്നു ഭിന്നമായി ഇതു വിശുദ്ധ സമയമാണ്. കാലാതിവര്‍ത്തിയായ കല വിശുദ്ധ സമയത്തിന്റെ തങ്ങിനില്പു ഉണ്ടാക്കുന്നു. കലയുടെ വിശുദ്ധ കേളികള്‍ ലോകത്തിന്റെ നിത്യലീലയുടെ അകന്ന അനുകരണമാണ് – നിത്യമായ സ്വയം സൃഷ്ടിയായ കല. കലാപരമായ മനോഭാവം എന്നാല്‍ അറിയുന്നതില്‍ കൂടുതല്‍ അറിയലാണ്. അസ്തിത്വ സംഭവത്തിന്റെ സത്താപരമായ കേളിയുടെ കളി. വിശുദ്ധമായ സമയം കൊണ്ടുവരുന്നത് ആഘോഷമാണ്.

ആഘോഷം ജീവിക്കുന്ന ധാര്‍മികവും ആത്മീയവുമായ സത്യമാണ് ആഘോഷിക്കുന്നത്. അപ്പോള്‍ സ്വയം മറന്ന് ഏതോ സാന്നിദ്ധ്യത്തിന്റെ വെളിപാടിലാകുന്നു. അതു വെളിപാടായതുകൊണ്ടു മനഃസാക്ഷിയുടെയുമാണ്. കല വെറും വിനോദമല്ല. അതില്‍ വിശുദ്ധമായ ഗൗരവമുണ്ട്. അതുകൊണ്ട് ഏതു കലാരൂപത്തിനും വിശുദ്ധിയുണ്ട്; ഏതു കലാരൂപവും അശുദ്ധിക്കെതിരായ പ്രതിഷേധവുമാണ്. കലയ്‌ക്കെതിരായ നടപടി വിശുദ്ധിക്കെതിരുമാണ്. പഴമയെ ഓര്‍മയിലേക്കും വര്‍ത്തമാനത്തിലേക്കും പേറുമ്പോള്‍ ഓര്‍മപ്പെടുത്തുന്നതു ഭക്തിയുടെ രൂപങ്ങളായി മാറും. ഏതോ പുതുതായി ഇടിച്ചുകയറി വന്ന് ആനന്ദം ഉളവാക്കുന്നു. പിറന്നാളായും കല്യാണമായും പല രൂപഭാവങ്ങളില്‍ വരുന്നത് അത്ഭുതബോധവും ആഘോഷവുമാണ്. എല്ലാം മറന്ന ആശ്ചര്യം. അതിനു പിന്നിലുള്ള കാരണങ്ങള്‍ മിഥ്യയായി തള്ളാം. പക്ഷേ, അത് ആഘോഷം കൊണ്ടുവരുന്നു; അതു വിവരിക്കാനാവാത്തതിലേക്കു ചൂണ്ടുന്നു. ആത്യന്തികമായ ഒരു ആവശ്യത്തിന്റെ പൂര്‍ത്തീകരണമാണു മഹത്തായ കല നിര്‍വഹിക്കുന്നത്. ആത്മാവിന്റെ ആവശ്യങ്ങളാണു പരമപ്രധാനം. ആത്മാവിന്റെ വേദനയില്‍നിന്നുമാണ് ഈ കലാരൂപങ്ങള്‍ ഉണ്ടാകുന്നത്.

കല മരിക്കുന്നത് അതുവൈകാരികതൃപ്തിയില്‍ മാത്രം മുഴുകുമ്പോഴാണ്. സമയത്തിന്റെ തങ്ങിനില്പില്‍ ദൈവികതയും സത്യവും കലയുമുണ്ട് – അതു നിത്യതയുടെ രൂപകവുമാണ്. വൈകാരികതയില്‍മാത്രം നിലനിന്നാല്‍ കല വിനോദമായി പരിണമിക്കുന്നു. വാതുവച്ച കുതിര ജയിക്കാനുള്ള മോഹത്തില്‍ കുതിരപന്തയവും വെറും സാംസ്‌കാരിക വ്യവസായമാകും. തന്നെത്തന്നെ മറന്ന കലാരൂപത്തില്‍ ആഴ്ന്നുപോകുന്നവന്‍ മാത്രമാണു കല ആസ്വദിക്കുന്നത്. കല കുറച്ചു പേരുടെ മാത്രം ആസ്വാദനവിഷയമാകുമ്പോള്‍ അതു ചിലരുടെ മാത്രം വിശ്രമത്തിനും വിനോദത്തിനും മാത്രമുള്ളതായി മാറുന്നു. അറിയാനാകാത്തതെങ്കിലും ഉറപ്പായതുമായ വിശ്വാസത്തിന്റെ ആഘോഷമാണ് അനുഷ്ഠാനങ്ങള്‍, സത്യം കഥയല്ല, അതു കാണിക്കുന്ന കലയായി അനുഷ്ഠാനങ്ങള്‍ മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org